കേരളത്തിന് കനത്ത ഭാരം

rice

റെയില്‍വേ ചരക്ക് കൂലി വര്‍ധന കേരളത്തില്‍ അരി, സിമന്റ് വില കാര്യമായി ഉയരുന്നതിനു ഇടയാക്കും . കടത്തുകൂലി ഇനത്തില്‍ റേക്ക് ഒന്നിന് മൂന്നുലക്ഷം രൂപയുടെ വര്‍ധനയാണ് ഉണ്ടാകുക . പൊതുവിപണിയില്‍ അരിക്ക് കിലോയ്ക്ക് കുറഞ്ഞത് ഒരു രൂപയെങ്കിലും ഉയരുമ്പോള്‍  സിമന്റിന് ചാക്കിന് 20 രൂപ വരെ വില കൂടുക . യാത്രാക്കൂലി വര്‍ധനയ്ക്ക് പുറമെ ഉപഭോക്തൃസംസ്ഥാനമായ കേരളത്തിന് കനത്തഭാരം നല്‍കിക്കൊണ്ടാണ് റെയില്‍വേ ചരക്കുകൂലി വര്‍ധന നിലവില്‍ വരുന്നത്. കടത്തുകൂലി വര്‍ധന ഭാവിയില്‍ പെട്രോള്‍, ഡീസല്‍ വിലയും ഉയര്‍ത്താനിടയുണ്ട്.

കേരളത്തില്‍ പ്രചാരത്തിലുള്ള ജയ, സുരേഖ അരി ഇനങ്ങള്‍ക്ക് നിലവില്‍ കിലോയ്ക്ക് 34 മുതല്‍ 36 വരെ വിലയുണ്ട്. ആന്ധ്രയില്‍ കൊയ്ത്തുകാലം അവസാനിക്കുന്നതിനാല്‍ സ്വാഭാവികമായും കമ്പോളവില ഉയരാന്‍ സാധ്യതയുണ്ടായിരുന്നു. ഇതിന് പുറമെയാണ് റെയില്‍വേ ചരക്ക് കൂലി വര്‍ധിപ്പിച്ചത്. ഏപ്രില്‍ മുതല്‍ ജൂണ്‍വരെയാണ് ആന്ധ്രയില്‍ കൊയ്ത്തുകാലം. വില ഉയരുമെന്ന ഊഹത്തില്‍ കര്‍ഷകര്‍ നെല്ല് മില്ലുകള്‍ക്ക് വില്‍ക്കാന്‍ മടിക്കുന്നതും വില കൂട്ടാനിടയാക്കും. ഇതിന് പുറമെ വാഗണ്‍ ക്ഷാമം തുടരുന്നതും വിപണിയെ പ്രതികൂലമാക്കും. കഴിഞ്ഞവര്‍ഷം ചില്ലറ വിപണിയില്‍ കിലോയ്ക്ക് 41 രൂപയ്ക്ക് മേല്‍ അരിവില ഉയര്‍ന്നിരുന്നു. രണ്ടാഴ്ചയായി വാഗണ്‍ ക്ഷാമം നിലനില്‍ക്കുന്നുണ്ട്. ആഴ്ചയില്‍ ഒരു റേക്ക് മാത്രമാണ് കൊല്ലത്തേയ്ക്ക് എത്തുന്നത്. രണ്ട് റേക്ക് അരിവരെ വിപണിയില്‍ ആവശ്യമുണ്ട്. സ്വകാര്യമില്ലുകളും സംസ്ഥാനത്തേയ്ക്ക് അരി എത്തിക്കാന്‍ റെയില്‍വേയെ ആശ്രയിക്കുന്നുണ്ട്. ബ്രാന്‍ഡ് അരിയുടെ വിലയും ഉയരും. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് സ്വകാര്യമില്ലുകളിലേക്ക് ഗോതമ്പും എത്തുന്നുണ്ട്.

മണല്‍ ക്ഷാമത്തിനൊപ്പം സിമന്റ് വില ഉയരുന്നതും നിര്‍മാണമേഖലയെ പ്രതികൂലമായി ബാധിക്കും. പ്രമുഖ ബ്രാന്‍ഡ് സിമന്റിന് 370 മുതല്‍ 380 രൂപവരെ വിലയുണ്ട്. ഇതില്‍ 20 രൂപവരെ കൂടാനിടയുണ്ട്. രാംകോ, ശങ്കര്‍, ഡാല്‍മിയ, ചെട്ടിനാട് തുടങ്ങിയ ബ്രാന്‍ഡുകള്‍ സംസ്ഥാനത്തേയ്ക്ക് സിമന്റ് എത്തിക്കാന്‍ റെയില്‍വേയെ ആശ്രയിക്കുന്നുണ്ട്.കെട്ടിടനിര്‍മാണ മേഖലയ്ക്ക് മാസം ഒമ്പത് ലക്ഷം ടണ്‍ സിമന്റ് ആവശ്യമുണ്ട്. ഇതില്‍ പകുതിയും തീവണ്ടി മാര്‍ഗ്ഗമാണ് എത്തുന്നത്. 43 വാഗണുകള്‍ അടങ്ങിയ റേക്കിന് നിലവില്‍ 46 ലക്ഷം രൂപയാണ് റെയില്‍വേ ഈടാക്കുന്ന വാടക. 63 ടണ്‍ അരിയാണ് ഒരു വാഗണില്‍ ഉള്‍ക്കൊള്ളുക. 630 ക്വിന്റലിന് 175 രൂപ െവച്ച് 1,10,250 രൂപ വാടക ഇപ്പോള്‍ നല്‍കേണ്ടതുണ്ട്. 7,166 രൂപയുടെ വര്‍ധനവാണ് ഒരു വാഗണിന് ചരക്ക് കൂലി ഇനത്തില്‍ അധികം നല്‍കേണ്ടിവരുക. നിലവില്‍ ക്വിന്റലിന് 175 രൂപയാണ് ചരക്ക് കൂലി. ഇതില്‍ 6.5 ശതമാനം വര്‍ധനവുണ്ടാകും. ഇതിന് ആനുപാതികമായി ലോറി വാടകയും ഉയരാറുണ്ട്. നിലവില്‍ ക്വിന്റലിന് 3100 മുതല്‍ 3300 രൂപവരെ മൊത്തവില കേന്ദ്രങ്ങളില്‍ ഈടാക്കുന്നുണ്ട്. തിരുവനന്തപുരം റെയില്‍വേ ഡിവിഷന് പ്രതിമാസം 25 കോടിരൂപയാണ് ചരക്ക് കടത്തിലൂടെ ലഭിക്കുന്നത്. ഇതില്‍ 1.5 കോടി രൂപയുടെ വര്‍ധനവ് പ്രതീക്ഷിക്കുന്നുണ്ട്. ഇതില്‍ 18 കോടി രൂപയോളം പെട്രോളിയം ഉത്പന്നങ്ങളുടെ കടത്തിലൂടെയാണ് ലഭിക്കുന്നത്. പെട്രോളിയം കമ്പനികള്‍ ഇന്ധനവില പുനര്‍നിര്‍ണയിക്കുമ്പോള്‍ ചരക്ക് കൂലി വര്‍ധനവും കണക്കിലെടുക്കും. അവശേഷിക്കുന്ന ഏഴുകോടി രൂപയുടെ വരുമാനമാണ് സിമന്റ്, അരി, വളം എന്നിവയുടെ കടത്തിലൂടെ ലഭിക്കുന്നത്.

Show More

Related Articles

Close
Close