ഗവിയില്‍ സഞ്ചാരികളുടെ തിരക്കേറുന്നു

പത്തനംതിട്ട ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ ഗവിയിലേക്ക് സഞ്ചാരികളുടെ വന്‍ തിരക്ക്. ഏപ്രില്‍ മാസത്തില്‍ തുടരെവന്ന അവധികളും, മദ്ധ്യവേനലവധിക്ക് സ്‌കൂളുകള്‍ അടച്ചതുമാണ് സഞ്ചാരികളുടെ ഒഴുക്ക് വര്‍ദ്ധിക്കാനിടയാക്കിയിട്ടുള്ളത്. ആങ്ങമൂഴികിളിയെറിഞ്ഞാംകല്ല് ചെക്ക് പോസ്റ്റിലൂടെയും, വണ്ടിപ്പെരിയാര്‍വള്ളക്കടവ് ചെക്ക് പോസ്റ്റിലൂടെയും നുറുകണക്കിന് സഞ്ചാരികളാണിപ്പോള്‍ ദിവസേന ഗവിയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. കൂടാതെ പത്തനംതിട്ടയില്‍ നിന്നും കുമളിയില്‍ നിന്നുമുള്ള കെ.എസ്.ആര്‍.ടി.സി ബസ്സുകളിലും വലിയതിരക്കാണ്. സ്വദേശികള്‍ക്ക് പുറമെ വിദേശികളും ധാരാളമായി എത്തുന്നുണ്ട്.

സഞ്ചാരികളുടെ തിരക്ക് ഏറിയതോടെ ഇവര്‍ കടന്നു പോകുന്ന വഴികളിലെ വ്യാപാര സ്ഥാപനങ്ങള്‍ക്കെല്ലാം ഉണര്‍വു പകര്‍ന്നിട്ടുണ്ട്. വനമേഖലയില്‍ ഇടയ്ക്കിടെ പെയ്ത വേനല്‍ മഴ വനമേഖലയ്ക്കും സഞ്ചാരികള്‍ക്കും ഏറെ അനുഗ്രഹമായി. ശക്തമായ വരള്‍ച്ച തുടര്‍ന്നിരുന്നെങ്കില്‍ കാട്ടു തീ ഭീഷണി കണക്കിലെടുത്ത് മുന്‍ വര്‍ഷങ്ങളിലെപ്പോലെ വനം വകുപ്പ് ഇവിടേക്കുള്ള യാത്രയ്ക്ക് താത്കാലിക നിരോധം ഏര്‍പ്പെടുത്തുന്നതിന് ആലോചിച്ചു വരികയായിരുന്നു. എന്നാല്‍, തുടരെലഭിച്ച വേനല്‍മഴയാകാം വനം വകുപ്പിനെ തീരുമാനത്തില്‍ നിന്ന് മാറ്റിയതെന്നുകരുതുന്നു.

ഒരുമാസം മുമ്പ് കത്തിനശിച്ച കക്കി വനമേഖലയിലെ പുല്‍ മേടുകളെല്ലാം വീണ്ടും പച്ചപുതച്ചു തുടങ്ങിയിട്ടുണ്ട്. കൊച്ചുപമ്പ, വരയാടിന്‍കൊക്ക, അരണമുടി തുടങ്ങിയ സ്ഥലങ്ങളിലും കരിഞ്ഞുണങ്ങിയ പുല്‍മേട് പച്ചപ്പണിഞ്ഞു കഴിഞ്ഞു.
കക്കിആനത്തോട്, പമ്പ ഡാമുകളില്‍ ജലനിരപ്പ് കുറഞ്ഞിട്ടുണ്ടെങ്കിലും ഇവിടെ ഒരു കൊടിയ വരള്‍ച്ചയുടെ കാഴ്ച ഇല്ലാത്തത് സഞ്ചാരികള്‍ക്ക് ആകര്‍ഷകമാകുന്നുണ്ട്. വേനല്‍ മഴ തുടര്‍ച്ചയായി ലഭിക്കുന്നതിനാല്‍ വനമേഖലയിലെ കടുത്ത ചൂടിന് ശമനമായതും സഞ്ചാരികള്‍ക്ക് ഉണര്‍വ്പകരുന്നു. അതേസമയം തിരക്കേറിയതോടെ ചില സ്ഥലങ്ങളിലെങ്കിലും പ്ലാസ്റ്റിക്ക് ഭീഷണിയാകുന്നുമുണ്ട്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close