കടമ്മനിട്ടക്കാവില്‍ വലിയപടേനി ഇന്ന്

കാലദോഷങ്ങള്‍ അകറ്റി ഐശ്വര്യം നിറയ്ക്കാന്‍ കടമ്മനിട്ടക്കാവിലെ പടേനിക്കളത്തില്‍ തിങ്കളാഴ്ച രാത്രി കോലങ്ങള്‍ ഉറഞ്ഞുതുള്ളും. ചൊവ്വാഴ്ച പുലരുംവരെ നീളുന്ന വലിയപടേനിയുടെ അനുഗ്രഹമേല്‍ക്കാന്‍ ഭഗവതിക്കുമുന്നിലേക്ക് ദേശങ്ങള്‍താണ്ടി ഭക്തരെത്തിത്തുടങ്ങി. തിങ്കളാഴ്ച രാത്രി പതിനൊന്നരയോടെ കോലങ്ങളുടെ എതിരേല്പ് നടക്കും. ചൂട്ടുകറ്റകളും തപ്പുതാളവുമായി കരക്കാര്‍ ഒത്തുചേര്‍ന്നാണ് കോലങ്ങളുടെ വലിയകാപ്പൊലിക്കല്‍. തുടര്‍ന്ന് താവടിപുലവൃത്തം, വിേനാദം, കുറത്തി, കുതിര, നായാട്ടും പടയും എന്നിവ രംഗത്തെത്തും.

കുരുത്തോല മെടഞ്ഞുകെട്ടിയ കുതിരക്കോലം തള്ളിമാറ്റുന്നതോടെ നായാട്ടും പടയും തുടക്കമായി.
ആഴികൊളുത്തിയും ബഹളമുണ്ടാക്കിയും വിളകളെ രക്ഷിച്ച് ജീവരക്ഷ നടത്തിയിരുന്ന പൂര്‍വികരുടെ നായാട്ടിന്റെ അനുകരണമാണ് നായാട്ടും പടയും. പടേനിക്കളത്തില്‍ കുറ്റിച്ചെടികള്‍ നിറയ്ക്കും. മൃഗരൂപങ്ങള്‍ പാളകളിലുണ്ടാക്കും. വനാന്തരീക്ഷത്തില്‍ നായാട്ടുവിളി തുടങ്ങുന്നതോടെ മൃഗങ്ങള്‍ കളംവിടും.

നായാട്ട് കഴിയുന്നതോടെ പാളക്കോലങ്ങള്‍ കളത്തിലേക്കെത്തുകയായി. ഗണപതി, മറുത, മാടന്‍, അരക്കയക്ഷി, ആന്തരയക്ഷി, പക്ഷിക്കോലം, സുന്ദരയക്ഷി, കാഞ്ഞിരമാല, ഭൈരവി, കാലന്‍കോലം എല്ലാം ക്രമത്തില്‍ കളത്തിലെത്തി തുള്ളിയുറയും.
കുട്ടികളിലെ പക്ഷിദോഷമകറ്റാന്‍ കടമ്മനിട്ടക്കാവിലെ പക്ഷിക്കോലം പ്രാധാന്യമേറിയതെന്നാണ് വിശ്വാസം.
101 പാളയിലെഴുതിയ വലിയഭൈരവിയും കാഞ്ഞിരമാലയും സുന്ദരയക്ഷിയും കളത്തില്‍ നിറഞ്ഞുതുള്ളും. ഭൈരവിക്ക് കാതില്‍ ആനയും സിംഹവുമെങ്കില്‍, കാഞ്ഞിരമാലയ്ക്ക് കാതില്‍ പൂവാണുള്ളത്.

ഭൈരവിയും കാഞ്ഞിരമാലയും തുള്ളിയൊഴിയുമ്പോഴേക്കും പുലര്‍ച്ചെയുടെ സൂചനകളാകും. തുടര്‍ന്നാണ് പൂപ്പടവാരല്‍.
പൂക്കളും തൂപ്പും കുരുത്തോലയും ചേര്‍ന്നാണ് പൂപ്പട. ഇതിനുമുന്നില്‍ നാടിന്റെ പ്രതിനിധിയായിരിക്കുന്ന പിണിയാള്‍ ഉടുക്കും ഇലത്താളവും കൊട്ടി ചാട്ട് തുടങ്ങുമ്പോള്‍ തുള്ളിത്തുടങ്ങും. ആര്‍പ്പുവിളിയും കുരവയും ആവേശം തീര്‍ക്കുമ്പോള്‍ പൂപ്പട വാരിയെറിഞ്ഞ് ഉറഞ്ഞുതുള്ളും.

പൂപ്പടവാരല്‍ പൂര്‍ത്തിയാകുന്നതോടെ കരവഞ്ചിയിറക്കും. കരക്കാരൊത്തുചേര്‍ന്ന് കാവിലമ്മയുടെ നടയ്ക്കിരുവശവും വലിയ ചുണ്ടന്‍വള്ളത്തിന്റെ ആകൃതിയില്‍നിന്ന് സ്തുതിച്ചുപാടി ഐശ്വര്യകാരിണിയായ ഭഗവതിയെ ശ്രീകോവിലിലേക്ക് എതിരേല്‍ക്കും.
അപ്പോഴേക്കും ദേവീസാന്നിധ്യമുള്ള കളത്തട്ടില്‍ തട്ടിന്മേല്‍ കളിതുടങ്ങും. കിഴക്കോട്ട് നിന്ന് ഗണപതിയും പടിവടവും ചവിട്ടി ശിവ-ദേവീ സ്തുതികള്‍ പാടി തുള്ളുന്നതോടെ വലിയപടേനി പൂര്‍ണമാകും. ചൊവ്വാഴ്ച ഭഗവതിക്ക് പള്ളിയുറക്കമാണ്. ബുധനാഴ്ച പകല്‍ പടേനിയോടെ ഒരു കടമ്മനിട്ടപ്പടേനിക്കാലംകൂടി സമാപിക്കും.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close