ഓഹരി വിപണിയില്‍ ഇടിവ്
ഓഹരി വിപണിയില്‍ വന്‍ ഇടിവ്.
ഇറാക്കിലെ ആഭ്യന്തര കലാപത്തെത്തുടര്‍ന്നു രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുത്തനേ കൂടിയതാണ് ഇന്ത്യന്‍ വിപണിയില്‍ പ്രതിഫലിച്ചത്. ഓയില്‍ കമ്പനികളുടെ ഓഹരികളില്‍ കനത്ത ഇടിവുകണ്ടു. ബിഎസ്ഇയില്‍ 2.5 ശതമാനത്തോളമാണ് ഇടിവ്. ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്പ്പറേഷന് ലിമിറ്റഡിന്റെ ഓഹരികളില്‍ 9.3 ശതമാനവും ഐഒസിയില്‍ 8.9 ശതമാനവും ബിപിസിഎല്ലില്‍ ഏഴു ശതമാനവും നഷ്ടമുണ്ടായി.
വന്‍ മുന്നേറ്റത്തിനു ശേഷമാണ് ഓഹരി വിപണിയില്‍ ഇപ്പോള്‍ ഇടിവുണ്ടായിരിക്കുന്നത്. പുതിയ സര്‍ക്കാര്‍ അധികാലത്തിലെത്തിയതോടെ സാമ്പത്തിക രംഗം ശക്തിപ്രാപിക്കുന്നവെന്നതിന്റെ സൂചനകള്‍ നല്കി രാജ്യത്തേക്ക് വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ വന്‍തോതില്‍ നിക്ഷേപം നടത്തിയിരുന്നു. ഇതോടെ സര്‍വകാല റെക്കോഡും ഭേദിച്ച് സെന്‍സെക്സും നിഫ്ടിയും കഴിഞ്ഞയാഴ്ച മുന്നേറിയിരുന്നു. ഇതിനിടെയാണ് ഇറാക്കിലെ ആഭ്യന്തര കലാപം ഇപ്പോള്‍ വിപണിക്കു തിരിച്ചടിയായിരിക്കുന്നത്. ഓയില്‍ കമ്പനികള്‍ക്കു നഷ്ടമുണ്ടാകുന്നതു രാജ്യത്ത് ഇന്ധന വില വര്ധിക്കുന്നതിനിടയാക്കിയേക്കുമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.
മുംബൈ സൂചികയില്‍ റിയാല്‍റ്റി, ഉപഭോക്തൃ ഉത്പന്നങ്ങള്‍, പവര്‍, മെറ്റല്‍, ഐടി ഓഹരികളിലും ഇടിവുണ്ടായി. ആക്സിസ് ബാങ്ക്, ബജാജ് ഓട്ടോ, ഭാരതി എയര്‍ടെല്‍, സിപ്ല, ഹീറോ മോട്ടോകോര്‍പ്പ്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ഹിന്‍ഡാല്‍കോ, ഐസിഐസിഐ ബാങ്ക്, മാരുതി സുസുക്കി, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എസ്ബിഐ, ടിസിഎസ്, വിപ്രോ തുടങ്ങിയ ഓഹരികളില്‍ ഇടിവുകണ്ടു.