കേരളം തീവ്രവാദത്തിന്റെ കളിത്തൊട്ടിലായിമാറി-മോദി

വികസന സാധ്യതകള്‍ വിനിയോഗിക്കാത്ത കേരളം തീവ്രവാദികളുടെ നഴ്‌സറിയായി മാറിയെന്ന് ബി.ജെ.പി.യുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദി ആരോപിച്ചു. ബി.ജെ.പി. സ്ഥാനാര്‍ഥി കെ. സുരേന്ദ്രന്റെ തിരഞ്ഞെടുപ്പ് പ്രചരണാര്‍ഥം കാസര്‍ക്കോട്ടെത്തിയതായിരുന്നു അദ്ദേഹം.
കേരളത്തിന്റെ ദുര്‍ഗതിയ്ക്ക് കാരണം യു.ഡി.എഫും എല്‍ .ഡി.എഫും ചേര്‍ന്നു നടത്തുന്ന ഒത്തുകളിയാണെന്ന് മോദി കുറ്റപ്പെടുത്തി. കേരളത്തില്‍ ഇവര്‍ നടത്തുന്നത് സൗഹൃദ മത്സരമാണ്. ഇത് അവസാനിപ്പിക്കേണ്ട സമയമായിരിക്കുന്നു. പുറത്ത് പച്ചയും ഉള്ളില്‍ ചുവപ്പും നിറമുള്ള തണ്ണിമത്തന്‍ പോലെയാണ് കോണ്‍ഗ്രസ്-മോദി പറഞ്ഞു.

വിശാലമായ തീരപ്രദേശവും സമ്പന്നമായ ആയുര്‍വേദ പാരമ്പര്യവുമുള്ള കേരളത്തിന് വികസന കാര്യത്തില്‍ വലിയ സാധ്യതകളായിരുന്നു ഉണ്ടായിരുന്നത്. കേരളത്തിന് വേണമെങ്കില്‍ ഉപ്പ് കയറ്റി അയക്കാമായിരുന്നു. അതുപോലെ തന്നെ ആയുര്‍വേദത്തിലും വിനോദസഞ്ചാര മേഖലയിലും അനന്ത സാധ്യതകള്‍ ഉണ്ടായിരുന്നു. എന്നാല്‍ , ഇതൊന്നും വേണ്ടവണ്ണം ഉപയോഗിക്കാന്‍ ഇവിടെ മാറിമാറി ഭരിച്ചവര്‍ക്ക് കഴിഞ്ഞില്ല. ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചിരുന്നെങ്കില്‍ മത്സ്യത്തൊഴിലാളികളുടെ വരുമാനം വര്‍ദ്ധിപ്പിക്കാമായിരുന്നു. പക്ഷേ, അതുണ്ടായില്ല.

ഇതിന് പകരം വിനോദസഞ്ചാരത്തിന്റെ നാടായ കേരളം തീവ്രവാദത്തിന്റെ കളിത്തൊട്ടിലായിമാറുകയാണുണ്ടായത്. സമാധാനത്തിന് പേരുകേട്ട സംസ്ഥാനമായിട്ടും ഇവിടെ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ കൂടി.

കേരളത്തിലെ യുവാക്കള്‍ക്ക് നാട്ടില്‍ തൊഴിലവസരം ലഭിക്കാത്ത അവസ്ഥയാണ്. അവര്‍ക്ക് തൊഴില്‍ തേടി വിദേശത്തേയ്ക്ക് പോകേണ്ടിവരുന്നു. ഇൗ പ്രവാസി യുവാക്കളുടെ ബാങ്ക് ഡ്രാഫ്റ്റിന്റെ ബലത്തിലാണ് കേരളം നിലനില്‍ക്കുന്നത്. എന്നാല്‍, വിദേശ മലയാളികള്‍ നേരിടുന്ന നിരവധി പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒന്നും തന്നെ ചെയ്യുന്നില്ല. ഇവരുടെ പ്രശ്‌നപരിഹാരത്തിന് കേന്ദ്ര സര്‍ക്കാരിലെ ഏറ്റവും ശക്തനായ എ.കെ. ആന്റണി ചെറുവിരല്‍ അനക്കാത്തത് എന്തുകൊണ്ടാണ്-മോദി ചോദിച്ചു.

കാസര്‍ക്കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ സര്‍ക്കാരുകള്‍ അവഗണിക്കുകയാണെന്ന് മോദി ആരോപിച്ചു. അതുപോലെ കടല്‍ക്കൊലക്കേസിലും സര്‍ക്കാര്‍ നിസ്സംഗത പാലിക്കുകയാണ്. കേരളത്തിലെ മത്സ്യത്തൊഴിലാളികളെ കൊലപ്പെടുത്തിയ ഇറ്റാലിയന്‍ നാവികരെ ഇപ്പോള്‍ ഏത് ജയിലിലാണ് പാര്‍പ്പിച്ചിരിക്കുന്നതെന്ന് പ്രധാനമന്ത്രിക്കോ പ്രതിരോധമന്ത്രിക്കോ കോണ്‍ഗ്രസ് അധ്യക്ഷയ്‌ക്കോ പറയാനാവുമോ?

പാകിസ്താന്‍ ഇന്ത്യന്‍ ജവാന്മാരെ കൊലപ്പെടുത്തിയപ്പോള്‍ പാകിസ്താനെ സന്തോഷിപ്പിക്കുന്ന പ്രസ്താവനയാണ് എ.കെ. ആന്റണി നടത്തിയത്.

കോണ്‍ഗ്രസിന്റേത് വഞ്ചനാപത്രികയാണ്. ഭീകരവാദത്തോട് സന്ധി ചെയ്യില്ലെന്ന പ്രകടനപത്രികയില്‍ പറയുന്ന കോണ്‍ഗ്രസിന് കഴിഞ്ഞ പത്ത് വര്‍ഷം കൊണ്ട് ഭീകരവാദത്തെ തളയ്ക്കാന്‍ കഴിഞ്ഞില്ല. നമ്മുടെ സേനയെ കൂടുതല്‍ ശക്തിപ്പെടുത്താനുള്ള ഒരു നടപടിയും കേന്ദ്രസര്‍ക്കാര്‍ കൈക്കൊണ്ടിട്ടില്ല. നമ്മുടെ മുങ്ങിക്കപ്പലുകളെല്ലാം തന്നെ കാലഹരണപ്പെട്ടുപോയിരിക്കുകയാണ്-ഇതിന് പ്രതിരോധമന്ത്രിയായ എ.കെ. ആന്റണി മറുപടി പറയണം. രാജ്യരക്ഷയുടെ കാര്യത്തില്‍ കാര്യക്ഷമതയും ശക്തവുമായ ഒരു സര്‍ക്കാരാണ് വേണ്ടത്-മോദി പറഞ്ഞു.

ഇത്തവണ ലോക്‌സഭയില്‍ സീറ്റുകളുടെ കാര്യത്തില്‍ കോണ്‍ഗ്രസിന് മൂന്നക്കം തികയ്ക്കാന്‍ കഴിയില്ല നിരവധി സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന് രണ്ടക്കം തികയ്ക്കാന്‍ കഴിയാത്ത നിരവധി ഉണ്ടാകും-മോദി പറഞ്ഞു.

ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരന്‍ മോദിയുടെ പ്രസംഗം പരിഭാഷപ്പെടുത്തി. കാസര്‍ക്കോട്ടെ സ്ഥാനാര്‍ഥി കെ.സുരേന്ദ്രന്‍, കണ്ണൂര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ഥി പി.സി. മോഹനന്‍ മാസ്റ്റര്‍ എന്നിവരും സംബന്ധിച്ചു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close