ഗാസയില്‍ അഭയാര്‍ഥി സ്‌കൂളില്‍ വീണ്ടും ആക്രമണം; 10 മരണം

ഗാസയില്‍ ഐക്യരാഷ്ട്ര സംഘടനയുടെ അഭയാര്‍ഥി ക്യാംപ് ആയി പ്രവര്‍ത്തിക്കുന്ന സ്‌കൂളിനു നേരെ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടു; മുപ്പതോളം പേര്‍ക്കു പരുക്കുണ്ട്. ഗാസയ്ക്കുമേല്‍ ഇസ്രയേല്‍ ആക്രമണത്തിന്റെ ഇരുപത്തേഴാം ദിവസമായ ഇന്നലെ മറ്റു 30 പേര്‍ കൂടി കൊല്ലപ്പെട്ടിട്ടുണ്ട്. മൊത്തം മരണസംഖ്യ 1766 ആയി; പരുക്കേറ്റവര്‍ 9000 കവിഞ്ഞു. കൊല്ലപ്പെട്ടവരില്‍ 398 കുട്ടികളും 207 സ്ത്രീകളും 74 മുതിര്‍ന്നവരും ഉള്‍പ്പെടുന്നു. 4.75 ലക്ഷം പേര്‍ ഭവനരഹിതരായി. 138 സ്‌കൂളുകളും 26 ആരോഗ്യകേന്ദ്രങ്ങളും 900 വീടുകളും തകര്‍ന്നു. ഇസ്രയേല്‍ പക്ഷത്ത് 63 സൈനികര്‍ ഉള്‍പ്പെടെ 67 പേരാണു കൊല്ലപ്പെട്ടത്.

ഇതിനിടെ, വടക്കന്‍ ഗാസയില്‍നിന്ന് ഇസ്രയേല്‍ കരസേന ഏറെക്കുറെ പൂര്‍ണമായി പിന്മാറി. ടാങ്കുകളും യുദ്ധവാഹനങ്ങളും ഇസ്രയേലിലേക്കു മടങ്ങി. ഇവിടെ താമസക്കാര്‍ക്കു തിരിച്ചുവരാമെന്നും അറിയിച്ചു. പിന്മാറ്റം എന്നു പറയാതെ, സൈനികരെ മറ്റു മേഖലയിലേക്കു വിന്യസിച്ചു എന്നാണ് ഇസ്രയേലിന്റെ വിശദീകരണം. എന്നാല്‍, യുദ്ധവിരാമത്തിന്റെ സൂചനയല്ല ഇത്. കരസേന പിന്മാറിയ ശേഷവും വ്യോമാക്രമണം തുടരുകയാണ്.
സമാധാന ചര്‍ച്ചകള്‍ക്കായി ഹമാസ് സംഘം ഈജിപ്തിലെ കയ്‌റോയിലെത്തിയിട്ടുണ്ട്.

എന്നാല്‍, ചര്‍ച്ചയ്ക്കു പ്രതിനിധിയെ അയയ്ക്കില്ലെന്നാണ് ഇസ്രയേല്‍ നിലപാട്. വെള്ളിയാഴ്ച യുഎന്‍-യുഎസ് മധ്യസ്ഥതയില്‍ നടപ്പാക്കിയ വെടിനിര്‍ത്തല്‍ ഹമാസ് ലംഘിച്ചെന്നും സൈനികരെ വധിച്ചെന്നും ആരോപിച്ചാണിത്. വെടിനിര്‍ത്തല്‍ നിലവില്‍വരുംമുന്‍പാണു സൈനികര്‍ക്കു നേരെ ആക്രമണം നടത്തിയതെന്നാണ് ഹമാസ് വിശദീകരണം. ഇതിനിടെ, ഹമാസ് ബന്ദിയാക്കിയെന്നു കരുതപ്പെട്ടിരുന്ന സൈനികന്‍ ഹാദര്‍ ഗോള്‍ഡിന്‍ കൊല്ലപ്പെട്ടതാണെന്ന് ഇസ്രയേല്‍ സ്ഥിരീകരിച്ചു. ഇസ്രയേല്‍ പ്രതിരോധമന്ത്രി മോശെ യാലോനിന്റെ ബന്ധുവാണ് ഗോള്‍ഡിന്‍.

അഞ്ചു ദിവസത്തിനിടെ രണ്ടാം തവണയാണ് അഭയാര്‍ഥി ക്യാംപിനു നേരെ ഇസ്രയേല്‍ ആക്രമണം നടത്തുന്നത്. ഗാസയിലെ ഏറ്റവും വലിയ അഭയാര്‍ഥി ക്യാംപ് പ്രവര്‍ത്തിക്കുന്ന ജബലിയയിലെ സ്‌കൂളില്‍ കഴിഞ്ഞ ബുധനാഴ്ച ഇസ്രയേല്‍ ആക്രമണം നടത്തിയിരുന്നു. മൂവായിരത്തോളം പേരെ പാര്‍പ്പിച്ച സ്‌കൂളിന്റെ ഗേറ്റിലാണ് ഇന്നലെ ആക്രമണം നടന്നതെന്ന് യുഎന്‍ സ്‌പെഷല്‍ കോ-ഓര്‍ഡിനേറ്റര്‍ റോബര്‍ട് സെറി പറഞ്ഞു.

സ്‌കൂളിനരികില്‍നിന്ന് വെടിവയ്പുണ്ടായപ്പോള്‍ തിരിച്ച് ആക്രമണം നടത്തിയെന്നാണ് ഇസ്രയേലിന്റെ വാദം. ഗാസയില്‍നിന്ന് ഇന്നലെ 13 റോക്കറ്റുകള്‍ തൊടുത്തുവിട്ടെന്നും ഒരെണ്ണം പ്രതിരോധ സംവിധാനം തകര്‍ക്കുകയും മറ്റുള്ളവ ജനവാസമില്ലാത്ത മേഖലയില്‍ പതിക്കുകയും ചെയ്‌തെന്നും ഇസ്രയേല്‍ വക്താവ് പറഞ്ഞു.

ഇതിനിടെ, ഗാസയിലെ ജനത ദുരന്തത്തിന്റെ വക്കത്താണെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ പലസ്തീന്‍ മേഖലയിലെ മനുഷ്യാവകാശ കോ ഓര്‍ഡിനേറ്റര്‍ ജയിംസ് റൗളി വ്യക്തമാക്കി. ജനങ്ങള്‍ക്ക് ആതുരസേവനം നല്‍കാന്‍ കഴിയുന്നില്ല. ആരോഗ്യസംവിധാനം അപ്പാടെ തകര്‍ച്ചയുടെ വക്കിലാണ്. ഗാസയിലെ ആശുപത്രികളില്‍ മൂന്നിലൊന്നും 14 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും 29 ആംബുലന്‍സുകളും ആക്രമണത്തില്‍ തകര്‍ന്നു. പകുതിയിലേറെ ആരോഗ്യകേന്ദ്രങ്ങള്‍ അടച്ചിട്ടിരിക്കുകയാണ്.

 

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close