കുട്ടിക്ക്രിക്കറ്റിന്റെ പൂരത്തിന് തുടക്കം

kkr mi

ഐപിഎല്‍ ഏഴാം സീസണിലെ ആവേശപ്പോരാട്ടങ്ങള്‍ക്ക് ഇന്ന് ദുബായില്‍ തുടക്കമാകും. നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മിലുള്ള ആദ്യ മല്‍സരം രോഹിത് ശര്‍മ്മയും ഗൗതം ഗംഭീറും തമ്മിലുള്ള ഏറ്റുമുട്ടലായി മാറും. ഐപിഎല്‍ റണ്‍വേട്ടയില്‍ റെയ്നയ്ക്ക് പിന്നില്‍ രണ്ടാം സ്ഥാനത്താണ് രോഹിത് ശര്‍മ്മ. അധികം താഴെയല്ലാതെ നാലാം സ്ഥാനത്താണ് ഗംഭീറിന്റെ സ്ഥാനം. ഐപിഎല്ലില്‍ എന്നും സ്ഥിരത പുലര്‍ത്തിയിട്ടുള്ള ഗംഭീറിന്റെയും രോഹിതിന്റെയും പ്രകടനം തന്നെയാകും ഉദ്ഘാടന മല്‍സരത്തിലെ സവിശേഷത.
കിരീടം നിലനിര്‍ത്താന്‍ മുംബൈയും തിരികെപിടിക്കാന്‍ കൊല്‍ക്കത്തയും ഏറ്റുമുട്ടുമ്പോള്‍ ഉദ്ഘാടനം മുതല്‍ ബാറ്റിംഗ് വെടിക്കെട്ടുകളുടെ ഘോഷയാത്ര പ്രതീക്ഷിക്കാം. നേര്‍ക്കുനേര്‍ വന്ന 13 പോരാട്ടങ്ങളില്‍ 10 തവണയും ജയം മുംബൈക്കൊപ്പമായിരുന്നു. എന്നാല്‍ അതൊക്കെ പഴങ്കഥ. വാശിയേറിയ താരലേലത്തില്‍ വെടിക്കെട്ട് വീരന്‍മാരെ സ്വന്തമാക്കി കരുത്ത് കാട്ടാന്‍ കാത്തിരിക്കുകയാണ് എല്ലാ ടീമുകളും.

രോഹിത് ശര്‍മ്മക്കൊപ്പം മൈക്ക് ഹസിയും പൊള്ളാര്‍ഡും ചേരുന്ന മുംബൈ ബാറ്റിംഗ് നിര ശക്തമാണ്. മലിംഗ മാത്രം മതി ബൗളിംഗില്‍ ഒറ്റക്ക് പട നയിക്കാന്‍. എന്നാല്‍ ഇന്ത്യന്‍ ടീമിലേക്ക് തിരികെയെത്താന്‍ ആഗ്രഹിക്കുന്ന ഗംഭീറിനും ഉത്തപ്പക്കും യൂസഫ് പത്താനുമൊക്കെ തങ്ങള്‍ അതിന് യോഗ്യരാണെന്ന് തെളിയിക്കാന്‍ ബാറ്റിംഗ് വിസ്‌ഫോടനങ്ങള്‍ ആസൂത്രണം ചെയ്‌തേ പറ്റൂ. പ്രായം തളര്‍ത്താത്ത പോരാളിയെന്ന വിളിപ്പേര് നഷ്ടപ്പെട്ടിട്ടില്ലെന്ന് തെളിയിക്കണം കൊല്‍ക്കത്തയുടെ ജഴ്‌സിയില്‍ ജാക്ക് കാലിസിന്.

സെവാഗും ഹര്‍ഭജനുമടക്കം ഒരുപിടി താരങ്ങളാണ് ദേശീയ ടീമിലേക്കുള്ള വിളിക്കായി കാതോര്‍ത്തിരിക്കുന്നത്. ദുബായ്, ഷാര്‍ജ, അബുദാബി എന്നീ നഗരങ്ങളിലായാണ് ആദ്യഘട്ട കളികള്‍. മെയ് രണ്ടു മുതലുള്ള പോരാട്ടങ്ങള്‍ക്ക് ഇന്ത്യ വേദിയാകും. ജൂണ്‍ ഒന്നിന് മുംബൈയിലാണ് ഫൈനല്‍. വിവാദങ്ങളുടെ കറുത്ത പിച്ചില്‍ ലൈനും ലെംഗ്തും കണ്ടെത്താനാകാതെ ഉഴലുന്ന ഐപിഎല്ലിന് പുതുജീവന്‍കൂടി സമ്മാനിക്കുമെന്ന് പ്രതീക്ഷിക്കാം ഏഴാം സീസണ്‍.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close