ഖാപ്പ് പഞ്ചായത്തുകള്‍ക്കെതിരെ സുപ്രീംകോടതി

ഖാപ്പ് പഞ്ചായത്തുകള്‍ക്കെതിരെ സുപ്രീം കോടതി. പ്രായപൂര്‍ത്തിയായ രണ്ടു പേരുടെ പരസ്പര സമ്മതത്തോടെയുള്ള വിവാഹം റദ്ദാക്കാന്‍ ആര്‍ക്കും അധികാരം ഇല്ലെന്ന് കോടതി വ്യക്തമാക്കി. മിശ്രവിവാഹങ്ങള്‍ റദ്ദാക്കാന്‍ ഖാപ്പ് പഞ്ചായത്തുകള്‍ ഇടപെടുന്നത് നിയമവിരുദ്ധമാണ്. ഇനി ഇത്തരത്തില്‍ ഇടപെട്ടാല്‍ ഖാപ്പ് പഞ്ചായത്തുകള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും സുപ്രീംകോടതി സൂചിപ്പിച്ചു.

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ എം ഖാന്‍ വില്‍ക്കര്‍, ഡി വൈ ചന്ദ്രചൂഡ് എന്നിവരടങ്ങിയ മൂന്നംഗബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. ഖാപ് പഞ്ചായത്തുകള്‍ വിവാഹം റദ്ദാക്കുന്നത് തടയാന്‍ സുപ്രിം കോടതി മാര്‍ഗനിര്‍ദേശങ്ങളും പുറപ്പെടുവിച്ചു.

മിശ്ര വിവാഹങ്ങളില്‍ ഖാപ്പ് പഞ്ചായത്തുകള്‍ ഇടപെടുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ശക്തി വാഹിനി എന്ന സന്നദ്ധ സംഘടന നല്‍കിയ ഹര്‍ജിയിലാണ് കോടതി സുപ്രധാന വിധി പുറപ്പെടുവിച്ചിരിക്കുന്നത്. ഖാപ്പ് പഞ്ചായത്തുകള്‍ തടയുന്നതിന് നിയമനിര്‍മാണം നടത്താന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

ഇത്തരം സംഭവങ്ങള്‍ തടയുന്നതിനായി പാര്‍ലമെന്റില്‍ നിയമം കൊണ്ടു വരുമെന്ന് വാദത്തിനിടയില്‍ കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. മിശ്ര വിവാഹങ്ങളില്‍ ഖാപ് പഞ്ചായത്തുകള്‍ ഇടപെടുന്നത് നിയമവിരുദ്ധമാണെന്ന് നേരത്തെ ചീഫ് ജസ്റ്റിസും നിരീക്ഷിച്ചു. പ്രായപൂര്‍ത്തിയായ രണ്ട് പേര്‍ തമ്മിലുള്ള വിവാഹത്തില്‍ മൂന്നാമതൊരു കക്ഷിക്ക് ഇടപെടാന്‍ അവകാശമില്ലെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വാദത്തിനിടെ വ്യക്തമാക്കിയിരുന്നു.

Show More

Related Articles

Close
Close