കളക്ടര്‍ മൂക്കുന്നിമല സന്ദര്‍ശിച്ചു; ആശങ്കകളും പരാതികളുമായി നാട്ടുകാര്‍

മൂക്കുന്നിമലയിലെ അനിയന്ത്രിത പാറഖനനം തടയണമെന്നാവശ്യപ്പെട്ട് മൂക്കുന്നിമല സംരക്ഷണ സമര സമിതി പ്രവര്‍ത്തകര്‍ നടത്തുന്ന സമരപ്പന്തലില്‍ ജില്ലാ കളക്ടര്‍ ബിജു പ്രഭാകര്‍ എത്തി. സമരക്കാര്‍ പരാതികളും ആശങ്കകളും കളക്ടറോട് പറഞ്ഞു.
ഞായറാഴ്ച രാവിലെ ഒന്‍പത് മണിയോടുകൂടിയാണ് കളക്ടര്‍ മൂക്കുന്നിമലയിലെത്തിയത്. മൂന്നു മണിക്കൂറിലധികം അവിടെ ചെലവഴിച്ച അദ്ദേഹം ആദ്യം ക്വാറികള്‍ സന്ദര്‍ശിച്ച ശേഷമാണ് ഇടയ്‌ക്കോട്ടുള്ള സമരപ്പന്തലിലെത്തിയത്.

കളക്ടറെ നേരില്‍ കണ്ട് കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ മൂന്നു മണിക്കൂറോളം സ്ത്രീകള്‍ സമരപ്പന്തലില്‍ കാത്തിരുന്നു. ഇതിനിടയില്‍ വഴിയരികില്‍ കൂട്ടമായി നിന്ന് നാട്ടുകാര്‍ കളക്ടറോട് ദുരിതങ്ങള്‍ പറഞ്ഞു. റോഡരികില്‍ താമസിക്കുന്ന ദീര്‍ഘകാലമായി പാറപ്പൊടി ശ്വസിച്ച് രോഗബാധിതയായി ചികിത്സ തുടരുന്ന അംബികയുടെ വീട്ടില്‍ കളക്ടര്‍ എത്തി.

സമരപ്പന്തലിലെത്തിയ കളക്ടറെ കാത്തിരുന്ന സ്ത്രീകള്‍ക്കും പറയാനുണ്ടായിരുന്നത് കുട്ടികള്‍ക്കുണ്ടാകുന്ന ശ്വാസകോശ രോഗങ്ങളെക്കുറിച്ചും കുടിവെള്ളം ലഭിക്കാത്തതും റോഡിന്റെ ശോചനീയാവസ്ഥയെ കുറിച്ചുമായിരുന്നു. പരാതികള്‍ ശ്രദ്ധാപൂര്‍വ്വം കേട്ട് മനസിലാക്കിയ കളക്ടര്‍ കോടതി ആവശ്യപ്പെടുമ്പോള്‍ ഉചിതമായ റിപ്പോര്‍ട്ട് നല്‍കുമെന്നും ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വീണ്ടും യോഗം വിളിക്കുമെന്നും അറിയിച്ചു. കഴിഞ്ഞയാഴ്ച സമരപ്പന്തലില്‍ കയറി ഒരു സംഘം സ്ത്രീകളെ ആക്രമിച്ചിരുന്നു. നെയ്യാറ്റിന്‍കര തഹസില്‍ദാര്‍ ഇടയ്‌ക്കോട് വഴി മൂക്കുന്നിമലയിലേക്കുള്ള ലോറി ഗതാഗതം നിരോധിച്ചിരിക്കുകയാണ്. ഈ സ്ഥിതി തുടരാന്‍ കളക്ടര്‍ ഉത്തരവിട്ടതിന് പിന്നാലെയാണ് സന്ദര്‍ശനം. കളക്ടറോടൊപ്പം റവന്യു ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close