ക്ഷേത്രം സ്വത്ത് കേസ് ഇന്ന്; റിപ്പോര്‍ട്ട് അംഗീകരിക്കില്ലെന്ന് രാജകുടുംബം

sree padmanabhaswamy temple

ശ്രീപദ്മനാഭസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട കേസ് ബുധനാഴ്ച സുപ്രീംകോടതി പരിഗണിക്കും. ക്ഷേത്രത്തിലെ അമൂല്യസ്വത്തുക്കളുമായി ബന്ധപ്പെട്ട് അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം സമര്‍പ്പിച്ച റിപ്പോര്‍ട്ട് അംഗീകരിക്കില്ലെന്ന് രാജകുടുംബം സുപ്രീം കോടതിയെ അറിയിക്കും. ഇതുസംബന്ധിച്ച് സത്യവാങ്മൂലവും സമര്‍പ്പിക്കാന്‍ ധാരണയായിട്ടുണ്ട്.

തങ്ങള്‍ക്കെതിരെയുള്ള പരാമര്‍ശങ്ങള്‍ മാത്രം പ്രതിരോധിച്ചാല്‍ മതിയെന്ന നിലപാടായിരിക്കും സംസ്ഥാനസര്‍ക്കാര്‍ കോടതിയില്‍ സ്വീകരിക്കുക. ദേവസ്വംവകുപ്പ് സെക്രട്ടറി ഡല്‍ഹിയിലെത്തിയിട്ടുണ്ട്. സംസ്ഥാനസര്‍ക്കാറിനുവേണ്ടി ഹാജരാകുന്ന അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കെ.വി. വിശ്വനാഥനുമായി അദ്ദേഹം ചര്‍ച്ചനടത്തി.

അതേസമയം, ഹൈക്കോടതിയുടെ കണ്ടെത്തലുകള്‍ ശരിവെക്കുന്നതാണ് അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടെന്ന് ഹൈക്കോടതിയിലെ ഹര്‍ജിക്കാരുടെ അഭിഭാഷകന്റെ നിലപാട്. അതിനാല്‍ പ്രത്യേകസംഘം അന്വേഷിക്കണമെന്ന് കോടതിയോട് ആവശ്യപ്പെടുമെന്ന് അവര്‍ വ്യക്തമാക്കി.

അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടിലെ ഒരു കണ്ടെത്തലും ശരിവെക്കില്ലെന്ന് രാജകുടുംബത്തിന്റെ അഭിഭാഷകര്‍ അറിയിച്ചു. റിപ്പോര്‍ട്ടിനെ ഭാഗികമായി അംഗീകരിക്കുമെന്ന വാര്‍ത്തകള്‍ അവര്‍ തള്ളി.

ശ്രീപദ്മനാഭസ്വാമി ക്ഷേത്രം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാണ് ഹൈക്കോടതി 2011-ല്‍ ഉത്തരവിട്ടത്. അതിനെ ചോദ്യം ചെയ്തുള്ള ഹര്‍ജിയുമായി അന്തരിച്ച മാര്‍ത്താണ്ഡവര്‍മയാണ് സുപ്രീം കോടതിയിലെത്തിയത്. ഈ വിഷയത്തിലേക്ക് ഇതുവരെ കോടതി കടന്നിട്ടില്ല. പകരം ക്ഷേത്രത്തിലെ സ്വത്തുക്കളുടെ മൂല്യനിര്‍ണയം തുടങ്ങിയ കാര്യങ്ങളാണ് പരിശോധിക്കുന്നത്. ക്ഷേത്രം പൊതുസ്വത്താണെന്ന് അമിക്കസ് ക്യൂറി തന്നെ വ്യക്തമാക്കിയിരിക്കെ ഇക്കാര്യത്തില്‍ സംസ്ഥാനസര്‍ക്കാറും ഒരു നിലപാട് സ്വീകരിക്കേണ്ടിവരും. ക്ഷേത്രഭരണം രാജകുടുംബത്തില്‍നിന്ന് മാറ്റി പുതിയ സമിതിക്ക് കൈമാറണമെന്നാണ് റിപ്പോര്‍ട്ടില്‍ ഗോപാല്‍ സുബ്രഹ്മണ്യം ആവശ്യപ്പെട്ടിട്ടുള്ളത്.

അതിനിടെ, ക്ഷേത്രത്തില്‍ സ്വര്‍ണപ്പണിക്കാരനായ രാജു സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഡല്‍ഹിയിലെത്തി. അമിക്കസ് ക്യൂറി തന്നെ ഭീഷണിപ്പെടുത്തിയാണ് മൊഴിയെടുത്തതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ക്ഷേത്രത്തില്‍നിന്ന് രാജു സ്വര്‍ണം കടത്തിയെന്ന് അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടില്‍ ആരോപണമുണ്ട്.

കേസില്‍ കക്ഷിചേര്‍ക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി സ്വദേശി രാജേഷ് നായര്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. ക്ഷേത്രത്തിലെ സ്വത്തുക്കള്‍ സര്‍വകലാശാലകളും ആസ്പത്രികളുംമറ്റും നിര്‍മിക്കുന്നതിന് ഉപയോഗിക്കണമെന്നും സ്വര്‍ണം ക്ഷേത്രത്തില്‍നിന്ന് മാറ്റി ബാങ്കുകളില്‍ നിക്ഷേപിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close