കെജ്രിവാള്‍ വീണ്ടും മാധ്യമങ്ങള്‍ക്കെതിരെ; മോദിയെ തുറന്നുകാട്ടാമോ എന്നു വെല്ലുവിളി

kejrival

മാധ്യമപ്രവര്‍ത്തകര്‍ക്ക് ധൈര്യമുണ്ടെങ്കില്‍ മോദിയെയും ഗുജറാത്തിന്റെ യഥാര്‍ഥ അവസ്ഥയും ജനങ്ങള്‍ക്കു മുന്നില്‍ തുറന്നുകാട്ടണമെന്ന് ആം ആദ്മി പാര്‍ട്ടി (എ.എ.പി.) കണ്‍വീനര്‍ അരവിന്ദ് കെജ്രിവാള്‍. ബാംഗ്ലൂരില്‍ നടന്ന റോഡ്‌ഷോയ്ക്കു മുന്നോടിയായി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാധ്യമങ്ങളെ മുഴുവന്‍ നരേന്ദ്രമോദി വിലക്കെടുത്തതായും എ.എ.പി. അധികാരത്തില്‍ വരികയാണെങ്കില്‍ മാധ്യമപ്രവര്‍ത്തകരെയും അവരെ വിലക്കെടുത്ത രാഷ്ട്രീയക്കാരെയും ജയിലിലടക്കുമെന്ന് കഴിഞ്ഞ ദിവസം നാഗ്പുരില്‍ നടന്ന റാലിയില്‍ പറഞ്ഞത് വിവാദമായ സന്ദര്‍ഭത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

മോദിയെ ജനക്ഷേമ തല്‍പരനായി ചിത്രീകരിക്കുന്നതില്‍ മാധ്യമങ്ങള്‍ വഹിച്ച പങ്ക് ചെറുതല്ല. പ്രത്യേകിച്ചും ദൃശ്യമാധ്യമങ്ങള്‍. ഗുജറാത്തിന്റെ ഇരുളടഞ്ഞ അധ്യായങ്ങള്‍ ജനങ്ങളറിയാതെ പോയത് അതുകൊണ്ടാണെന്നും കെജ്രിവാള്‍ പറഞ്ഞു. ഏതൊക്കെ മാധ്യമങ്ങളാണെന്ന ചോദ്യത്തിന് അദ്ദേഹം മറുപടി പറഞ്ഞില്ല.

മോദി സര്‍ക്കാര്‍ ലക്ഷക്കണക്കിന് ഏക്കര്‍ ഭൂമിയാണ് കൃഷിക്കാരില്‍ നിന്ന് തട്ടിയെടുത്തത്. വികസനത്തിന്റെ പേരില്‍ കര്‍ഷകരുടെ ഭുമി കയ്യേറുന്ന പ്രവര്‍ത്തനത്തില്‍ ഗുജറാത്തിലെ കോര്‍പ്പറേറ്റ് സ്ഥാപനങ്ങളാണ് ലാഭം കൊയ്യുന്നത്. അവിടത്തെ കര്‍ഷകരുടെ അവസ്ഥയാണ് വളരെ പരിതാപകരം. അത് ജനശ്രദ്ധയില്‍ കൊണ്ടുവരേണ്ട മാധ്യമങ്ങള്‍ ഗുജറാത്തില്‍ വന്‍വികസനമാണ് നടക്കുന്നതെന്നു പ്രചരിപ്പിക്കുകയും മോദി കര്‍ഷകരുടെ രക്ഷകനാണെന്ന് അവരെ ബോധ്യപ്പെടുത്തുകയാണ് ചെയ്തത്.

മോദിയുടെ യഥാര്‍ത്ഥമുഖം വെളിച്ചത്തുകൊണ്ടുവരാന്‍ മാധ്യമങ്ങള്‍ ശ്രമിക്കുകയാണെങ്കില്‍ തിരഞ്ഞെടുപ്പില്‍ കര്‍ഷകരടങ്ങുന്ന വലിയവിഭാഗം അദ്ദേഹത്തിന് വോട്ടുചെയ്യില്ല. ഗുജറാത്തിലെ കര്‍ഷകരുടെ അവസ്ഥ നേരിട്ടു കണ്ട അനുഭവത്തിലാണ് മോദിയുടെ യഥാര്‍ത്ഥ പ്രതിച്ഛായ ജനങ്ങളെ ബോധ്യപ്പെടുത്തണമെന്ന് അഭ്യര്‍ത്ഥിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മോദിയുടെ ‘ജനക്ഷേമ’ ഭരണത്തില്‍ 800 കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്. 16000 ത്തോളം ചെറുകിട വ്യവസായങ്ങള്‍ അടച്ചുപൂട്ടേണ്ടതായും വന്നു. അദ്ദേഹം മുഖ്യമന്ത്രിയായതിനു ശേഷം സംസ്ഥാനത്ത് അഴിമതിയും കോഴയും വര്‍ധിച്ചതല്ലാതെ കുറഞ്ഞിട്ടില്ല. ഗുജറാത്തിലെ യഥാര്‍ഥ അവസ്ഥ പുറം ലോകത്തെയറിയിക്കാനുള്ള ധൈര്യമാണ് മാധ്യമപ്രവര്‍ത്തകര്‍ക്കുണ്ടാവേണ്ടത്.

മോദി രാഷ്ട്രത്തിനു നേരെനടത്തുന്ന ഗുഢാലോചന തിരഞ്ഞെടുപ്പിനു മുന്നോടിയായി പുറത്തുകൊണ്ടു വരേണ്ടതുണ്ടെന്നും കെജ്രിവാള്‍ പറഞ്ഞു

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close