കോണ്‍ഗ്രസിന് തിരിച്ചടിയായത് ന്യൂനപക്ഷ പ്രീണനം: ആന്റണി കമ്മിറ്റി

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് തിരിച്ചടിയായത് ന്യൂനപക്ഷ പ്രീണനമാണെന്ന് തിരഞ്ഞെടുപ്പ് തോല്‍വിയെക്കുറിച്ച് എ.കെ. ആന്റണി അധ്യക്ഷനായ സമിതി തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞു.

കോണ്‍ഗ്രസിന്റെ ന്യൂനപക്ഷ പ്രീണനം ഭൂരിപക്ഷ വോട്ട് ഏകീകരണത്തിന് വഴിവെച്ചെന്നും അത് ബി.ജെ.പി.ക്ക് ഗുണകരമായെന്നും റിപ്പോര്‍ട്ട് പറയുന്നു.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ന്യൂനപക്ഷങ്ങള്‍ പൂര്‍ണമായും കോണ്‍ഗ്രസിനെ വിശ്വസിച്ചില്ല. മറുഭാഗത്ത് ബി.ജെ.പി.ക്ക് അനുകൂലമായി ഭൂരിപക്ഷ വോട്ട് ഏകീകരണം ഉണ്ടാവുകയും ചെയ്തു. ഫലപ്രദമായ ഒരു തിരഞ്ഞെടുപ്പ് തന്ത്രം ആവിഷ്‌കരിക്കുന്നതില്‍ പാര്‍ട്ടി നേൃത്വം പരാജയപ്പെട്ടു. പോരാത്തതിന് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ പാര്‍ട്ടിയുടെ കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങള്‍ തമ്മില്‍ ഏകോപനമുണ്ടായതുമില്ല. സംഘടനാതലത്തില്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനം സജീവമായിരുന്നില്ല. കീഴ്ഘടകങ്ങള്‍ പലതും നിര്‍ജീവമായിരുന്നു. അതേസമയം ബി.ജെ.പി.ക്കുവേണ്ടി ബൂത്ത്തലം മുതല്‍ ആര്‍.എസ്.എസ് സജീവമായി രംഗത്തുവന്നിരുന്നു. മോദിയെ ഒരു മാന്ത്രികനായി ചിത്രീകരിക്കുന്നതില്‍ ആര്‍.എസ്.എസ്. വിജയിക്കുകയും ചെയ്തു. ഇത് ബി.ജെ.പിക്ക് വലിയ തോതില്‍ ഗുണം ചെയ്തു.

പല കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ക്കുമെതിരെ ഭരണവിരുദ്ധ വികാരവുമുണ്ടായിരുന്നു. കേന്ദ്ര സര്‍ക്കാരും സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് സര്‍ക്കാരുകളും തമ്മിലും ഏകോപനമുണ്ടായതുമില്ല. പരാജയഭീതിയോടെയാണ് പല മുതിര്‍ന്ന നേതാക്കളും മത്സരിക്കാന്‍ തയ്യാറായത്. ഇതെല്ലാമാണ് തിരിച്ചടിയുടെ പ്രധാന കാരണം-സമിതി റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തി. വിവിധ തലങ്ങളില്‍ പ്രവര്‍ത്തനം ഊര്‍ജിതമാക്കി പാര്‍ട്ടിയെ ശക്തിപ്പെടുത്തണമെന്ന നിര്‍ദേശവും സമിതി റിപ്പോര്‍ട്ടില്‍ മുന്നോട്ടുവച്ചിട്ടുണ്ട്.

ആന്റണിക്ക് പുറമെ മുകുള്‍ വാസ്‌നിക്, ആര്‍.സി. കണ്ടിയ, അവിനാശ് പാണ്‌ഡെ എന്നിവര്‍ അംഗങ്ങളായ സമിതി കഴിഞ്ഞയാഴ്ച സമര്‍പ്പിച്ച റിപ്പോര്‍ട്ട് പാര്‍ട്ടി ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close