കമ്മ്യൂണിസ്റ്റ് ലയനം; എം.എ. ബേബി പിന്മാറി

കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ലയനം സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് വാതില്‍തുറന്ന സി.പി.എം. പോളിറ്റ്ബ്യൂറോ അംഗം എം.എ. ബേബി ഒരുദിവസത്തിനുശേഷം ‘ലയന വാതില്‍’ അടച്ചു. സി.പി.എമ്മിന്റെയും സി.പി.ഐ.യുടെയും പുനരേകീകരണം അടിയന്തര അജണ്ടയാണെന്ന് കരുതുന്നില്ലെന്ന പുതിയ നിലപാട് പ്രഖ്യാപിച്ചാണ് മുന്‍നിലപാടില്‍നിന്നുള്ള തന്റെ പിന്‍മാറ്റം എം.എ. ബേബി പ്രഖ്യാപിച്ചിരിക്കുന്നത്. സി.പി.എം. കേന്ദ്രനേതൃത്വത്തില്‍ ബേബി ഈ അഭിപ്രായപ്രകടനത്തിന്റെ പേരില്‍ ഒറ്റപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് ഈ പിന്മാറ്റമെന്നാണ് സൂചന.

തൃശ്ശൂരില്‍ സി. അച്യുതമേനോന്‍ സ്മാരക പ്രഭാഷണത്തിലാണ് ശനിയാഴ്ച എം.എ. ബേബി കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഒന്നാകണമെന്ന കടുത്ത ആഗ്രഹം സമൂഹത്തിലുണ്ടെന്ന് പറഞ്ഞത്. എം.എ. ബേബിയുടെ അഭിപ്രായം പുറത്തുവന്ന ഉടന്‍തന്നെ സി.പി.എമ്മിന്റെ സംസ്ഥാന ദേശീയ നേതാക്കള്‍ ഇതിനോട് വിയോജിപ്പ് പ്രകടിപ്പിച്ച് രംഗത്തുവന്നിരുന്നു. എന്നാല്‍ മറുവശത്ത് എം.എ. ബേബിയുടെ നിര്‍ദേശത്തെ വ്യാപകമായി പിന്തുണച്ച് സി.പി.ഐ. നേതാക്കളും രംഗത്തുവന്നു.

സി.പി.എം-സി.പി.ഐ. ലയനമെന്ന ആശയം പതിറ്റാണ്ടുകളായി സി.പി.ഐ. നേതൃത്വം മുന്നോട്ടുവെച്ചുവരുന്നതാണ്. എന്നാല്‍ അപ്പോഴെല്ലാം ഇതിനോടു മുഖംതിരിക്കുന്ന സമീപനമാണ് സി.പി.എം. നേതാക്കള്‍ സ്വീകരിച്ചുവന്നത്.

1964-ല്‍ അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലുണ്ടായ പിളര്‍പ്പ് ആശയപരമാണെന്നും ആശയഭിന്നതയ്ക്ക് ആധാരമായ പ്രശ്‌നങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നുമാണ് സി.പി.എമ്മിന്റെ നിലപാട്. അത്തരം ആശയഭിന്നതകള്‍ പരിഹരിക്കാതെ കമ്മ്യൂണിസ്റ്റ് ലയനം പ്രാവര്‍ത്തികമാകില്ലെന്നും സി.പി.എം. നേതൃത്വം വിശദീകരിച്ചിരുന്നു.

എന്നാല്‍ ഈ നിലപാടില്‍നിന്ന് വ്യത്യസ്തമായി കമ്മ്യൂണിസ്റ്റ് ലയനത്തെ പിന്തുണച്ച്‌ െപാളിറ്റ്ബ്യൂറോ അംഗം കൂടിയായ എം.എ. ബേബി രംഗത്തുവന്നത് വലിയ ചര്‍ച്ചയായി.

സമീപകാലത്ത് സി.പി.എം. സംസ്ഥാന നേതൃത്വത്തിന്റെ പൊതുനിലപാടുകളില്‍നിന്ന് വ്യത്യസ്തമായ നിലപാട് പരസ്യമായി പ്രകടിപ്പിച്ചുവരുന്ന എം.എ. ബേബിയുടെ ഈ അഭിപ്രായം വലിയ ശ്രദ്ധനേടി. ബേബിയുടെ ഈ നിര്‍ദേശം പാര്‍ട്ടി കോണ്‍ഗ്രസുകള്‍ക്ക് മുന്നോടിയായി അടുത്തുതന്നെ തുടങ്ങുന്ന പാര്‍ട്ടി സമ്മേളനങ്ങളില്‍ വലിയ ചര്‍ച്ചയായി മാറുമെന്ന സൂചനകളും ഉയര്‍ന്നിരുന്നു.

ഈ ഘട്ടത്തില്‍ സി.പി.എം. സംസ്ഥാന നേതൃത്വം സി.പി.എം. കേന്ദ്ര നേതൃത്വത്തില്‍ നടത്തിയ സമ്മര്‍ദത്തിന്റെ ഫലമായാണ് കമ്യൂണിസ്റ്റ് ലയനം സംബന്ധിച്ച് നിലപാടില്‍ പൊടുന്നനെ മാറ്റംവരുത്താന്‍ എം.എ. ബേബി നിര്‍ബന്ധിതനായതെന്നാണ് സൂചന.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close