കനത്തമഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യത: സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദ്ദേശം

rain

വെള്ളിയാഴ്ചവരെ കേരളത്തില്‍ കനത്തമഴയ്ക്കും വെള്ളപ്പൊക്കത്തിനും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി. മലയോരങ്ങളില്‍ മണ്ണിടിച്ചിലിന് സാധ്യതയുണ്ട്. കടല്‍ പ്രക്ഷുബ്ധമാവും. ഇടിമിന്നലും ഉണ്ടാവും. ചിലസ്ഥലങ്ങളില്‍ 13 സെന്‍റീമീറ്റര്‍വരെ മഴ പെയ്യാം. ഇത് വലിയ വെള്ളപ്പൊക്കത്തിന് കാരണമാവും. തിങ്കളാഴ്ചയും പലേടത്തും കനത്തമഴ പെയ്തിരുന്നു.

ദുരന്തങ്ങള്‍ ഒഴിവാക്കാന്‍ സംസ്ഥാനത്തെങ്ങും ജാഗ്രതാനിര്‍ദ്ദേശം നല്‍കിയതായി ദുരന്തനിവാരണത്തിന് നേതൃത്വം നല്‍കുന്ന സ്റ്റേറ്റ് എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്റര്‍ മേധാവി ഡോ.ശേഖര്‍ കുര്യാക്കോസ് പറഞ്ഞു. മലയോരമേഖലയില്‍ ആളുകളെ ഒഴിപ്പിക്കേണ്ടിവന്നാല്‍ അവരെ താമസിപ്പിക്കുന്നതിനുള്ള കേന്ദ്രങ്ങള്‍ തയ്യാറാക്കാന്‍ തഹസില്‍ദാര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. അരുവികള്‍ക്കും നദികള്‍ക്കും സമീപം വിനോദസഞ്ചാരികള്‍ എത്തുന്നത് ഒഴിവാക്കാന്‍ വനം, ടൂറിസം വകുപ്പുകളോട് ആവശ്യപ്പെട്ടു. മലവെള്ളപ്പാച്ചിലിന് സാധ്യതയുള്ളതിനാല്‍ മലയോരത്ത് അരുവികളിലും നദികളിലും കുളിക്കുന്നത് ഒഴിവാക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

കന്യാകുമാരിക്ക് തെക്ക് കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതാണ് മഴ കനക്കാന്‍ കാരണം. ന്യൂനമര്‍ദം വടക്കോട്ടുനീങ്ങി അറബിക്കടലിലേക്ക് പോകും. വടക്കോട്ടുള്ള ഈ നീക്കം കേരളത്തില്‍ പരക്കെ മഴയ്ക്ക് കാരണമാവും. ബുധനും വ്യാഴവും തിരുവനന്തപുരം മുതല്‍ പാലക്കാടുവരെയുള്ള ജില്ലകളില്‍ കനത്തമഴ പെയ്യും. വ്യാഴാഴ്ചയും വെള്ളിയാഴ്ചയും വടക്കന്‍ ജില്ലകളില്‍ മഴ ശക്തമാവും. പത്താംതീയതിയോടെ മഴ കുറയുമെന്നാണ് ഇപ്പോഴത്തെ സൂചനയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഡയറക്ടര്‍ കെ.സന്തോഷ് പറഞ്ഞു.

ഏഴ് സെന്റീമീറ്റര്‍വരെ മഴപെയ്താല്‍ത്തന്നെ കേരളത്തില്‍ വെള്ളപ്പൊക്കം ഉണ്ടാവും. എന്നാല്‍ പലേടത്തും 13 സെന്റീമീറ്റര്‍വരെ പെയ്യാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കാറ്റിന്റെ വേഗം 55 കിലോമീറ്റര്‍വരെയാവാം. മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close