ഗാസയില്‍നിന്ന് ഇസ്രായേല്‍ സൈന്യം പിന്‍വാങ്ങി

gasa7

നാലാഴ്ചയായി തുടരുന്ന ഏറ്റുമുട്ടലിനൊടുവില്‍ ഗാസയില്‍നിന്ന് സൈന്യത്തെ ഇസ്രായേല്‍ പിന്‍വലിച്ചു. 72 മണിക്കൂര്‍ വെടിനിര്‍ത്തലിനും ഇസ്രായേലും ഹമാസുംതമ്മില്‍ ധാരണയായി. ചൊവ്വാഴ്ച പ്രാദേശികസമയം രാവിലെ എട്ടുമണിയോടെ വെടിനിര്‍ത്തല്‍ നിലവില്‍വന്നു. അമേരിക്കയുടേയും ഈജിപ്തിന്റേയും നേതൃത്വത്തില്‍ െകയ്‌റോയില്‍ നടക്കുന്ന സമാധാനചര്‍ച്ചയിലും ഇസ്രായേല്‍ പങ്കെടുത്തേക്കും.

സമാധാനശ്രമങ്ങള്‍ക്ക് പ്രതീക്ഷ നല്‍കി ഈജിപ്തിന്റെ മധ്യസ്ഥതയില്‍ തിങ്കളാഴ്ച രാത്രിയാണ് ഇസ്രായേലും ഹമാസും വെടിനിര്‍ത്താന്‍ സമ്മതിച്ചത്. വെടിനിര്‍ത്തല്‍ പ്രാബല്യത്തിലാകുംമുമ്പ് ഗാസയില്‍നിന്ന് കര-വ്യോമസേനകളെ പിന്‍വലിക്കുമെന്ന് തൊട്ടുപിന്നാലെ ഇസ്രായേല്‍ സൈന്യത്തിലെ ലഫ്.കേണല്‍ പീറ്റര്‍ ലേര്‍ണര്‍ പ്രഖ്യാപിച്ചു.

ഗാസയില്‍നിന്നുള്ള ഭീഷണി പൂര്‍ണമായും അവസാനിച്ചതായും ഇസ്രായേല്‍ അതിര്‍ത്തികടക്കാന്‍ ഹമാസ് നിര്‍മിച്ച 32 തുരങ്കങ്ങള്‍ പുര്‍ണമായും തകര്‍ത്തതായും ലേര്‍ണര്‍ അവകാശപ്പെട്ടു. 900 ഭീകരരേയും വധിച്ചു. ഇസ്രായേലിന്റെ സുരക്ഷ മുന്‍നിര്‍ത്തി പിന്‍വലിക്കപ്പെട്ട സേനാംഗങ്ങള്‍ ഗാസയ്ക്കു പുറത്ത് പ്രതിരോധം തീര്‍ക്കും. വെടിനിര്‍ത്തലിന് ശേഷവും ആക്രമണമുണ്ടായാല്‍ തിരിച്ചടി നല്‍കുമെന്നും ലേര്‍ണര്‍ വ്യക്തമാക്കി.

ചൊവ്വാഴ്ച രാവിലെ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരുന്നതിന് തൊട്ടുമുന്‍പുവരെയും ഇരുകൂട്ടരും വ്യോമാക്രമണം നടത്തി. എന്നാല്‍ കരാര്‍ നിലവില്‍ വന്നതിനുശേഷം ആക്രമണമുണ്ടായിട്ടില്ല. ഇതോടെ കിടപ്പാടം ഉപേക്ഷിച്ച് അഭയാര്‍ഥികേന്ദ്രത്തില്‍ കഴിഞ്ഞവര്‍ വീടുകളിലേക്ക് മടങ്ങി.

ഏറ്റുമുട്ടല്‍ തുടങ്ങിയ ജൂലായ് എട്ടുമുതല്‍ ചൊവ്വാഴ്ച വെടിനിര്‍ത്തലിലെത്തുംവരെ 1867 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടതായാണ് യു.എന്‍. കണക്ക്. ഇതില്‍ 400 പേര്‍ കുട്ടികളാണ്. ഇസ്രായേല്‍ പക്ഷത്തുനിന്ന് 67 പേര്‍ക്കും ജീവന്‍ നഷ്ടമായി. 29 ദിവസത്തിനിടെ 3300 റോക്കറ്റുകളാണ് ഗാസ ലക്ഷ്യമിട്ട് ഇസ്രായേല്‍ അയച്ചത്.

എല്ലാ പ്രശ്‌നങ്ങളും ചര്‍ച്ചചെയ്യാന്‍ തയ്യാറാണെന്ന് വെടിനിര്‍ത്തല്‍ നിലവില്‍ വന്നശേഷം ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ വക്താവ് മാര്‍ക്ക് രെഗേവ് പറഞ്ഞു. താത്കാലിക കരാറിനായി ഈജിപ്ത് നടത്തിയ ശ്രമം അത്ഭുതകരമാണെന്നും ഹമാസ് ഇത് പാലിക്കുമോയെന്നതിനെ അനുസരിച്ചായിരിക്കും തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.
വെടിനിര്‍ത്തലിനെ സ്വാഗതംചെയ്ത യു.എന്‍. സെക്രട്ടറിജനറല്‍ ബാന്‍ കി മൂണ്‍, എത്രയുംവേഗം ഇരുകൂട്ടരും ചര്‍ച്ചനടത്തി ധാരണയിലെത്തണമെന്ന് ആവശ്യപ്പെട്ടു.
ഇതിനിടെ ഗാസാ പ്രശ്‌നത്തില്‍ ബ്രിട്ടീഷ് സര്‍ക്കാറിന്റെ നിലപാടില്‍ പ്രതിഷേധിച്ച് വിദേശകാര്യവകുപ്പ് സഹമന്ത്രി രാജിവെച്ചു. ബ്രിട്ടീഷ് ചരിത്രത്തില്‍ ക്യാബിനറ്റ് പദവി ലഭിച്ച ആദ്യ മുസ്ലിംമന്ത്രിയായ സയ്യീദ വാര്‍സി ആണ് രാജിവെച്ചത്. 2010-ല്‍ ക്യാബിനറ്റ് മന്ത്രിയായിരുന്ന ഇവരെ പിന്നീട് സഹമന്ത്രിയായി തരംതാഴ്ത്തുകയായിരുന്നു. ബ്രിട്ടന്റെ ഇസ്രായേല്‍ അനുകൂല നിലപാട് അംഗീകരിക്കാന്‍ കഴിയില്ലെന്നും അതുകൊണ്ടാണ് രാജിവെച്ചതെന്നും വാര്‍സി ട്വിറ്ററില്‍ കുറിച്ചു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close