ഓറഞ്ച് “അട്ടി മറിയുമോ ?”

മരണക്കയം കടന്നെത്തിയവരുടെ മരണക്കളിയാണ് അവസാന ക്വാര്‍ട്ടര്‍ ഫൈനല്‍. ഗ്രൂപ്പ് ഘട്ടത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടം കഴിഞ്ഞാണ് ഹോളണ്ടും കോസ്റ്റാറിക്കയും അവസാന എട്ടിലെത്തിയത്. ലോകചാമ്പ്യന്‍മാരായ സ്പെയ്നും ചിലിയും ഓസട്രേലിയയും ഉയര്‍ത്തിയ വെല്ലുവിളി അതിജീവിച്ചാണ് ഹോളണ്ടിന്റെ വരവ്. മൂന്ന് മുന്‍ ലോകചാമ്പ്യന്‍മാരെ നാണം കെടുത്തിയവരാണ് കോസ്റ്റാറിക്ക. പ്രീക്വാര്‍ട്ടറില്‍ മെക്സിക്കോയുടെ കടുത്ത മത്സരം മറികടന്ന ഓറഞ്ചുകാര്‍ തികഞ്ഞ ആത്മവിശ്വാസത്തിലാണ്. എന്നാല്‍ കോസ്റ്റാറിക്കക്ക് കിട്ടിയ ഏറ്റവും ചെറിയ എതിരാളികള്‍ പ്രീ ക്വാര്‍ട്ടറിലായിരുന്നു. ഷൂട്ടൗട്ടിലേക്ക് നീണ്ടെങ്കിലും അട്ടിമറി വീരന്‍മാര്‍ എതിരാളികള്‍ക്ക് പേടി സ്വപ്നം തന്നെയാണ്.

ടൂര്‍ണമെന്റില്‍ മിന്നുന്ന ഫോമിലുള്ള ആര്യന്‍ റോബന്‍ റോബിന്‍ വാന്‍പേഴ്സി കൂട്ടുകെട്ടാണ് ഹോളണ്ടിന്റെ ശക്തി. സ്നൈനഡല്‍ കൂടി സ്കോറിംഗ് തുടങ്ങിയതോടെ ഓറഞ്ച് നീരിന് രുചി കൂടും. എന്നാല്‍ മധ്യ നിരയില്‍ ഡിജോംഗിന്റെ അസാന്നിധ്യം അവര്‍ക്ക് പ്രശ്നങ്ങള്‍ സൃഷ്ടിക്കും-4-3-3 ശൈലിയിലോ 5-3-3 ശൈലിയിലോ ആകും വാര്‍ഗാന്‍ ടീമിനെ വിന്യസിക്കുക.

ആദ്യ മത്സരത്തില്‍ സ്പെയിനിനെതിരെ 5-3-3 ശൈലിയിലായിരുന്നു ഹോളണ്ട് കളിച്ചത്. എന്നാല്‍ ആക്രമണത്തിന് കൂടുതല്‍ കരുത്ത് നല്‍കി 4-3-3 ശൈലി കോസ്റ്റാറിക്കയ്ക്കെതിരെ പ്രയോഗിക്കാനാണ് സാധ്യത. ഗോള്‍ കീപ്പര്‍ കീലര്‍നവാസിന്റെ പരിക്കാണ് കോസ്റ്റാറിക്കയെ അലട്ടുന്നത്. ഗ്രീസിനെതിരെ ജയം സമ്മാനിച്ച നവാസ് ഇതുവരെ പരിശീലനത്തിനിറങ്ങിയിട്ടില്ല. നവാസ് കളിയ്ക്കുന്ന കാര്യംഅന്തിമ നിമിഷമേ ഉറപ്പിക്കൂവെന്നാണ് ടീം അധികൃതര്‍ വ്യക്തമാക്കിയത്.

ജോയല്‍ കാംപെലും ബ്രയാന്‍ റൂയിസുമാണ് കോസ്റ്റാറിക്കുടെ ആക്രമണം നയിക്കുന്നത്. തുടക്കത്തില്‍ ഒരു ഗോള്‍ നേടാനായാല്‍ പ്രതിരോധത്തിലേക്ക് വലിഞ്ഞ് ഹോളണ്ടിനെ കുരുക്കാനാകും കോസ്റ്റാറിക്കയുടെ ശ്രമം. രാത്രി 1.30ന് സാല്‍വദോറിലാണ് മത്സരം.

Show More

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close