കനത്ത മഴ: മൂന്നുപേര്‍ മരിച്ചു; ആറുപേരെ കാണാതായി

കാലവര്‍ഷം കലിതുള്ളി പെയ്യവേ സംസ്ഥാനത്ത് ഒന്നരവയസുകാരിയടക്കം മൂന്നു പേര്‍ ഒഴുക്കില്‍പ്പെട്ടു മരിച്ചു. ആറു പേരെ കാണാതായി. മിക്ക പുഴകളും നിറഞ്ഞൊഴുകുകയാണ്. ഡാമുകള്‍ നിറഞ്ഞു. വാഹന, ട്രെയിന്‍ ഗതാഗതത്തിനു ചിലയിടങ്ങളില്‍ തടസമുണ്ടായി. എല്ലാ ജില്ലകള്‍ക്കും ജാഗ്രതാനിര്‍ദേശം നല്‍കി.

പാലക്കാട് മുണ്ടൂര്‍ എഴക്കാട് നാരകശ്ശേരി എരത്തന്‍തോട് ബിജുവിന്റെ മകള്‍ അമിത (ഒന്നര) വീട്ടുമുറ്റത്തു കളിച്ചുകൊണ്ടിരിക്കേ തൊട്ടടുത്ത കൈത്തോട്ടിലും കാസര്‍കോട് ഉപ്പള ചിപ്പാര്‍ അമേരിയില്‍ പരേതനായ സീന മൂല്യയുടെ ഭാര്യ ദേവകി (50) വീടിനടുത്തുള്ള തോട്ടിലും ഒഴുക്കില്‍പ്പെട്ടു മരിച്ചു. കനത്തമഴയില്‍ പുലര്‍ച്ചെ വീടിന്റെ ചുമരിടിഞ്ഞു വീണാണു കര്‍ഷകത്തൊഴിലാളി പാലക്കാട് കോട്ടായി ഓടനിക്കാട് സുബ്രഹ്മണ്യന്‍ (45) മരിച്ചത്.

കാസര്‍കോട് കാഞ്ഞങ്ങാട് രാവണീശ്വരം കൊട്ടിലങ്ങാട്ടെ രാജേന്ദ്രന്‍(42), കൊന്നക്കാട്ടെ നിട്ടടുക്കന്‍ കുഞ്ഞിക്കണ്ണന്‍(76), മടിക്കൈ ഏച്ചിക്കാനത്തെ ഉണ്ണികൃഷ്ണന്‍(25), പാലക്കാട് വടക്കഞ്ചേരി കിഴക്കഞ്ചേരി ഏളവമ്പാടം മണ്ണടിയില്‍ കണ്ണുമണി(90), കണ്ണൂര്‍ ഇരിട്ടിക്കു സമീപം കീഴ്പ്പള്ളി കോഴിയാട് സുഹൈലിന്റെ മകള്‍ ദിയ (ഒന്നര) എന്നിവരെയാണു കാണാതായത്. തൃശൂര്‍ ചാവക്കാട് പഞ്ചവടിയില്‍ കടലില്‍ മത്സ്യബന്ധനവഞ്ചി മറിഞ്ഞ് കൊല്ലം കരുനാഗപ്പള്ളി സ്വദേശി ആലപ്പാട് അഞ്ജലി ഭവനത്തില്‍ അശോകനെ (44)യും കാണാതായി.

കാസര്‍കോട് ദേശീയപാതയില്‍ ചെറുവത്തൂര്‍ വീരമലക്കുന്നിനു സമീപം പാറ വീണ് ഗതാഗതം തടസ്സപ്പെട്ടു. സകാഞ്ഞങ്ങാട്, നീലേശ്വരം ഭാഗങ്ങളില്‍ റയില്‍പ്പാളത്തില്‍ വെള്ളം കയറിയതിനാല്‍ ട്രെയിന്‍ ഗതാഗതം വൈകി. കോട്ടയത്ത് കടുത്തുരുത്തി കാരിക്കാട് മൂവാറ്റുപുഴ വാലി ഇറിഗേഷന്‍ പദ്ധതിയുടെ കനാല്‍ 300 മീറ്ററോളം ഒഴുകിപ്പോയി. പെരിയാര്‍, പമ്പാനദികള്‍ പലയിടത്തും കരകവിഞ്ഞു. ശബരിമല നിറപുത്തരിക്കായി എത്തിയ ഭക്തര്‍ അപകടത്തില്‍ പെടാതിരിക്കാന്‍ പൊലീസ് മുന്‍കരുതലെടുത്തു. പമ്പയിലെ തടയണ, കണമല, അരയാഞ്ഞിലിമണ്‍ കോസ്‌വേകള്‍ എന്നിവ മുങ്ങി ഗതാഗതം മുടങ്ങി.

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 119.2 അടിയായി. ഇടുക്കി അണക്കട്ടിന്റെ വൃഷ്ടി പ്രദേശത്ത് ഇന്നലെ 102 മില്ലിമീറ്റര്‍ മഴയാണു ലഭിച്ചത്. 26.51 ദശലക്ഷം യൂണിറ്റ് വൈദ്യുതിക്കുള്ള വെള്ളം ഇന്നലെ അണക്കെട്ടില്‍ ഒഴുകിയെത്തി. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഇതേ ദിവസം ഉണ്ടായിരുന്നതിനെക്കാള്‍ 42.18 അടി വെള്ളം കുറവാണിത്. ചെറുകിട ജലവൈദ്യുത പദ്ധതികളിലെല്ലാം വൈദ്യുതോല്‍പ്പാദനം പൂര്‍ണ തോതിലാക്കി.

കടലില്‍ പോകരുതെന്നു മല്‍സ്യത്തൊഴിലാളികള്‍ക്കു മുന്നറിയിപ്പു നല്‍കി. ഇടുക്കി ജില്ലയില്‍ മണ്ണിടിച്ചിലിനു സാധ്യതയുണ്ടെന്നു ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ഇടുക്കിയിലേക്കുള്ള രാത്രി യാത്ര കഴിവതും ഒഴിവാക്കാനും നിര്‍ദേശമുണ്ട്. മഴ കൂടുതലുള്ള ജില്ലകളില്‍ ഡാം തുറക്കാനുള്ള സാധ്യതയുണ്ട് . വെള്ളച്ചാട്ടമുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ സന്ദര്‍ശകര്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തി. ഈ മാസം 11 വരെ മഴ തുടരുമെന്നാണു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കുകൂട്ടല്‍. എന്നാല്‍ കനത്ത മഴയ്ക്കു സാധ്യതയുള്ള നാളെ വരെയാണു ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുള്ളത്.

എട്ടു സെന്റീമീറ്ററില്‍ കുടുതല്‍ മഴ പെയ്ത കോഴിക്കോട്, കണ്ണൂര്‍, വയനാട്, മലപ്പുറം ജില്ലകളില്‍ അടിയന്തര സാഹചര്യം നേരിടാന്‍ സംവിധാനമൊരുക്കാന്‍ കലക്ടര്‍മാര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്.

 

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close