കോമണ്‍വെല്‍ത്ത് ഗെയിംസ്: ഇന്ത്യ അഞ്ചാം സ്വര്‍ണം വെടിവെച്ചിട്ടു

ഷൂട്ടിങ് റേഞ്ചില്‍ ഇന്ത്യയുടെ സുവര്‍ണഗാഥ തുടരുന്നു. വനിതകളുടെ 10 മീറ്റര്‍ എയര്‍റൈഫിളില്‍ സ്വര്‍ണം നേടിയ അപൂര്‍വി ചന്ദേലയും 25 മീറ്റര്‍ പിസ്റ്റളില്‍ സ്വര്‍ണം നേടിയ രാഹി സെര്‍ണോബതും കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ മൂന്നാം ദിനം ഇന്ത്യയുടെ സ്വര്‍ണനേട്ടം അഞ്ചാക്കി. ഇന്ത്യയുടെ തന്നെ അയോണിക പോളിനും അനീസ സയ്യിദിനുമാണ് യഥാക്രമം രണ്ടിനങ്ങളിലും വെള്ളി. നേരത്തെ പുരുഷന്‍മാരുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ പ്രകാശ് നഞ്ചപ്പ ഇന്ത്യയ്ക്കായി വെള്ളി നേടിയിരുന്നു. അഞ്ചു സ്വര്‍ണവും ഏഴു വെള്ളിയും മൂന്നു വെങ്കലവുമായി മെഡല്‍ നിലയില്‍ അഞ്ചാം സ്ഥാനത്താണിപ്പോള്‍ ഇന്ത്യ. ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, സ്‌കോട്‌ലാന്‍ഡ്, കാനഡ എന്നിവരാണ് മുന്നില്‍.

10 മീറ്റര്‍ എയര്‍ റൈഫിളില്‍ നിലവിലെ ഗെയിംസ് റെക്കോര്‍ഡ് തകര്‍ത്ത് 206.7 പോയിന്റ് നേടിയാണ് ജയ്പൂര്‍ സ്വദേശിനി അപൂര്‍വി ചന്ദേല സ്വര്‍ണത്തിലേക്കെത്തിയത്. രണ്ടാമതെത്തിയ അയോണിക 204.9 പോയിന്റ് നേടി. ബെയ്ജിങ് ഒളിംപിക്‌സിലെ അഭിനവ് ബിന്ദ്രയുടെ സുവര്‍ണനേട്ടത്തില്‍ പ്രചോദിതയായി ഷൂട്ടിങിലേയ്ക്കു വന്ന അപൂര്‍വിക്ക് ബിന്ദ്രയുടെ കോമണ്‍വെല്‍ത്ത് നേട്ടത്തിന്റെ പിറ്റേന്നു തന്നെ സ്വര്‍ണം എന്ന അപൂര്‍വതയുമുണ്ട്. യോഗ്യതാ റൗണ്ടിലും ഒന്നാമതായാണ് അപൂര്‍വി ഫൈനല്‍ യോഗ്യത നേടിയത്. അയോണിക നാലാം സ്ഥാനത്തായിരുന്നു അപ്പോള്‍.

ഷൂട്ടിങ് റേഞ്ചില്‍ നിന്നു തന്നെയാണ് ഇന്ത്യ മൂന്നാം ദിനത്തിലെ ആദ്യ മെഡല്‍ നേടിയത്. സ്വര്‍ണം നേടുമെന്നു പ്രതീക്ഷിച്ച പ്രകടനത്തിനൊടുവില്‍ നഞ്ചപ്പ അവസാനം വെള്ളി കൊണ്ടു തൃപ്തിപ്പെട്ടു. യോഗ്യതാ റൗണ്ടില്‍ ഒന്നാമനായാണ് നഞ്ചപ്പ ഫൈനലിലേക്കു കടന്നത്. എന്നാല്‍ എലിമിനേഷന്‍ സ്‌റ്റേജിലെ ആറാം ഷോട്ടില്‍ 7.7 പോയിന്റ് മാത്രം നേടാനായത് വിനയായി. 199.5 പോയിന്റ് നേടിയ ഓസ്‌ട്രേലിയയുടെ ഡാനിയേല്‍ റെപച്ചോളിക്കാണ് സ്വര്‍ണം. നഞ്ചപ്പ 198.2 പോയിന്റ് നേടി. അറുപതുകാരനായ ഇംഗ്ലണ്ട് താരം മൈക്കല്‍ ഗോള്‍ട്ടിനാണ് വെങ്കലം.

സ്‌ക്വാഷില്‍ മലയാളി താരം ദീപിക പള്ളിക്കലും സൗരവ് ഘോഷലും സിംഗിള്‍സ് ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. മലേഷ്യയുടെ ഡെലിയ അര്‍നോള്‍ഡിനെ 11-6, 12-10, 11-5നാണ് ആറാം സീഡ് ദീപിക തോല്‍പിച്ചത്. ക്വാര്‍ട്ടറില്‍ ഇംഗ്ലണ്ടിന്റെ നാലാം സീഡ് അലിസണ്‍ വാട്ടേഴ്‌സാണ് ദീപികയുടെ എതിരാളി. ഓസ്‌ട്രേലിയയുടെ സ്റ്റീവന്‍ ഫിനിറ്റ്‌സിസിനെ വാശിയേറിയ മല്‍സരത്തിനൊടുവില്‍ ഘോഷല്‍ മറികടന്നു(11-2,11-5,4-11,6-11,11-8). ന്യൂസിലാന്‍ഡിന്റെ 12-ാം സീഡ് കാംപ്‌ബെല്‍ ഗ്രെയ്‌സണെ ക്വാര്‍ട്ടറില്‍ ഘോഷല്‍ നേരിടും.

ഹോക്കിയില്‍ സ്‌കോട്‌ലന്‍ഡിനെ 6-2നു തോല്‍പിച്ച ഇന്ത്യ രണ്ടാംറൗണ്ട് പ്രതീക്ഷകള്‍ സജീവമാക്കി. ഗുരുരാജ് സിങ്, ഗുര്‍വീന്ദര്‍ ചാന്ദി, രൂപീന്ദര്‍ സിങ്, രഘുനാഥ് രാമചന്ദ്ര എന്നിവര്‍ ഇന്ത്യയ്ക്കായി ഗോളുകള്‍ നേടി. കെന്നി ബെയ്ന്‍, നിക്കോളാസ് പാര്‍ക്‌സ് എന്നിവരാണ് സ്‌കോട്‌ലാന്‍ഡിനായി സ്‌കോര്‍ ചെയ്തത്. ആദ്യ മല്‍സരത്തില്‍ വെയില്‍സിനെ ഇന്ത്യ 3-1ന് തോല്‍പിച്ചിരുന്നു. 29ന് നിലവിലെ ചാംപ്യന്‍മാരായ ഓസ്‌ട്രേലിയയുമായിട്ടാണ് ഇന്ത്യയുടെ അടുത്ത മല്‍സരം.

ജൂഡോയില്‍ നാല് ഇന്ത്യന്‍ താരങ്ങള്‍ മെഡല്‍ റൗണ്ടിലെത്തി. സാഹില്‍ പതാനിയ, പര്‍വീണ്‍ കുമാര്‍ എന്നിവര്‍ വെങ്കലമെഡലിനായി മല്‍സരിക്കുമ്പോള്‍ ജീനദേവി ചോങ്താം, രജ്‌വീന്ദര്‍ കൗര്‍ എന്നിവര്‍ വനിതാ വിഭാഗത്തില്‍ മെഡല്‍ പ്രതീക്ഷിക്കാവുന്ന നിലയിലാണ്. ടേബിള്‍ ടെന്നിസില്‍ ന്യൂസിലാന്‍ഡിനെ 3-0നു കീഴടക്കി ഇന്ത്യന്‍വനിതകള്‍ സെമിഫൈനലില്‍ കടന്നു. കഴിഞ്ഞ ഗെയിംസിന്റെ ഫൈനലില്‍ തങ്ങളെ തോല്‍പിച്ച സിംഗപ്പൂരാണ് സെമിയില്‍ ഇന്ത്യയുടെ എതിരാളികള്‍.

ഗെയിംസിന് ആവേശം പകര്‍ന്ന് ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് ഇനങ്ങള്‍ക്ക് ഇന്നു തുടക്കമാകും. രണ്ടു സ്വര്‍ണടക്കം 12 മെഡലുകള്‍ നേടിയ 2010ലെ നേട്ടം ആവര്‍ത്തിക്കാനാകുമെന്ന വിദൂരപ്രതീക്ഷ മാത്രമേ ഇത്തവണ ഇന്ത്യയ്ക്കുള്ളൂ. കൃഷ്ണ പൂനിയ, വികാസ് ഗൗഡ, സീമ പൂനിയ, അര്‍പീന്ദര്‍ സിങ് എന്നിവരാണ് ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷകള്‍.

 

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close