ഓപ്പറേഷന്‍ കുബേര: 75 പേര്‍ അറസ്റ്റില്‍

operation kubera

കൊള്ളപ്പലിശക്കാരുടെ വീടുകളിലും അനധികൃത പണമിടപാട് സ്ഥാപനങ്ങളിലും സംസ്ഥാന വ്യാപകമായി പോലീസ് മിന്നല്‍ പരിശോധന നടത്തി. ബ്ലേഡ് പലിശക്കാരുടെ ഭീഷണിയെത്തുടര്‍ന്ന് തിരുവനന്തപുരം പേരൂര്‍ക്കടയ്ക്ക് സമീപം അഞ്ചംഗ കുടുംബം ജീവനൊടുക്കിയ സംഭവത്തെത്തുടര്‍ന്നായിരുന്നു ഓപ്പറേഷന്‍ കുബേരന്‍ എന്ന പേരില്‍ പോലീസ് നടപടി.

കുപ്രസിദ്ധ ഗുണ്ടകളും സ്ത്രീകളും അടക്കം 75 പേരെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം, ആലപ്പുഴ ജില്ലകളില്‍ നിന്നാണ് മൂന്ന് സ്ത്രീകളെ പോലീസ് പിടികൂടിയത്. 50,60, 475 രൂപയും പിടിച്ചെടുത്തിട്ടുണ്ട്. മൊത്തം 1032 സ്ഥാപനങ്ങളിലായിരുന്നു പരിശോധന. കൊള്ളപ്പലിശയ്ക്കു പണം കടംകൊടുത്തതുമായി ബന്ധപ്പെട്ട് വിവിധ പോലീസ് ജില്ലകളിലായി കേരള മണി ലെന്‍ഡേഴ്‌സ് ആക്ട് പ്രകാരം 125 കേസുകള്‍ റജിസ്റ്റര്‍ ചെയ്തു.

പാലക്കാട് ജില്ലയില്‍ പണമിടപാടിന് ഉപയോഗിച്ചിരുന്ന എട്ടുകാറുകളും രണ്ട് ബൈക്കുകളും പോലീസ് കണ്ടെടുത്തു. പണം കടം കൊടുത്തതിന്റെ രേഖകള്‍, ബ്ലാങ്ക് ചെക്കുകള്‍, ഭൂമിയുടെ പ്രമാണവും കരം അടച്ച രസീതും ഉള്‍പ്പെടെയുള്ള രേഖകള്‍, കരാര്‍ എഴുതിയ പേപ്പറുകള്‍, വെള്ളക്കടലാസില്‍ ഒപ്പിട്ട രേഖകള്‍, വാഹനങ്ങളുടെ ആര്‍.സി. ബുക്കുകള്‍ എന്നിവയും വിവിധ ജില്ലകളില്‍ നിന്ന് പിടിച്ചെടുത്തവയില്‍പ്പെടുന്നു. സംസ്ഥാന പോലീസ് മേധാവി കെ.എസ്. ബാലസുബ്രമണ്യം, ഇന്റലിജന്‍സ് മേധാവി എ. ഹേമചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

ശനിയാഴ്ചയാണ് പേരൂര്‍ക്കട കിഴക്കേ മുക്കോലയില്‍ അഞ്ചംഗകുടുംബത്തെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടത്. കടബാധ്യതയും ബ്ലേഡ് മാഫിയായുടെ ഭീഷണിയുമാണ് മരണകാരണമെന്നാണ് പോലീസ് നിഗമനം. മുതലും പലിശയും നല്കിയെങ്കിലും മാഫിയ സംഘം ഭീഷണിപ്പെടുത്തുന്നതായി ആത്മഹത്യാക്കുറിപ്പില്‍ എഴുതിയിരുന്നു. സംഭവത്തില്‍ യുവതി അടക്കം ബ്ലേഡ്മാഫിയ സംഘത്തിലെ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ജില്ലയില്‍ 15 പേരെയാണ് പോലീസ് പിടികൂടിയിട്ടുള്ളത്. 3,25,000 രൂപയും പിടിച്ചെടുത്തു. 99 കേന്ദ്രങ്ങളില്‍ നടന്ന റെയ്ഡിനെത്തുടര്‍ന്ന് 23 കേസുകളും രജിസറ്റര്‍ ചെയ്തു. ജില്ലയില്‍ കുപ്രസിദ്ധ ഗുണ്ട ബോംബ് കണ്ണന്‍ എന്ന സതീഷ് അടക്കം 15 പേരെയാണ് അറസ്റ്റു ചെയ്തത്.
കൊല്ലം നഗരത്തില്‍നിന്ന് മാത്രം രണ്ട് പേരെ പിടികൂടി. 49 പരിശോധനകള്‍ നടത്തി. ഏഴ് കേസുകളും രജിസ്റ്റര്‍ ചെയ്തു. റൂറലില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 2,23,000 രൂപയും പിടികൂടി. 42 പരിശോധനകള്‍ നടത്തിയതില്‍ നാല് കേസുകളും രജിസ്റ്റര്‍ ചെയ്തു.
ആലപ്പുഴ ജില്ലയിലെ മാരാരിക്കുളം, കായംകുളം, ചെങ്ങന്നൂര്‍, ചേര്‍ത്തല, ആലപ്പുഴ, ഹരിപ്പാട് എന്നിവിടങ്ങളില്‍ നിന്ന് രണ്ട് സ്ത്രീകള്‍ അടക്കം 9 പേരെ അറസ്റ്റ് ചെയ്തു. 97 ഇടത്ത് പരിശോധന നടത്തി. എട്ടുലക്ഷം രൂപയും പിടികൂടി. 15 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ആലുവയില്‍ നടന്ന പരിശോധനയില്‍ വാഹനങ്ങളുടെ ആര്‍.സി. ബുക്കുകളും ഒരു ലക്ഷം രൂപയും പിടിച്ചെടുത്തു. എറണാകുളം ജില്ലയില്‍ 50 സ്ഥലങ്ങളിലായിരുന്നു പരിശോധന. അഞ്ച് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്

കോട്ടയം ജില്ലയില്‍ 74 ഇടങ്ങളില്‍ പരിശോധന നടന്നു. പാല, ചങ്ങനാശ്ശേരി എന്നിവിടങ്ങളില്‍ നിന്നായി മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. അഞ്ച് കേസുകളും എടുത്തു. തൃശ്ശൂരില്‍ ഇരിങ്ങാലക്കുടയില്‍ നിന്ന് പത്ത് ലക്ഷം രൂപയും വെങ്കിടങ്ങില്‍ നിന്ന് ഒരു ലക്ഷം രൂപയും പിടികൂടി. രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കോഴിക്കോട് ജില്ലയില്‍ 53 ഇടങ്ങളില്‍ പരിശോധന നടന്നു. പാലക്കാട് ജില്ലയില്‍ പലഭാഗങ്ങളില്‍ നിന്നായി 3,19,670 രൂപ പിടിച്ചെടുത്തു. 108 സ്ഥലങ്ങളില്‍ നടന്ന പരിശോധനകളില്‍ എട്ടുപേരെ അറസ്റ്റ് ചെയ്തു. പത്ത് കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കണ്ണൂരില്‍ 31 സ്ഥലങ്ങളില്‍ പരിശോധനനടന്നു. ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മലപ്പുറം ജില്ലയില്‍ 48 പരിശോധനകള്‍ നടത്തി. മലപ്പുറം, തിരൂര്‍, തിരൂരങ്ങാടി ഭാഗത്തായിരുന്നു പരിശോധന. മൂന്നുകേസുകളും രജിസ്റ്റര്‍ ചെയ്തു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close