കാലവര്‍ഷം കനത്തു

കാലവര്‍ഷം ശക്തിപ്രാപിച്ചതിനൊപ്പം സംസ്ഥാനത്തു മഴയുമായി ബന്ധപ്പെട്ട അപകടമരണങ്ങളും കൃഷിനാശവും കടലാക്രമണവും. കനത്ത മഴയില്‍ അട്ടപ്പാടി ചുരത്തിന്റെ ഒന്‍പതാംവളവില്‍ മണ്ണും കല്ലും വീണ് ആറുമണിക്കൂര്‍ ഗതാഗതം തടസ്സപ്പെട്ടു. കോഴിക്കോട്ട് ശക്തമായ മഴയെ തുടര്‍ന്ന് ഒരാള്‍ മരിച്ചു. വയനാട്ടില്‍ പുഴയിലേക്ക് ഒാട്ടോ മറിഞ്ഞു കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി.

കണ്ണൂര്‍ ജില്ലയില്‍ ചിറ്റാരിക്കലിലും പേരാവൂരിലും ഒഴുക്കില്‍പ്പെട്ടു രണ്ടുപേരെ കാണാതായി. കോഴിക്കോട് ജില്ലയില്‍ ആനക്കാംപൊയില്‍ സ്വദേശി ആലക്കല്‍ ഹരിദാസന്‍ നായര്‍ (കുഞ്ഞിക്കുട്ടന്‍നായര്‍-62) ആണു തോട്ടില്‍ വീണു മരിച്ചത്. കോടഞ്ചേരി ചെങ്ങനാലിക്കല്‍ ബിന്‍സുവിന്റെ മകന്‍ ഗോഡ്സണ്‍ (9) ആണു ഞായറാഴ്ച രാത്രി വയനാട്ടിലെ കാരാപ്പുഴ ഡാം പരിസരത്തെ പാലത്തില്‍നിന്നു പുഴയിലേക്ക് ഒാട്ടോ മറിഞ്ഞു മരിച്ചത്.

കണ്ണൂര്‍, കോഴിക്കോട്, വയനാട്, എറണാകുളം ജില്ലകളിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലായി. തൃശൂര്‍, മലപ്പുറം, എറണാകുളം, ആലപ്പുഴ ജില്ലകളിലെ തീരപ്രദേശങ്ങളില്‍ കടലാക്രമണമുണ്ടായി. പലയിടത്തും ഒട്ടേറെ വീടുകള്‍ക്കു കേടുപറ്റി. കൃഷിനാശവും സംഭവിച്ചു. കോഴിക്കോട് ജില്ലയില്‍ പ്രഫഷനല്‍ കോളജുകള്‍ ഒഴികെയുള്ള സര്‍ക്കാര്‍, എയ്ഡഡ്, അണ്‍എയ്ഡഡ് വിദ്യാലയങ്ങള്‍ക്കു ജില്ലാ കലക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചു.

ചാലിയാര്‍ പുഴയും കുറ്റ്യാടിപ്പുഴയും കരകവിഞ്ഞു. വനത്തില്‍ കനത്ത മഴ തുടരുന്നതിനാല്‍ വയനാട് വന്യജീവി സങ്കേതത്തിലൂടെ കടന്നുപോകുന്ന കോഴിക്കോട് – ബാംഗൂര്‍ ദേശീയപാതയില്‍ വെള്ളം ഉയരാന്‍ സാധ്യതയുണ്ട്. പെരുവണ്ണാമൂഴി ഡാമിലെ ജലനിരപ്പ് 41.57 മീറ്ററായി ഉയര്‍ന്നതിനെ തുടര്‍ന്നു നാലു ഷട്ടറും തുറന്നുവിട്ടു. കക്കയം ഡാമില്‍ 2469.7 അടിയായി ജലനിരപ്പ് ഉയര്‍ന്നു. 2487 അടിയാണു ഡാമിന്റെ സംഭരണ ശേഷി.

മലപ്പുറം ജില്ലയിലും ശക്തമായ മഴയാണ്. പൊന്നാനിയില്‍ കടലാക്രമണത്തില്‍ 35 വീടുകള്‍ തകര്‍ന്നു. ദുരിതാശ്വാസ ക്യാംപിലെ അസൌകര്യം കാരണം പല കുടുംബങ്ങളെയും മാറ്റിപ്പാര്‍പ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. റമസാന്‍ വ്രതം കൂടിയായതിനാല്‍ പലരും ബന്ധുക്കളുടെ വീട്ടിലേക്കു മാറി. ജില്ലയിലെ മറ്റിടങ്ങളില്‍ 11 വീടുകള്‍ തകര്‍ന്നു. കണ്ണൂര്‍ ജില്ലയില്‍ മൂന്നു ദിവസമായി തുടരുന്ന കനത്ത മഴയില്‍ ഒന്നരക്കോടിയോളം രൂപയുടെ വിളകള്‍ നശിച്ചതായാണു കൃഷിവകുപ്പിന്റെ കണക്ക്.

കാസര്‍കോട്ട് മഴയിലും കാറ്റിലും 16 വീടുകള്‍ ഭാഗികമായും ഒരു വീടു പൂര്‍ണമായും തകര്‍ന്നു. ഏഴു ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ചിലയിടങ്ങളില്‍ വൈദ്യുത തൂണുകളും ലൈനുകളും തകര്‍ന്നു വൈദ്യുതിബന്ധം നിലച്ചു. ഇന്നലെ രാവിലെ എട്ടിന് അവസാനിച്ച 24 മണിക്കൂറില്‍ 131 മില്ലിമീറ്റര്‍ മഴയാണു പെയ്തത്. 16 വില്ലേജുകളെ മഴക്കെടുതി ബാധിച്ചതായി അധികൃതര്‍ അറിയിച്ചു. തൃശൂരില്‍ കനത്ത കാറ്റിലും മഴയിലും അഞ്ചു വീടുകള്‍ തകര്‍ന്നു. പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ പരമാവധി സംഭരണശേഷിയോളം ജലനിരപ്പുയര്‍ന്നതിനാല്‍ രണ്ടു ഷട്ടറുകള്‍ ഉയര്‍ത്തി.

രണ്ടു ദിവസമായി പെയ്യുന്ന ശക്തമായ മഴയില്‍ എറണാകുളം ജില്ലയിലെ ചെല്ലാനം ഉള്‍പ്പെടെ തീരപ്രദേശങ്ങളില്‍ കടലാക്രമണം രൂക്ഷമായി. കടല്‍ഭിത്തി നിര്‍മാണത്തിലെ വീഴ്ചകള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ചെല്ലാനത്തു ജനങ്ങള്‍ തീരദേശപാത ഉപരോധിച്ചു. പെരിയാറിലും ജലനിരപ്പു കുത്തനെ ഉയരുന്നുണ്ട്. തീരദേശ പാത പലയിടത്തും വെള്ളത്തിനടിയിലായി. ജില്ലയില്‍ ഇന്നലെ 42 മില്ലി മീറ്റര്‍ മഴ പെയ്തതായാണു കണക്ക്. രാത്രിയായിരുന്നു മഴ പല ഭാഗങ്ങളിലും കനത്തത്. പല ഭാഗങ്ങളിലും വെള്ളക്കെട്ടും കൃഷിനാശവും ഉണ്ടായി. ശക്തമായ കാറ്റിലും മഴയിലും കിഴക്കന്‍ മേഖലയില്‍ കൃഷിനാശമുണ്ടായി.

മഴ ശക്തമായതോടെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2.57 അടി കൂടി വര്‍ധിച്ചു 2316.23 അടിയായി. കൃഷി നാശവുമുണ്ട്. ആലപ്പുഴ ജില്ലയില്‍ പുറക്കാട്, അമ്പലപ്പുഴ മേഖലകളില്‍ കടലാക്രമണം ശക്തമായതിനെ തുടര്‍ന്നു വണ്ടാനത്തു ദുരിതാശ്വാസ ക്യാംപ് തുറന്ന് എട്ടു കുടുംബങ്ങളെ പാര്‍പ്പിച്ചു. അയ്യായിരത്തോളം വാഴകള്‍ കാറ്റില്‍ നിലംപതിച്ചു. ഇന്നലെ ശരാശരി നാലു സെന്റിമീറ്റര്‍ മഴ ലഭിച്ചു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close