കോമണ്‍വെല്‍ത്ത് ഗെയിംസിന് വര്‍ണാഭമായ തുടക്കം

71 രാജ്യങ്ങളില്‍ നിന്നുള്ള 4,500 അത്‌ലിറ്റുകളെയും, സ്‌റ്റേഡിയം നിറഞ്ഞുകവിഞ്ഞ നാല്‍പതിനായിരത്തോളം കാണികളെയും ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ടെലിവിഷന്‍ പ്രേക്ഷകരെയും സാക്ഷികളാക്കി കോമണ്‍വെല്‍ത്ത് ഗെയിംസിന് പ്രൗഢഗംഭീര തുടക്കം. ഇനി 11 ദിവസം ഇവിടെ സൂര്യനസ്തമിക്കാത്ത ദിനങ്ങള്‍.

സ്‌കോട്‌ലന്‍ഡിലെ പ്രമുഖ ഫുട്‌ബോള്‍ ക്ലബായ സെല്‍ട്ടിക്കിന്റെ ഹോം ഗ്രൗണ്ടില്‍ നടന്ന ആഘോഷച്ചടങ്ങില്‍, എലിസബത്ത് രാജ്ഞി ഗെയിംസ് ഉല്‍ഘാടനം ചെയ്തു. മൂന്നു മണിക്കൂര്‍ നീണ്ട ഉദ്ഘാടനച്ചടങ്ങുകള്‍ കാണികള്‍ക്ക് ദൃശ്യവിരുന്നൊരുക്കി. സ്‌കോട്‌ലന്‍ഡിന്റെ പാരമ്പര്യത്തനിമയും പ്രൗഢമായ സാംസ്‌കാരിക പൈതൃകവും നിറഞ്ഞുനിന്നതായിരുന്നു ഉദ്ഘാടനചടങ്ങുകള്‍. രണ്ടായിരത്തോളം വരുന്ന കലാകാരന്‍മാരാണ് പരിപാടികള്‍ അവതരിപ്പിച്ചത്. കോമണ്‍വെല്‍ത്ത് ബാറ്റണില്‍ നിന്നുള്ള തന്റെ സന്ദേശം വായിച്ചുകൊണ്ട് എലിസബത്ത് രാജ്ഞി ഗെയിംസ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.

288 ദിവസങ്ങളിലായി, 1,20,000 മൈലുകള്‍ താണ്ടിയ കോമണ്‍വെല്‍ത്ത് ബാറ്റണുമായി സാഹസിക താരം മാര്‍ക്ക് ബ്യൂമോണ്ട് ഒരു സീ പ്ലെയിനില്‍ നഗരത്തിലെ ക്ലൈഡി നദിയില്‍ വന്നിറങ്ങുകയായിരുന്നു. തുടര്‍ന്ന് ബാറ്റണ്‍ സെല്‍ട്ടിക് പാര്‍ക്കിലേക്ക് ആനയിക്കപ്പെട്ടു. കായികരംഗത്തിലൂടെ കുട്ടികളെ മികവിലേക്ക് നയിച്ച ഒരു സംഘം വളണ്ടിയര്‍മാരുടെ കൈകളിലേക്ക് സ്‌റ്റേഡിയത്തില്‍ വച്ച് ബാറ്റണ്‍ കൈമാറി. അവസാനഘട്ടത്തില്‍ ബാറ്റണ്‍ മലേഷ്യയുടെ ഇംറാന്‍ രാജകുമാരന് കൈമാറി. അദ്ദേഹം ബാറ്റണ്‍ തുറന്ന് സന്ദേശം എടുത്ത് രാജ്ഞിക്ക് കൈമാറി. തുടര്‍ന്നായിരുന്നു ഗെയിംസിന്റെ ഔദ്യോഗിക ഉദ്ഘാടനം.

വിസ്മയ കലാദൃശ്യങ്ങളുടെ ഘോഷയാത്രയായിരുന്നു പിന്നീട്. ഗ്രാമി ജേതാവ് റോഡ് സ്റ്റിയുവര്‍ട്ട്, സ്‌കോട്ടിഷ് സംഗീത പ്രതിഭകളായ സൂസന്‍ ബോയല്‍, അമി മക് ഡൊണാള്‍ഡ്, ജൂലി ഫോളിസ് തുടങ്ങിയവര്‍ അണിനിരന്ന സംഗീത.നൃത്തവിരുന്ന് കാണികള്‍ മനം നിറയെ ആസ്വദിച്ചു.

സ്‌റ്റേഡിയത്തില്‍ നിറഞ്ഞുകവിഞ്ഞ കാണികള്‍ക്കു പുറമേ, പ്രത്യേകമായി സജ്ജീകരിച്ചിരുന്ന എല്‍ഇഡി സ്‌ക്രീനിലൂടെയും പതിനായിരങ്ങള്‍ ചടങ്ങുകള്‍ വീക്ഷിച്ചു. 100 മീറ്റര്‍ നീളവും 11 മീറ്റര്‍ വീതിയുള്ള പടുകൂറ്റന്‍ സ്‌ക്രീനാണ് ഇതിനായി തയാറാക്കിയത്. തുടര്‍ന്ന് നടന്ന മാര്‍ച്ച് പാസ്റ്റില്‍ 71 രാജ്യങ്ങളിലെയും താരങ്ങള്‍ അണിനിരന്നു. ഷൂട്ടിങ് താരം വിജയ് കുമാറാണ് ഇന്ത്യന്‍ പതാക വഹിച്ചത്. ഒട്ടേറെ മെഗാ മല്‍സരങ്ങള്‍ക്ക് ഉദ്ഘാടനച്ചടങ്ങൊരുക്കിയ ജാക്ക് മോര്‍ട്ടന്‍ വേള്‍ഡ് വൈഡ് എന്ന കമ്പനിയായിരുന്നു ചടങ്ങുകള്‍ ഒരുക്കിയത്.

 

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close