‘കാവ്യഗീതിക’

തിരുവനന്തപുരം:കവിയുടെ കവിതകളിലൂടെയുള്ള യാത്രയാണ് ഒ.എന്‍.വി കുറുപ്പിന്റെ എണ്‍പത്തി മൂന്നാം പിറന്നാളിന് ഒരുക്കിയ പരിപാടികള്‍. ‘കാവ്യഗീതിക’ എന്ന പേരില്‍ ഒരുക്കിയ ആലാപനച്ചടങ്ങില്‍ പ്രമുഖ ഗായകരും കവികളുമാണ് ഒ.എന്‍.വി കവിതകളാലപിച്ചത്.
കവി വി.മധുസൂദനന്‍ നായര്‍ ‘സൂര്യഗീതം’ എന്ന കവിത ആലപിച്ചുകൊണ്ടാണ് കാവ്യസംഗീതിക എന്ന പരിപാടിക്ക് തുടക്കം കുറിച്ചത്. തുടര്‍ന്ന് വി.ശ്രീറാം ‘ഉപ്പ്’ എന്ന കവിതയും കാവാലം ശ്രീകുമാര്‍ ‘ഭൂമിക്ക് ഒരു ചരമഗീതം’, ‘നിശാഗന്ധി നീയെത്ര ധന്യ’ എന്നിവയും ചൊല്ലി. ഗിരീഷ് പുലിയൂര്‍ ‘വീരതാണ്ഡവ’വും, വിനോദ് വൈശാഖി ‘കൃഷ്ണപക്ഷ’ത്തിലെ പാട്ടുമാണ് അവതരിപ്പിച്ചത്. സുമേഷ് കൃഷ്ണന്‍, ഡോ.ശ്രീദേവി, മീര വേണുഗോപാല്‍, ബിജു ബാലകൃഷ്ണന്‍, രാജ്‌മോഹന്‍ കൂവളശ്ശേരി, ഡോ.ചന്ദ്രശേഖരന്‍ നായര്‍ തുടങ്ങിയവരും കവിതകള്‍ ചൊല്ലി. ‘ഇത്തിരി സ്‌നേഹത്തിന്റെ അക്ഷരങ്ങള്‍’ എന്ന കവിത പാടി മധുസൂദനന്‍ നായരാണ് കാവ്യസംഗീതിക അവസാനിപ്പിച്ചത്.
‘ഒ.എന്‍.വി കവിതയുടെ വികാസപരിണാമങ്ങള്‍’ എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ ഡോ.ജി.ബാലമോഹന്‍ തമ്പി മുഖ്യപ്രഭാഷണം നടത്തി. കേരളീയരുടെ കാവ്യജീവിതത്തിന്റെ പ്രതീകമായി ഒ.എന്‍.വി കുറുപ്പ് മാറിയെന്ന് ബാലമോഹന്‍ തമ്പി ചൂണ്ടിക്കാട്ടി. കവി പ്രഭാവര്‍മ്മ അധ്യക്ഷത വഹിച്ചു. ഡോ.രാധിക സി. നായര്‍, ഡോ.പി.സോമന്‍, ഇ.പി.രാജഗോപാലന്‍, ഡോ.എം.ചന്ദ്രശേഖരന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു.

ഒ.എന്‍.വി കുറുപ്പ് എഴുതിയ ‘പദത്തിന്റെ നൃത്താവിഷ്‌കാരം’ കവിയുടെ മകള്‍ മായാദേവി കുറുപ്പ് അവതരിപ്പിച്ചു. ഒ.എന്‍.വിയുടെ തിരഞ്ഞെടുത്ത നാടക സിനിമാ ഗാനങ്ങളുടെ ആലാപനം കൃഷ്ണചന്ദ്രന്‍, കവാലം ശ്രീകുമാര്‍, കല്ലറ ഗോപന്‍, ശ്രീറാം, രാജലക്ഷ്മി, അപര്‍ണ രാജീവ്, അഖില ആനന്ദ് എന്നിവര്‍ അവതരിപ്പിച്ചു.

വൈകീട്ട് നടന്ന പരിപാടികള്‍ക്ക് കാഴ്ചക്കാരനായി കവിയും കുടുംബവും സദസ്സിലുണ്ടായിരുന്നു. വേദി പോലെ തന്നെ പ്രമുഖരുടെ നീണ്ടനിര തന്നെ സദസ്സിലും കവിക്കൊപ്പം ഉണ്ടായിരുന്നു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close