കുരുത്തക്കേട്

കഥ

എസ്.ശ്രീജ

ണ്ണിമോള് കണ്ണടച്ച് ഉറക്കം കാത്തു കിടന്നു.കാല് രണ്ടും നന്നായി നീറുന്നുണ്ട്.മുട്ടിന് താഴെ കീര്‍മ്പുളി വരഞ്ഞതു പോലെ പാടുകളാണ്.മുഖത്തേയും കൈയ്യിലേയും പൊള്ളലൊന്നുണങ്ങി വരുന്നതേയുള്ളു,അപ്പൊ ദേ കാലുകളും .ഉണ്ണിമോള് ഒര്‍ത്തു കിടന്നു.ആകെയുണ്ടായിരുന്ന ഒരു കുതിരയായിരുന്നു.,നീല നിറമുള്ള ,ഉണ്ണിമോളുടെ തള്ളവിരലോളം പോന്ന ഒരു കുതിര.വാസുവേട്ടന്റെ പീടികേന്ന് പെരുംകായം പൊതിഞ്ഞ് കിട്ടിയ ചെറിയ പ്ലാസ്റ്റിക് പെട്ടിയില്‍ ഉണ്ണിമോള് കുതിരയെ വച്ചു.എന്നിട്ടും പോരാഞ്ഞ് അച്ഛന്‍ കണ്ണട തുടക്കാന്‍ വച്ചിരുന്ന വെല്‍വറ്റ് തൂവാല കൊണ്ട് കുതിരയെ പുതപ്പിച്ചു.അങ്ങനെ നോക്കിയ കുതിരയാണ്.ഏതു നേരത്താണോ ഉണ്ണിമോള്‍ക്ക് അങ്ങോട്ടേക്ക് പോകാന്‍ തോന്നിയത് ?? 

ഉണ്ണിമോള് തോട്ടില്‍ നിന്ന് വച്ചാലിലേക്ക് തൂമ്പ് തുറന്ന് വിടുന്നത് കാണാന്‍ പോയതാണ്. ഉണ്ണിമോള് എത്തിയപ്പോഴേക്കും വെള്ളപ്പാച്ചില് തുടങ്ങിക്കഴിഞ്ഞിരുന്നു.വലിയൊരെരവലോടെ വെള്ളം കുതിച്ചൊഴുകുകയാണ്.ആദ്യത്തെ കലക്കം കഴിഞ്ഞ് വെള്ളം തെളിഞ്ഞൊഴുകാന്‍ തുടങ്ങിയപ്പോള്‍ ഉണ്ണിമോള് പയ്യനെ വരമ്പത്തോട്ടെറങ്ങി വലത്തേക്കയ്യില്‍ കായപ്പെട്ടി മുറുകെ പിടിച്ച് ഇടത്തേക്കൈ ഒഴുക്കിനെതിരെ പിടിച്ചു.” ഹായ്,നല്ല രസം കൈയ്യും കൂടി ഒലിച്ചങ്ങ് പോവ്വാണ്”.പെട്ടെന്നാണ് കാല് വഴുക്കിയത് .വീഴാതിരിക്കാന് ഉണ്ണിമോള് വരമ്പില് കൈ കുത്തി.കായപ്പെട്ടി വെള്ളത്തില് വീഴുന്നതേ കണ്ടൊള്ളു.ഒരു മിന്നായം പോലെ തിരിവിലൂടെ ഒലിച്ചങ്ങ് പോയി ഉണ്ണിമോളുടെ നീലക്കുതിര.

ആദ്യത്തെ അന്ധാളിപ്പ് കഴിഞ്ഞപ്പോള്‍ ഉണ്ണിമോള് വരമ്പത്തൂടെ ഓടി.പറ്റാവുന്നത്ര ആയമെടുത്ത് ,വീഴാതിരിക്കാന്‍ കാലിലെ പെരുവിരലൂന്നി ഓടി.പറക്കുഴിയിലേക്ക് വെള്ളം കൊണ്ട് പോകുന്ന വലിയ വച്ചാലിനടുത്ത് വരെ ഓടി.വലിയ വച്ചാലിന് കുറുകെ കടക്കാന്‍ വച്ചിരുന്ന തെങ്ങും കുറ്റിയുടെ അറ്റത്തിരുന്ന് ഉണ്ണിമോള് കിതച്ചു.ഉണ്ണിമോള്‍ക്ക് കരയാന്‍ തോന്നി.ദൂരെ പാടത്തിന്റെ അറ്റത്ത് കുട്ടിക്കൂട്ടങ്ങള് വെള്ളത്തില്‍ കളിച്ച് തിമര്‍ക്കുന്നുണ്ട്.അതിലേത് ഭാഗ്യവാനാണോ ഉണ്ണിമോളുടെ കുതിരയെ കിട്ടിയിട്ടുണ്ടാവുക. ഉണ്ണിമോള് മെല്ലനെ തിരികെ നടന്നു.ആര്‍ത്തൊഴുകുന്ന വെള്ളത്തിലേക്ക് നോക്കാന്‍ കൂടെ തോന്നിയില്ല.വീടിന്റെ ഈടിക്കെത്തിയപ്പോഴേക്കും കാല് രണ്ടും പുകഞ്ഞ് തുടങ്ങിയിരുന്നു.ഓട്ടത്തിനിടെ വരമ്പിന്റെ രണ്ടു വക്കിലും ആര്‍ത്ത് വളര്‍ന്നു നിന്നിരുന്ന നാക്കരപ്പന്‍ കാടുകള്‍ പറ്റിച്ച പണിയാണ്.അത്രേമായപ്പോഴേക്കും ഉണ്ണിമോള് ശരിക്കും കരഞ്ഞ് തുടങ്ങിയിരുന്നു.

ഉണ്ണിമോള്‍ക്ക് ഒന്നു ചിണുങ്ങാനെങ്കിലുമുള്ള വക എന്നുമുണ്ടാകും .രണ്ടുദിവസം മുമ്പത്തെ കഥ തന്നെയെടുക്കാം.വടക്കേലെ അമ്പിളിയക്കന്റെ കൂടെ ആടിനെത്തീറ്റാന്‍ തുണ്ടില്‍ക്കാരുടെ പറമ്പില്‍ പോയതാണ് ഉണ്ണിമോള്.ഇടത്തോട്ടിലോട്ട് ചാഞ്ഞുനിന്ന പറങ്കിമാവിലോട്ട് നോക്കിയപ്പോള്‍ കൊതി സഹിച്ചില്ല. വലിഞ്ഞ് കയറി.താഴത്തെ കവട്ടയിലിരുന്ന് തുണ്ടിലമ്മ അവിടെയെങ്ങാനുമുണ്ടോ എന്നൊന്നെത്തി നോക്കി.അവിടിരുന്ന് എത്ര പറങ്കിമാങ്ങ ഈമ്പിയെന്നതിന് കണക്കില്ല. തുണ്ടിലമ്മേടെ കണ്ണിലൊട്ട് പെട്ടതുമില്ല.പക്ഷേ വീട്ടിലെത്തിയപ്പോഴേക്കും പാവം ഉണ്ണിമോള്‍ടെ കൈയ്യും വായും ചൊന വീണ് പൊള്ളിയിരുന്നു.

കരിഞ്ഞ് തുടങ്ങിയ പാടുകളില്‍ ഒന്നു കൂടി വിരലോടിച്ചു കൊണ്ട് ഉണ്ണിമോള് തിരിഞ്ഞും മറിഞ്ഞും കിടന്നു.വയറ് കാളുന്നുണ്ട്.കുതിര പോയ വാശിക്ക് അത്താഴമുണ്ണാതെ കിടന്നതാണ്.ഉണ്ണിമോള്‍ക്ക് വിളമ്പി വച്ച ചോറ് ഇപ്പൊ പുളിച്ചിട്ടുണ്ടാവും.പുളിച്ച ചോറിനെപ്പറ്റി ഓര്‍ത്തപ്പോഴേ വയറി പിണങ്ങി.കൊടലൂടെ ചുരുങ്ങി കണ്ണു രണ്ടും മാണ്ടു.

ഉണ്ണിമോള് കുതിരയെ തപ്പിയിറങ്ങിയതാണ്.സര്‍പ്പക്കാനിനടുത്തുള്ള കുളത്തില് ചെക്കന്‍മാര് ചൂണ്ടലിടുന്നുണ്ട്.ഒന്നു കണ്ടാലോ? എന്തൊരു മുട്ടന്‍ കാവാണ്.കാവിനെച്ചുറ്റി വെള്ളിലവള്ളികള്‍ മേലാപ്പ് കെട്ടിയിരിക്കുകയാണ്.

”അമ്മ കറുമ്പി മോള് വെളുമ്പി
മോളുടെ മോളൊരു സുന്ദരിക്കോത”

ഉണ്ണിമോള് ഈണത്തില്‍ ചൊല്ലിയത് കേട്ട് വെള്ളിലപ്പടര്‍പ്പൊന്നാകെ നാണിച്ചുലഞ്ഞു.ഉണ്ണിമോളുടെ തോളത്തൊരു അപ്പൂപ്പന്‍ താടി പറന്നിറങ്ങി.കാവിന്നുള്ളിലെ കൂറ്റന്‍ അപ്പൂപ്പന്‍താടി മരത്തിലെ പാതി പൊട്ടിയ പോളകള്‍ക്കുള്ളില്‍ വെള്ളിയടരുകള്‍ കാറ്റിനെ ധ്യാനിച്ചിരുന്നു.ഉണ്ണിമോള് പറന്നു വീഴുന്ന അപ്പൂപ്പന്‍താടികള്‍ പെറുക്കി നടന്നു.ഉണ്ണിമോളുടെ പാദങ്ങള്‍ക്കു കീഴെ ഉണങ്ങിയ പോളകള്‍ ഞെരിഞ്ഞ് ശബ്ദമുണ്ടാക്കി.നേരം പോയതറിഞ്ഞില്ല.ഉണ്ണിമോള് നിവര്‍ന്നു നോക്കിയപ്പോള്‍ ചുറ്റിനും ഇരുട്ട് വീണിരുന്നു.ചൂണ്ടലിടുന്ന പിള്ളാരെത്തിരഞ്ഞു.ആരുമില്ല….

ഉണ്ണിമോള് കണ്ണു തുറന്നു.ഇരുട്ട് മാത്രം .ഉണ്ണിമോള് കാതോര്‍ത്തു.അടുത്ത് നിന്നൊരു കൂര്‍ക്കംവലി.ഉണ്ണിമോള് ആശ്വാസത്തോടെ തിരിഞ്ഞു കിടന്നു.പിന്നെ കൈത്തലത്തിലെ അപ്പൂപ്പന്‍ താടികളുടെ മൃദുലതയിലേക്ക് മുഖമമര്‍ത്തി.

(ഉണ്ണിമോള് ഒരു പ്രതീകമാണ്.വലുതാകുമ്പോള്‍ മധുരതരമായ ഒരു പൊള്ളലിന്റെ ഒര്‍മ്മയുണര്‍ത്തി നെറ്റിത്തടത്തിലെ പുളിയുറുമ്പില്‍ ചുഴിയിലൊളിക്കുന്ന നിറവാര്‍ന്ന ബാല്യത്തിന്റെ പ്രതീകം .പക്ഷേ ഉണ്ണിമൊളുടെ മുറിവുകള്‍ മാത്രം സ്വന്തമാക്കി അവക്ക് പിന്നിലെ മനോഹരമായ ബാല്യം വെറും സ്വപ്നമാക്കി കടന്നു പോയ ‘അദിതി’ എന്ന പൂവിനു വേണ്ടി)

 

Show More

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close