കുവൈത്തില്‍ പ്രക്ഷോഭങ്ങളെ ശക്തമായി നേരിടുമെന്ന് ആഭ്യന്തരമന്ത്രാലയം

നീതിപീഠത്തിനെതിരെ ആരോപണം ഉന്നയിച്ച കേസില്‍ അറസ്റ്റിലായ മുന്‍ പാര്‍ലമെന്റംഗവും പ്രതിപക്ഷ ഏകോപനസമിതിയിലെ മുതിര്‍ന്ന നേതാവുമായ മുസല്ലം അല്‍-ബറാക്കിനെ വിട്ടയയ്ക്കണമെന്നാവശ്യപ്പെട്ട് കുവൈത്തില്‍ വ്യാപകമായി പ്രകടനങ്ങള്‍ അരങ്ങേറുകയാണ്. പ്രകടനങ്ങള്‍ അക്രമാസക്തമായതിനെത്തുടര്‍ന്ന് പല സ്ഥലങ്ങളിലും സേനയ്ക്ക് കണ്ണീര്‍വാതകം പ്രയോഗിക്കേണ്ടിവന്നു.

അതേസമയം പ്രക്ഷോഭങ്ങളെ ശക്തമായി നേരിടുമെന്നാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. കോടതിവിധിയെത്തുടര്‍ന്ന് തടവിലാക്കപ്പെട്ട മുന്‍ എം.പി. മുസല്ലം അല്‍ ബറാക്കിനെ വിട്ടയയ്ക്കണമെന്നാവശ്യപ്പെട്ട് വിവിധ പ്രതിപക്ഷ കക്ഷികളില്‍പ്പെട്ടവര്‍ ചേര്‍ന്നാണ് വ്യാപകമായ പ്രകടനങ്ങള്‍ സംഘടിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി തറാവീഹ് നമസ്‌കാരത്തിനുശേഷം മുന്‍ പാര്‍ലമെന്റ് സ്പീക്കര്‍ അഹമ്മദ് സാദൂബിന്റെ നേതൃത്വത്തില്‍ ഫീര്‍ദൗസിലേക്കും തുടര്‍ന്ന് ബറാക്കിനെ പാര്‍പ്പിച്ചിട്ടുള്ള സെന്‍ട്രല്‍ ജയിലിലേക്കുമാണ് പ്രകടനക്കാര്‍ നീങ്ങിയത്.

ബറാക്കിന്റെ അനുകൂലികള്‍ പ്രകടനം നടത്താനുള്ള സാധ്യത കണക്കിലെടുത്ത് സെന്‍ട്രല്‍ ജയിലിനു മുന്നില്‍ ആഭ്യന്തര മന്ത്രാലയം പൊതുസുരക്ഷാ വിഭാഗം അണ്ടര്‍ സെക്രട്ടറി കേണല്‍ അബ്ദുല്‍ ഫത്താഹ് അല്‍-അലിയുടെ നേതൃത്വത്തില്‍ വന്‍ സുരക്ഷാ സന്നാഹമാണ് ഒരുക്കിയിരുന്നത്.

പ്രകടനക്കാര്‍ സംഘര്‍ഷത്തിലേക്ക് നീങ്ങിയ പശ്ചാത്തലത്തിലാണ് സര്‍ക്കാറിന്റെ മുന്നറിയിപ്പ്. പ്രക്ഷോഭത്തിനെത്തിയവരില്‍ ഒരു സംഘം കല്ലേറ്് നടത്തുകയും ടയറുകള്‍ കത്തിച്ച് വാഹനഗതാഗതം തടസ്സപ്പെടുത്തുകയും ചെയ്തതോടെയാണ് പോലീസിന് കണ്ണീര്‍വാതകം പ്രയോഗിക്കേണ്ടിവന്നത്.

പ്രകടനക്കാരില്‍ കുഴപ്പക്കാരായ ചിലര്‍ പ്രശ്‌നം സൃഷ്ടിക്കുകയായിരുന്നുവെന്ന് മന്ത്രാലയം വ്യക്തമാക്കി. പ്രകടനക്കാര്‍ നിയമം കൈയിലെടുത്ത് പ്രധാന റോഡുകള്‍ അടയ്ക്കുകയും പോലീസിനെതിരെ കല്ലേറ്് നടത്തുകയും ചെയ്തു. കലാപങ്ങള്‍ക്കിടയാക്കുന്ന ഏതുതരം പ്രക്ഷോഭത്തെയും ശക്തമായി നേരിടുന്നതിനാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നീക്കം.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close