കോടിയാട്ടുകരയില്‍ അടിപ്പാത വരുന്നു; കാത്തുകിടപ്പ് ഒഴിവാകും

ചെങ്ങന്നൂര്‍: മുണ്ടങ്കാവ് കോടിയാട്ടുകര ലെവല്‍ ക്രോസില്‍ അടിപ്പാത വരുന്നു. കോടിയാട്ടുകര, കിഴക്കേനട ഭാഗങ്ങളിലും മുണ്ടങ്കാവിലും പോകാനുള്ള ലെവല്‍ ക്രോസിലെ കാത്തുകിടപ്പ് ഇതോടെ ഒഴിവാകും.
അടിപ്പാത പണി ഇതിനകം തുടങ്ങിയിട്ടുണ്ട്. മൂന്നുമാസത്തിനകം പൂര്‍ത്തീകരിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. കോടിയാട്ടുകര, മുണ്ടങ്കാവ് പ്രദേശവാസികള്‍ക്ക് ഏറെ യാത്രാബുദ്ധിമുട്ട് ഉണ്ടാക്കുന്നതായിരുന്നു ഈ ലെവല്‍ക്രോസ്.
ഗേറ്റ് അടയ്ക്കുമ്പോള്‍ രണ്ടുവശത്തും വാഹനങ്ങളുടെ നീണ്ട ക്യൂ ഉണ്ടാവും. അടിപ്പാത യാഥാര്‍ഥ്യമാകുന്നതോടെ ഇത് അവസാനിക്കും.
പാതയില്‍നിന്ന് പന്ത്രണ്ടര അടി ഉയരത്തിലാണ് ട്രാക്ക്. അതുകൊണ്ട് ലോറികള്‍ക്കടക്കം അടിപ്പാതയിലൂടെ കടന്നുപോകാം. രണ്ടരക്കോടി രൂപയാണ് നിര്‍മാണച്ചെലവ്. ഏഴു മീറ്ററാണ് പാതയുടെ വീതി. ഇരട്ടവരി ഗതാഗതത്തിന് സൗകര്യം ഉണ്ടായിരിക്കും.
അടിപ്പാത വരുമ്പോള്‍ മുണ്ടങ്കാവ്-കോടിയാട്ടുകര-കിഴക്കേനട റോഡിനെ ബൈപ്പാസ്സായി രൂപപ്പെടുത്താം. എം.സി. റോഡില്‍ ഗതാഗതക്കുരുക്ക് ഉണ്ടാകുമ്പോള്‍ കുറെ വാഹനങ്ങള്‍ ഇതുവഴി തിരിച്ചുവിടാം. കിഴക്കേനട വഴി എം.സി. റോഡിലെ ഗവ. ആസ്​പത്രി കവലയിലോ ഐ.ടി.ഐ. കവലയ്ക്ക് സമീപമോ വാഹനങ്ങള്‍ക്കെത്താം.
മുണ്ടങ്കാവ്-കോടിയാട്ടുകര-കിഴക്കേനട റോഡിന് അല്പം വീതി കൂട്ടിയാല്‍ വലിയ വാഹനങ്ങള്‍ക്ക് സൗകര്യമായി ഇതുവഴി പോകാന്‍ കഴിയും.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close