കോണ്‍ഗ്രസ് ബൂത്തുതല തിരഞ്ഞെടുപ്പുകള്‍ പൂര്‍ത്തിയായി

കോണ്‍ഗ്രസ് പുനഃസംഘടനയുടെ ഭാഗമായി ബൂത്തുതല തിരഞ്ഞെടുപ്പുകള്‍ പൂര്‍ത്തിയായി. സംസ്ഥാനത്തൊട്ടാകെ 21,458 ബൂത്ത് കമ്മിറ്റികളാണു പുനഃസംഘടിപ്പിച്ചത്. ഭൂരിഭാഗം ബൂത്തുകളിലും മല്‍സരമില്ലാതെ അഭിപ്രായ ഐക്യത്തിലൂടെ കമ്മിറ്റികള്‍ രൂപവല്‍ക്കരിച്ചതായി കെപിസിസി അറിയിച്ചു. എന്നാല്‍ ചിലയിടങ്ങളില്‍ സംഘര്‍ഷവും ഏറ്റുമുട്ടലുകളുമുണ്ടായി. ഇതുമൂലം തിരഞ്ഞെടുപ്പ് മാറ്റിവയ്‌ക്കേണ്ടിവന്നു.

കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ തിരുവനന്തപുരത്ത് കുന്നുകുഴി 140-ാം നമ്പര്‍ ബൂത്തിലെ യോഗത്തില്‍ പങ്കെടുത്തു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പുതുപ്പള്ളി പഞ്ചായത്തിലെ 111-ാം ബൂത്തിലും മന്ത്രി രമേശ് ചെന്നിത്തല മാവേലിക്കര ചെന്നിത്തലയിലെ 122-ാം ബൂത്തിലും കമ്മിറ്റി രൂപവല്‍ക്കരണത്തില്‍ പങ്കെടുത്തു. നേരിട്ടു പങ്കെടുക്കാന്‍ കഴിയാതിരുന്ന എ.കെ. ആന്റണി, എം.എം.ഹസന്റെ വീട്ടില്‍ ചേര്‍ന്ന ജഗതി 79-ാം ബൂത്ത് യോഗത്തില്‍ ഫോണിലൂടെ പ്രസംഗിച്ചു പങ്കാളിയായി.

തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് 29-ാം ബൂത്തില്‍ കമ്മിറ്റി രൂപവല്‍ക്കരണവേളയില്‍ വോട്ടര്‍മാര്‍ ഒപ്പിട്ട പേപ്പറുകള്‍ ഒരു സംഘം തട്ടിപ്പറിച്ചു കൊണ്ടുപോയി. പേരൂര്‍ക്കടയില്‍ 94-ാം ബൂത്തില്‍ തിരഞ്ഞെടുപ്പു നടത്തേണ്ട നിലവിലെ ബൂത്ത് പ്രസിഡന്റ് മുങ്ങി. തുടര്‍ന്ന് മണ്ഡലം കമ്മിറ്റി ഇടപെട്ട് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. കോട്ടയത്ത് തര്‍ക്കത്തെ തുടര്‍ന്നു നാലു ബൂത്തുകളിലെ തിരഞ്ഞെടുപ്പു മാറ്റിവച്ചതായി ഡിസിസി അറിയിച്ചു. എന്നാല്‍, പത്തിലേറെ ബൂത്തുകളിലെ തിരഞ്ഞെടുപ്പു മാറ്റിവച്ചെന്ന് ഐ ഗ്രൂപ്പ് വക്താക്കള്‍ ആരോപിച്ചു.

കല്ലറ, കടുത്തുരുത്തി, അതിരമ്പുഴ, കുറിച്ചി എന്നിവിടങ്ങളിലെ ബൂത്തുകളിലാണ് സംഘര്‍ഷവും വാക്കേറ്റവുമുണ്ടായതിനെ തുടര്‍ന്നു തിരഞ്ഞെടുപ്പു മാറ്റിവച്ചതായി ഔദ്യോഗിക അറിയിപ്പു ലഭിച്ചത്. എന്നാല്‍, ഈ നാലിടത്തെ കൂടാതെ മണിമല പഞ്ചായത്തിലെ മൂന്നു ബൂത്തുകളിലും, കുറവിലങ്ങാട്, കടപ്ലാമറ്റം, മീനടം, ചങ്ങനാശേരിയിലെ 102-ാം ബൂത്തിലും സംഘര്‍ഷമുണ്ടായതായാണ് ഐ ഗ്രൂപ്പിന്റെ ആരോപണം.

തൃശൂര്‍ പുതുക്കാട് മണ്ഡലത്തില്‍ നാലുപേര്‍ക്ക് പരുക്കേറ്റു. മുന്‍ മന്ത്രി കെ.പി. വിശ്വനാഥനെ അനുകൂലിക്കുന്നവരും ഐ വിഭാഗവും തമ്മിലാണ് സംഘര്‍ഷമുണ്ടായത്. തര്‍ക്കത്തെത്തുടര്‍ന്ന് 17 ബൂത്തുകളിലെ തിരഞ്ഞെടുപ്പു മാറ്റിവച്ചു. കാസര്‍കോട് ജില്ലയിലെ കടുമേനി, പാറക്കടവ് ബൂത്തുകളില്‍ തിരഞ്ഞെടുപ്പു നടന്നെങ്കിലും അന്തിമഫലം മേല്‍ക്കമ്മിറ്റിക്കു വിട്ടു. കമ്പല്ലൂരിലെ ഒരു ബൂത്തില്‍ തിരഞ്ഞെടുപ്പിനു തൊട്ടുപിന്നാലെ സംഘര്‍ഷമുണ്ടായി. കണ്ണൂര്‍ പള്ളിക്കുന്ന് പഞ്ചായത്തിലെ പടന്നപ്പാലം ബൂത്തില്‍ പ്രവര്‍ത്തകര്‍ ഗ്രൂപ്പ് തിരിഞ്ഞ് ഏറ്റുമുട്ടി. തുടര്‍ന്ന് ഇവിടത്തെ തിരഞ്ഞെടുപ്പു മാറ്റിവച്ചു.

മലപ്പുറത്ത് വാഴക്കാട് മണ്ഡലത്തിലെ ചീനി ബസാര്‍, കൊണ്ടോട്ടി മണ്ഡലത്തിലെ മേലങ്ങാടി, പുളിക്കല്‍ മണ്ഡലത്തിലെ അങ്ങാടി, ചെറുകാവ് എന്നിവിടങ്ങളില്‍ അടിപിടിയുണ്ടായതിനെ തുടര്‍ന്ന് തിരഞ്ഞെടുപ്പു നിര്‍ത്തിവച്ചു. പാലക്കാട്ട് വടക്കഞ്ചേരിയിലെ ഒരു ബൂത്തില്‍ കമ്മിറ്റി യോഗത്തിന്റെ മിനിട്‌സ് തട്ടിയെടുത്തു. മംഗലത്ത് ബൂത്തു കമ്മിറ്റിക്കുപകരം ഏതാനും പേര്‍ ചേര്‍ന്ന് ബദല്‍ കമ്മിറ്റി രൂപീകരിച്ചു. ഇടുക്കി ജില്ലയില്‍ ഏഴു ബൂത്തുകളിലൊഴികെ തിരഞ്ഞെടുപ്പു നടന്നു. ഇന്നലെ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പു നടന്ന മറയൂര്‍, ചക്കുപള്ളം, പുറപ്പുഴ എന്നീ പഞ്ചായത്തുകളില്‍ ഇന്ന് തിരഞ്ഞെടുപ്പു നടക്കും. പത്തനംതിട്ടയില്‍ 32 ബൂത്തുകളിലെ തിരഞ്ഞെടുപ്പു മാറ്റിവച്ചു. പ്രവര്‍ത്തകര്‍ തമ്മിലുള്ള തര്‍ക്കം കാരണമാണ് അഞ്ചിടങ്ങളില്‍ മാറ്റിവച്ചത്. മന്ത്രി അടൂര്‍ പ്രകാശ് അടൂര്‍ 82-ാം നമ്പര്‍ ബൂത്തിലെ തിരഞ്ഞെടുപ്പു നിയന്ത്രിച്ചു.

 

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close