ഗവര്‍ണര്‍മാരെ നീക്കല്‍ ; കേന്ദ്രത്തിന് സുപ്രീംകോടതി നോട്ടീസ്

യു.പി.എ.സര്‍ക്കാര്‍ നിയമിച്ച ഗവര്‍ണര്‍മാരെ നീക്കാനുള്ള നരേന്ദ്രമോദി സര്‍ക്കാറിന്റെ തീരുമാനം സുപ്രീം കോടതിയുടെ പരിശോധനയ്ക്ക് വിധേയമാകുന്നു. ഇത് ചോദ്യം ചെയ്ത് ഉത്തരാഖണ്ഡ് ഗവര്‍ണര്‍ അസീസ് ഖുറേശി സമര്‍പ്പിച്ച ഹര്‍ജിയില്‍ കേന്ദ്രത്തിന് സുപ്രീം കോടതി നോട്ടീസ് അയച്ചു. ഖുറേശിയോട് രാജിവെക്കാന്‍ ആവശ്യപ്പെട്ട ആഭ്യന്തര സെക്രട്ടറി അനില്‍ ഗോസ്വാമിയോടും ചീഫ് ജസ്റ്റിസ് ആര്‍.എം.ലോധ അധ്യക്ഷനായ ബെഞ്ച് വിശദീകരണം തേടിയിട്ടുണ്ട്.

ആറാഴ്ചയ്കുള്ളില്‍ മറുപടി ആവശ്യപ്പെട്ട കോടതി ഹര്‍ജി ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടു. ഭരണഘടനയില്‍ ഗവര്‍ണര്‍മാരുടെ കാലാവധിയുമായി ബന്ധപ്പെട്ട 156-ാം അനുച്ഛേദം ഉള്‍പ്പെട്ടതിനാലാണ് ഹര്‍ജി ഭരണഘടനാ ബെഞ്ചിന് നല്‍കിയത്. നോട്ടീസയച്ച നടപടിയെ കോണ്‍ഗ്രസ് സ്വാഗതം ചെയ്തു.

ഗവര്‍ണര്‍മാരെ മാറ്റുന്നതിനെതിരെ ഖുറേശിയാണ് ആദ്യമായി സുപ്രീം കോടതിയിലെത്തുന്നത്. പുതുച്ചേരി, മിസോറം ഗവര്‍ണര്‍മാരെ സര്‍ക്കാര്‍ നീക്കിയിരുന്നു. നാലു പേര്‍ രാജിവെച്ചു. ഗവര്‍ണര്‍മാര്‍ രാഷ്ട്രപതിയുടെ ഇഷ്ടപ്രകാരമാണ് തുടരുന്നത്. രാഷ്ട്രപതിയുടെ താത്പര്യം ആരെങ്കിലും ഗവര്‍ണറെ അറിയിക്കേണ്ടതുണ്ടെന്നും ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു.

ആഭ്യന്തരസെക്രട്ടറി ഗവര്‍ണറെ ഭീഷണിപ്പെടുത്തുന്നത് ഭരണഘടനാവിരുദ്ധമാണെന്നും 156-ാം അനുച്ഛേദത്തില്‍ അനുശാസിക്കുന്ന കാരണങ്ങള്‍ പിന്തുടര്‍ന്നിട്ടില്ലെന്നും അസീസിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകരായ കപില്‍ സിബല്‍, സല്‍മാന്‍ ഖുര്‍ഷിദ് എന്നിവര്‍ ചൂണ്ടിക്കാട്ടി. ആരുടെ താത്പര്യപ്രകാരമാണ് ഭീഷണിപ്പെടുത്തുന്നതെന്ന് ആഭ്യന്തരസെക്രട്ടറിയോട് ചോദിക്കണമെന്ന് അസീസ് ഖുറേശിയുടെ ഹര്‍ജിയില്‍ പറയുന്നു. ഇത്തരക്കാരെ ശാസിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

ഭരണഘടനാപരമായി ഉയര്‍ന്ന സ്ഥാനത്തിരിക്കുന്ന ഒരാളോട് ഇത്തരം നിര്‍ദേശങ്ങള്‍ നല്‍കുന്നത് ഭരണഘടനാ വിരുദ്ധവും നിയമവിരുദ്ധവും ഏകപക്ഷീയവും ദുരുദ്ദേശപരവുമാണെന്ന് പ്രഖ്യാപിക്കണമെന്ന് ഖുറേഷി ആവശ്യപ്പെട്ടു. 2012 മെയ് 15നാണ് ഉത്തരാഖണ്ഡ് ഗവര്‍ണറായി ഖുറേശി ചുമതലയേറ്റത്. അഞ്ചു കൊല്ലമാണ് കാലാവധി.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close