കോഴിക്കോട്ട് റെയില്‍പ്പാളം ദ്വാരങ്ങളുണ്ടാക്കി തകര്‍ക്കാന്‍ ശ്രമം

 

മംഗലാപുരംഷൊറണൂര്‍ പാതയില്‍ കോഴിക്കോട് ഫറോക്കിനടുത്ത് റെയില്‍പ്പാളം ദ്വാരങ്ങളുണ്ടാക്കി തകര്‍ക്കാന്‍ ശ്രമിച്ചത് കണ്ടെത്തി. ആസൂത്രിതമായ അട്ടിമറിശ്രമമാണെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ സിറ്റി പോലീസ് കമ്മീഷണര്‍ എ.വി.ജോര്‍ജിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.

കോഴിക്കോട് ഫറോക്ക് സ്‌റ്റേഷനുകള്‍ക്കിടയില്‍ കുണ്ടായിത്തോട് അടിപ്പാതയില്‍നിന്ന് 20 മീറ്റര്‍ തെക്ക് ഷൊറണൂര്‍ ഭാഗത്തേക്ക് ട്രെയിനുകള്‍ പോകുന്ന ട്രാക്കിന്റെ ഇരുറെയിലുകളിലുമായി മുകള്‍ഭാഗത്ത് 34 ദ്വാരങ്ങളാണുള്ളത്. അഞ്ച് മില്ലി മീറ്റര്‍ വ്യാസവും അത്രതന്നെ ആഴവുമുണ്ട്.

വലതുവശത്തെ റെയിലില്‍ 14ഉം ഇടതുവശത്ത് 20ഉം ദ്വാരങ്ങളുണ്ട്. ഇവിടെനിന്ന് ഈ റെയിലുകളില്‍ തെക്കുഭാഗത്തേക്ക് 150 മീറ്റര്‍ നീളത്തില്‍ 3.45 മീറ്റര്‍ ഇടവിട്ട് ചില പാടുകളും കണ്ടെത്തിയിട്ടുണ്ട്. റെയില്‍ തുരന്നപ്പോഴുണ്ടായ ഇരുമ്പുപൊടി പിന്നീടുവന്ന ട്രെയിനിന്റെ ചക്രത്തില്‍ പറ്റിപ്പിടിച്ചതുമൂലമാകാം ഈ പാടുകള്‍ ഉണ്ടായതെന്നും സംശയിക്കുന്നു. ട്രെയിനുകള്‍ 110 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുന്ന ഈ റെയില്‍ ജനവാസകേന്ദ്രത്തോട് ചേര്‍ന്നാണുള്ളത്. നാട്ടുകാര്‍ എപ്പോഴും പാളങ്ങള്‍ മുറിച്ചുകടക്കാന്‍ ഉപയോഗിക്കുന്ന സ്ഥലംകൂടിയാണിത്.

ട്രാക്കില്‍ പരിശോധനനടത്തുന്ന കീമാന്‍ 15 ദിവസംമുമ്പ് ഇതില്‍ ഒരു റെയിലില്‍ ചില പാടുകള്‍ കണ്ട് ഉയര്‍ന്ന ഉദ്യോഗസ്ഥരെ വിവരമറിയിച്ചിരുന്നു. എന്നാല്‍, റെയില്‍ഗതാഗതത്തെ ബാധിക്കുന്നതല്ലെന്നതുകൊണ്ട് പരിശോധന നടന്നില്ല.

വ്യാഴാഴ്ച വൈകീട്ട് വീണ്ടും കീമാന്‍ റെയിലിന്റെ മറുഭാഗത്ത് കൂടുതല്‍ പാടുകള്‍ കണ്ടെന്ന് അറിയിച്ചു. തുടര്‍ന്ന് വെള്ളിയാഴ്ച രാവിലെ പെര്‍മനന്റ്‌വേ ജൂനിയര്‍ എന്‍ജിനീയര്‍ പുഷ്‌ട്രോളി ഉപയോഗിച്ച് പരിശോധന നടത്തിയപ്പോഴാണ് പാടുകളുടെ കൂട്ടത്തില്‍ കുഴികളും കണ്ടത്.

എല്ലാ കുഴികളും ഒരേ സ്വഭാവത്തിലായതുകൊണ്ട് യന്ത്രം ഉപയോഗിച്ച് ആസൂത്രിതമായി ചെയ്തതാണെന്ന് സ്ഥിരീകരിച്ചു. ആധുനികരീതിയിലുള്ള ഡ്രില്ലര്‍ ഉപയോഗിച്ച് വിദഗ്ധരായ തൊഴിലാളികള്‍ക്കുമാത്രമേ ഇത്തരം കുഴികള്‍ നിര്‍മിക്കാന്‍ സാധിക്കൂവെന്ന് അന്വേഷണസംഘം പറയുന്നു.

സിറ്റി പോലീസ് കമ്മീഷണര്‍ എ.വി.ജോര്‍ജ്, ഡെപ്യൂട്ടി കമ്മീഷണര്‍ കെ.ബി.വേണുഗോപാല്‍, നോര്‍ത്ത് അസി.കമ്മീഷണര്‍ എ.വി.പ്രദീപ്, നല്ലളം സി.ഐ. കെ.എസ്.ഷാജി, ആര്‍.പി.എഫ്. ഇന്‍സ്‌പെക്ടര്‍ അനില്‍കുമാര്‍, നല്ലളം എസ്.ഐ. ജി.ഗോപകുമാര്‍ എന്നിവരും ബോംബ് സ്‌ക്വാഡും ശാസ്ത്രീയ കുറ്റാന്വേഷണ വിഭാഗവും സ്ഥലത്ത് പരിശോധനനടത്തി. ആര്‍.പി.എഫും നല്ലളം പോലീസും കേസെടുത്തിട്ടുണ്ട്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close