കുട്ടികളെ കടത്തിയ സംഭവം: മുഖ്യ കണ്ണി അറസ്റ്റില്‍

childs

ജാര്‍ഖണ്ഡില്‍നിന്ന് മുക്കത്തെ അനാഥാലയത്തിലേക്ക് ചട്ടങ്ങള്‍ ലംഘിച്ച് കുട്ടികളെ കടത്തിയ സംഭവത്തില്‍ ഇടനിലക്കാരന്‍ പോലീസ് പിടിയിലായി. ജാര്‍ഖണ്ഡ് സ്വദേശി ഷക്കീല്‍ അഹമ്മദിനെയാണ് പാലക്കാട് ക്രൈംബ്രാഞ്ച് സംഘം അറസ്റ്റുചെയ്തത്. ഇയാള്‍ പലതവണ ഇത്തരത്തില്‍ കുട്ടികളെ കേരളത്തിലേക്ക് കൊണ്ടുവന്നിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

പ്രത്യേക ക്രൈംബ്രാഞ്ച് സംഘം മുക്കം അനാഥാലയത്തില്‍ കഴിഞ്ഞദിവസം പരിശോധന നടത്തിയിരുന്നു. പാലക്കാട് ക്രൈംബ്രാഞ്ച് എസ്.പി. നേതൃത്വം നല്കുന്ന സംഘത്തിലെ ഒരു വിഭാഗമാണ് സിഐ. കെ.ഇ. പ്രേമചന്ദ്രന്റെ നേതൃത്വത്തില്‍ മുക്കത്തെത്തിയത്. അനാഥാലയം ഭാരവാഹികളില്‍ നിന്ന് ഉദ്യോഗസ്ഥര്‍ ഒരു മണിക്കൂര്‍ തെളിവെടുപ്പ് നടത്തി. ഇവിടെ പഠിക്കുന്ന കുട്ടികളില്‍നിന്നും രക്ഷിതാക്കളില്‍ നിന്നും മൊഴിയെടുത്തു. ജാര്‍ഖണ്ഡ് ഉള്‍പ്പെടെയുള്ള അന്യ സംസ്ഥാനങ്ങളില്‍ നിന്നുള്ള കുട്ടികളുമായും അന്വേഷണസംഘം സംസാരിച്ചു.

താമരശ്ശേരി ഡിവൈ.എസ്.പി. ജയ്‌സണ്‍ കെ. അബ്രഹാമും ബുധനാഴ്ച അനാഥാലയത്തിലെത്തി രേഖകള്‍ പരിശോധിച്ചു. ഞായറാഴ്ച മനുഷ്യാവകാശ കമ്മീഷന്‍ നോഡല്‍ ഓഫീസര്‍ ഡിഐജി എസ്. ശ്രീജിത്ത് നടത്തിയ അന്വേഷണത്തിന്റെ തുടര്‍ച്ചയായാണ് ഡിവൈഎസ്പി തെളിവെടുപ്പ് നടത്തിയത്.

മെയ് 24 ന് പാലക്കാട്ടുവെച്ചാണ് ട്രെയിനില്‍ കുട്ടികളെ കടത്തിയത് പോലീസ് കണ്ടെത്തിയത്. 466 കുട്ടികളെ ട്രെയിനില്‍ കുത്തിനിറച്ചാണ് കൊണ്ടുവന്നത്. പാലക്കാട് ജങ്ഷന്‍ റെയില്‍വേസ്റ്റേഷനില്‍ പറ്റ്‌ന-എറണാകുളം എക്‌സ്പ്രസ്സിലെത്തിയ കുട്ടികളെയും ഒപ്പമുള്ളവരെയും പോലീസ് പരിശോധിച്ചു. വിശദ പരിശോധനയ്ക്കുശേഷം തിരിച്ചറിയല്‍ക്കാര്‍ഡില്ലാത്ത 274 കുട്ടികളെ മുട്ടിക്കുളങ്ങര ബാലമന്ദിരത്തിലേക്കയച്ചു.

കോഴിക്കോട് മുക്കത്തുള്ള മുസ്ലിം ഓര്‍ഫനേജ് കമ്മിറ്റി നടത്തുന്ന അനാഥമന്ദിരങ്ങളിലേക്കും മദ്രസയിലേക്കുമുള്ള കുട്ടികളാണ് പാലക്കാട്ടെത്തിയത്. റെയില്‍വേസ്റ്റേഷനില്‍നിന്ന് സ്‌കൂള്‍ബസ്സില്‍ കോഴിക്കോട്ടേക്ക് കൊണ്ടുപോകാനായിരുന്നു പദ്ധതി. മൂന്ന് കമ്പാര്‍ട്ട്‌മെന്റിലായി വേണ്ടത്ര സുരക്ഷിതത്വമില്ലാതെ കുട്ടികള്‍ യാത്രചെയ്യുന്നതുകണ്ട ചിലര്‍ സ്റ്റേറ്റ് സ്‌പെഷല്‍ ബ്രാഞ്ച് പോലീസിനെ വിവരമറിയിക്കയായിരുന്നു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close