മഴ: അഞ്ചു മരണംകൂടി

rain kerala1

കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്ത് അഞ്ചു മരണം കൂടി. മലപ്പുറത്തു രണ്ടുപേരും കാസര്‍കോട്ടും കോഴിക്കോട്ടും കോട്ടയത്തും ഓരോരുത്തരുമാണ് മരണമടഞ്ഞത്.വയനാട്ടിലും കോട്ടയത്തുമായി രണ്ടു പേരെ കാണാതായിട്ടുണ്ട്. ഇന്നും നാളെയും വ്യാപകമായി മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്. ശക്തമായി തുടരുന്ന മഴ വിവിധ ജില്ലകളില്‍ വെള്ളപ്പൊക്കത്തിനും കനത്ത നാശനഷ്ടങ്ങള്‍ക്കും വഴിവച്ചു.

തിരൂര്‍ പുഴയോരത്തെ വെള്ളക്കെട്ടില്‍ ഒഴുക്കില്‍പെട്ട് കാണാതായ രണ്ടു കുട്ടികളുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തതോടെ മലപ്പുറം ജില്ലയില്‍ മരിച്ചവരുടെ എണ്ണം ആറായി. തിരൂര്‍ ഈസ്റ്റ് ചെമ്പ്ര കുരിക്കള്‍പടി നടക്കാവില്‍ ഇസ്മയിലിന്റെ മകന്‍ മുഹമ്മദ് റമീസ്(12), ഇസ്മയിലിന്റെ സഹോദരന്‍ ജലീലിന്റെ മകന്‍ അജ്മല്‍(14) എന്നിവരുടെ മൃതദേഹങ്ങള്‍ ഇന്നലെയാണ് കണ്ടെത്തിയത്.

അപസകടമുണ്ടായ ഞായറാഴ്ച തന്നെ റമീസിന്റെ സഹോദരന്‍ റഹീസുദ്ദീന്റെ (14) മൃതദേഹം കണ്ടെടുത്തിരുന്നു. കാസര്‍കോട് കാലിച്ചാനടുക്കം ആനപ്പെട്ടിയിലെ സുജാത (35) തുണി അലക്കാനെത്തിയപ്പോള്‍ ഒഴുക്കില്‍പെട്ടാണ് മരിച്ചത്. നാലു ദിവസത്തിനിടെ കാസര്‍കോട്ട് ഒഴുക്കില്‍പെട്ടു മരിച്ചവരുടെ എണ്ണം അഞ്ചായി. കോഴിക്കോട് ജില്ലയില്‍ കോടഞ്ചേരിയില്‍ വെള്ളച്ചാട്ടത്തിനു സമീപം പുഴയില്‍ വീണ് കൊയിലാണ്ടി ചെങ്ങോട്ടുകാവ് എളാട്ടേരി തെക്കേനാംപറമ്പത്ത് ഗോപിയുടെ മകന്‍ ജിബില്‍ (26) മരിച്ചു.

കോട്ടയം ജില്ലയില്‍ മടവീഴ്ച തടയാനുള്ള ശ്രമത്തിനിടെ കര്‍ഷകനായ കുമരകം കേളക്കേരിയില്‍ കൊച്ചുമോന്‍(38) തോട്ടില്‍ മുങ്ങിമരിച്ചു. വയനാട്ടിലെ ബാണാസുരസാഗര്‍ അണക്കെട്ടിനു സമീപം മീന്‍പിടിക്കുന്നതിനിടെ കാണാതായ വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്തിലെ പിണങ്ങോട് നാട്ടിപ്പാറ സുരേന്ദ്രന്റെ മകന്‍ സുഭാഷിനായി (25) തിരച്ചില്‍ തുടരുകയാണ്.

കോട്ടയം കറുകച്ചാലില്‍ സുഹൃത്തുക്കള്‍ക്കൊപ്പം തോട്ടില്‍ കുളിക്കാനിറങ്ങിയ വാകത്താനം ജറുസലേം മൗണ്ട് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥി ചങ്ങനാശേരി ചീരഞ്ചിറ പാണൂര്‍ കൊച്ചുമോന്റെ മകന്‍ മിഥുനെ (16) കാണാതായി. അറബിക്കടലില്‍ ന്യൂനമര്‍ദ പാത്തി ശക്തമായതോടെ ബംഗാള്‍ ഉള്‍ക്കടലില്‍ വടക്കു ഭാഗത്തു ന്യൂനമര്‍ദം രൂപപ്പെട്ടിരിക്കുകയാണ്. ഇന്നും നാളെയും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കനത്ത മഴയോ (ഏഴു സെന്റിമീറ്ററിലേറെ) അത്യന്തം കനത്ത മഴയോ (13 സെന്റിമീറ്ററിലേറെ) ലഭിക്കും. വ്യാഴം വരെ ഈ സ്ഥിതി തുടരുമെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. കാറ്റിന്റെ വേഗം മണിക്കൂറില്‍ 55 കി.മീ. വരെ ആകാം.

ഇടുക്കി ജില്ലയില്‍ ഉരുള്‍പൊട്ടലും വ്യാപക മണ്ണിടിച്ചിലുമുണ്ടായി. പീരുമേട് മേലോരത്താണ് ഉരുള്‍പൊട്ടലുണ്ടായത്. ആളപായമില്ല. അടിമാലിയില്‍ നിര്‍മാണത്തിലിരുന്ന കോണ്‍ക്രീറ്റ് കെട്ടിടം തകര്‍ന്നു. പലയിടത്തായി അഞ്ചു വീടുകള്‍ പൂര്‍ണമായി തകര്‍ന്നു. കോട്ടയം ജില്ലയില്‍ മഴയുടെ ശക്തികുറഞ്ഞെങ്കിലും താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തില്‍ മുങ്ങിക്കിടക്കുകയാണ്. മുണ്ടക്കയത്തും ചിറ്റടിയിലും ഉരുള്‍പൊട്ടലും ഉണ്ടായി. കോഴിക്കോട് ജില്ലയില്‍ ആറു വീടുകള്‍ ഭാഗികമായും ഒരു വീട് പൂര്‍ണമായും തകര്‍ന്നു.

എറണാകുളം ജില്ലയിലെ കോതമംഗലം കുട്ടമ്പുഴയില്‍ ഇരുനൂറ്റന്‍പതോളം ആദിവാസി കുടുംബങ്ങള്‍ ഒറ്റപ്പെട്ടു. പൂയംകുട്ടി-മണികണ്ഠന്‍ചാല്‍ ചപ്പാത്ത് വെള്ളത്തിനടിയിലാവുകയും പൂയംകുട്ടി-ബ്ലാവന കടത്തില്‍ വള്ളമിറക്കാന്‍ കഴിയാതാവുകയും ചെയ്തതോടെയാണ് വാരിയം, കല്ലേലിമേട്, കുഞ്ചിപ്പാറ തുടങ്ങിയ പ്രദേശങ്ങളിലെ ആദിവാസി കുടുംബങ്ങള്‍ക്കു മറ്റു പ്രദേശങ്ങളുമായുള്ള ബന്ധം ഇല്ലാതായത്. കുട്ടമ്പുഴ നൂറേക്കറില്‍ അയല്‍വാസിയുടെ മുറ്റത്തെ മണ്ണ് ഇടിഞ്ഞുവീണ് പുത്തന്‍പുര ജോസിന്റെ വീട് ഭാഗികമായി തകര്‍ന്നു. വെള്ളപ്പൊക്ക സാധ്യത മുന്നില്‍ കണ്ട് ഭൂതത്താന്‍കെട്ട് ഡാമിന്റെ എല്ലാ ഷട്ടറുകളും തുറന്നിട്ടുണ്ട്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close