കരയുദ്ധം വ്യാപിപ്പിക്കുമെന്ന് ഇസ്രായേല്‍; തിരിച്ചടിക്കുമെന്ന് ഹമാസ്‌

പത്തുദിവസം നീണ്ട വ്യോമാക്രമണത്തിനു ശേഷം ഗാസയില്‍ ഇസ്രായേല്‍ കരയുദ്ധം തുടങ്ങി. അഞ്ച് വര്‍ഷത്തിനു ശേഷമാണ് ഇസ്രായേല്‍ ഗാസയില്‍ കരയുദ്ധത്തിനിറങ്ങുന്നത്. മെഡിറ്ററേനിയന്‍ തീരത്തുനിന്ന് ഇസ്രായേല്‍ നാവികസേനയും ഗാസാമുനമ്പിലേക്ക് ഷെല്ലാക്രമണം നടത്തുന്നുണ്ട്.

ഹമാസിന്റെ ഒളിയിടങ്ങള്‍ നശിപ്പിക്കുകയാണ് ലക്ഷ്യമിടുന്നതെങ്കിലും കരസേനയുടെ ആക്രമണം വ്യാപിപ്പിക്കാനും മടിക്കില്ലെന്ന് പ്രധാനമന്ത്രി െബഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കി. എന്നാല്‍, നിരപരാധികളായ കുട്ടികളെ കൊന്നൊടുക്കുന്ന ഇസ്രായേല്‍ വന്‍ വിലകൊടുക്കേണ്ടിവരുമെന്ന് പലസ്തീനിയന്‍ തീവ്രവാദസംഘടനയായ ഹമാസ് വക്താവ് സമി അബുസുഹ്രി പറഞ്ഞു.

വ്യാഴാഴ്ച അര്‍ധരാത്രിക്ക് കരയാക്രമണം ആരംഭിച്ച ശേഷം 24 പലസ്തീനികള്‍ കൊല്ലപ്പെട്ടു. ഇതില്‍ അഞ്ചുമാസം പ്രായമുള്ള കുട്ടിയും മൂന്ന് കൗമാരക്കാരും ഉള്‍പ്പെടുന്നു. ജൂലായ് എട്ടിന് ഇസ്രായേല്‍ ആക്രമണം തുടങ്ങിയശേഷം മരിച്ച പലസ്തീനികളുടെ എണ്ണം ഇതോടെ 265 ആയി. തങ്ങളുടെ ഒരു സൈനികനും കൊല്ലപ്പെട്ടതായി ഇസ്രായേല്‍സൈന്യം അറിയിച്ചു.

ഇസ്രായേലിനെതിരെയുള്ള ആക്രമണത്തിന് ഹമാസ് ഉപയോഗിക്കുന്ന തുരങ്കങ്ങളാണ് ഇസ്രായേല്‍ കരസേന ആദ്യഘട്ടത്തില്‍ ലക്ഷ്യമിട്ടിരിക്കുന്നത്. ഇസ്രായേലിന്‍റെ തുടര്‍ച്ചയായ വ്യോമാക്രമണങ്ങളില്‍നിന്ന് രക്ഷതേടാനും ആയുധങ്ങള്‍ സംഭരിക്കാനും ഹമാസ് ഉപയോഗിക്കുന്നത് ഈ തുരങ്കങ്ങളാണ്. അടിസ്ഥാനസൗകര്യങ്ങള്‍ ഇല്ലാതാക്കി ഹമാസിനെ നിര്‍വീര്യമാക്കാനാണ് ശ്രമിക്കുന്നതെന്നും തെക്കന്‍ ഇസ്രായേലിലേക്ക് അതിര്‍ത്തികടന്നുള്ള ആക്രമണങ്ങള്‍ക്ക് അവര്‍ ഉപയോഗിക്കുന്ന തുരങ്കങ്ങള്‍ നശിപ്പിക്കുമെന്നും ഇസ്രായേല്‍ സേനാവക്താവ് പറഞ്ഞു. തുരങ്കമാര്‍ഗം ഇസ്രായേലിലേക്ക് കടക്കാന്‍ ശ്രമിച്ച 13 ഹമാസ് പ്രവര്‍ത്തകരെ തുരത്തിയെന്നും അദ്ദേഹം അവകാശപ്പെട്ടു.
വ്യാഴാഴ്ച രാത്രി മുഴുവന്‍ തെക്കന്‍ ഗാസയില്‍ കനത്ത വെടിവെപ്പ് നടന്നു. വടക്കന്‍മേഖലയില്‍ ഷെല്ലാക്രമണവും ഉണ്ടായിരുന്നു. നാല് തുരങ്കങ്ങളടക്കം 150 ലക്ഷ്യങ്ങള്‍ക്കുനേരെ ആക്രമണം നടത്തിയെന്നാണ് ഇസ്രായേല്‍ സേനാവക്താവ് അറിയിച്ചത്.

17 ‘ഭീകരരെ’ വധിച്ചതായും 13 പേരെ അറസ്റ്റു ചെയ്തതായും അദ്ദേഹം പറഞ്ഞു. 2005-ലാണ് ഇസ്രായേല്‍ ഗാസയില്‍നിന്ന് പിന്മാറുന്നത്. ഒരുവര്‍ഷത്തിന് ശേഷം നടന്ന പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയം നേടിയ ഹമാസ് 2007-ഓടെ പലസ്തീന്‍ അതോറിറ്റിയില്‍നിന്ന് വേര്‍പെട്ട് ഗാസയുടെ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു.

സാധാരണക്കാരുടെ ജീവഹാനിക്കിടയാക്കരുതെന്നും ഹമാസിന്റെ ഒളിയിടങ്ങള്‍ എന്ന പരിമിതലക്ഷ്യം മാത്രമാവണം കരയാക്രമണത്തിന് ഉണ്ടാവേണ്ടതെന്നും യു.എസ്. വിദേശകാര്യ സെക്രട്ടറി ജോണ്‍കെറി ഇസ്രായേലിനെ ഉപദേശിച്ചു. ഇസ്രായേല്‍ ആക്രമണം രൂക്ഷമാക്കിയതിനെ അപലപിച്ച ഈജിപ്ത് വെടിനിര്‍ത്തല്‍ധാരണയ്ക്ക് വഴങ്ങാത്തതിന് ഹമാസിനെയും കുറ്റപ്പെടുത്തി. ഈജിപ്തിന്റെ മധ്യസ്ഥതയില്‍ നടന്ന വെടിനിര്‍ത്തല്‍ചര്‍ച്ച ഹമാസിന്റെ കടുംപിടിത്തത്തെത്തുടര്‍ന്ന് പരാജയപ്പെടുകയായിരുന്നു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close