കൊച്ചി വിമാനത്താവളം തകര്‍ക്കുമെന്ന് ഭീഷണി

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം ആക്രമിച്ച് തകര്‍ക്കുമെന്ന് ഭീഷണി. വെള്ളിയാഴ്ച വൈകീട്ടാണ് ഭീഷണി മുഴക്കി വിമാനത്താവളത്തിലേയ്ക്ക് ഫോണ്‍ സന്ദേശമെത്തിയത്. 5.15നും 5.40-നുമിടയില്‍ നാലുവട്ടം വിമാനത്താവളത്തിലേയ്ക്ക് ഫോണ്‍ കോള്‍ വന്നു. സൗദി അറേബ്യയില്‍ നിന്നുള്ള കോളാണിതെന്നാണ് ഭീഷണി മുഴക്കിയവര്‍ പറഞ്ഞത്. ആദ്യം മലയാളത്തിലും പിന്നീട് ഹിന്ദിയിലുമായിരുന്നു സംഭാഷണം. ഇന്റര്‍നെറ്റ് കോളാണെന്നാണ് പ്രാഥമിക വിവരം.

അല്‍ഖ്വയ്ദ, മുജാഹിദ്ദീന്‍ എന്നീ സംഘടനകളുടെ പേരിലാണ് ഭീഷണി മുഴക്കിയത്. ഇവരുടെ ആളുകള്‍ ജയിലില്‍ ഉണ്ടെന്നും ജയിലില്‍ അടച്ചിരിക്കുന്നവരെ വിട്ടുകിട്ടണമെന്ന ആവശ്യവും ഭീഷണിപ്പെടുത്തിയവര്‍ മുന്നോട്ടുവെച്ചു. വിളിച്ചത് ഒരേ ആള്‍ തന്നെയാണെന്ന നിഗമനത്തിലാണ് പോലീസ്. കോളിന്റെ ഉറവിടം സംഭവിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് വിമാനത്താവളത്തില്‍ സുരക്ഷ കര്‍ശനമാക്കി. ജാഗ്രതാ നിര്‍ദേശവും നല്‍കിയിട്ടുണ്ട്. വിമാനത്താവളത്തില്‍ സുരക്ഷാ ഏജന്‍സികളുടെ അടിയന്തര യോഗവും ചേര്‍ന്നു. വിമാനത്താവളത്തില്‍ രണ്ട് ദിവസത്തേയ്ക്ക് സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ടെന്ന് എയര്‍പോര്‍ട്ട് ഡയറക്ടര്‍ എ.സി.കെ. നായര്‍ അറിയിച്ചു.

വിമാനത്താവള ടെര്‍മിനലുകള്‍ക്ക് മുന്‍പില്‍ ആളുകള്‍ കൂട്ടംകൂടി നില്‍ക്കുന്നതും നിരോധിച്ചിട്ടുണ്ട്. സുരക്ഷയ്ക്കായി കൂടുതല്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ട്. ബോംബ്, ഡോഗ് സ്‌ക്വാഡുകളുടെ സേവനവും ഉറപ്പ് വരുത്തിയിട്ടുണ്ട്. യാത്രക്കാരെ പ്രത്യേകം നിരീക്ഷിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close