ഗാസയില്‍ ആക്രമണം തുടരുന്നു; മരണം 127

gasa

ഗാസ മുനമ്പില്‍ ഇസ്രായേലും ഹമാസുമായുള്ള വ്യോമാക്രമണം തുടരുന്നു.
അഞ്ചാം ദിവസമായ ശനിയാഴ്ച പുതിയ ആക്രമണങ്ങളുണ്ടായി. ചൊവ്വാഴ്ച തുടങ്ങിയ ആക്രമണങ്ങളില്‍ മരിച്ചവരുടെ എണ്ണം 127 ആയി. എണ്ണൂറോളം പേര്‍ക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടവരില്‍ മുക്കാല്‍ ഭാഗവും സാധാരണക്കാരാണെന്ന് ഐക്യരാഷ്ട്ര സംഘടന അറിയിച്ചു.

വെള്ളി, ശനി ദിവസങ്ങളിലായി 60 ഭീകരകേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയതായി ഇസ്രായേല്‍ അവകാശപ്പെട്ടു. തിരിച്ച് ബീര്‍ഷെബ എന്ന സ്ഥലത്ത് രണ്ട് റോക്കറ്റാക്രമണങ്ങളുണ്ടായതായും ഇസ്രായേല്‍ സൈനികവൃത്തങ്ങള്‍ അറിയിച്ചു. അഞ്ചുദിവസം നീണ്ട ആക്രമണങ്ങള്‍ക്കിടെ നൂറുകണക്കിന് മിസൈലുകളും റോക്കറ്റുകളുമാണ് ആക്രമണത്തിന് ഇസ്രായേല്‍ ഉപയോഗിച്ചത്. ഭീകരര്‍ക്കെതിരെയും അവരുടെ താവളങ്ങള്‍ക്കെതിരെയുമാണ് ആക്രമണം നടത്തുന്നതെന്നാണ് ഇസ്രായേല്‍ പറയുന്നത്. ഒട്ടേറെ ഭീകരര്‍ കൊല്ലപ്പെട്ടതായും അവര്‍ പറഞ്ഞു.

ആക്രമണങ്ങള്‍ നിര്‍ത്താനുള്ള വിദേശസമ്മര്‍ദങ്ങളെ ചെറുക്കുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. വെള്ളിയാഴ്ച രാത്രി ഇസ്രായേല്‍ ഭിന്നശേഷികളുള്ളവരെ പാര്‍പ്പിച്ച വീട്ടിലേക്കാണ് ആക്രമണം നടത്തിയതെന്ന് പലസ്തീന്‍ ആരോപിച്ചു. ഇതില്‍ രണ്ട് വനിതകള്‍ കൊല്ലപ്പെട്ടു. നാലുപേര്‍ക്ക് ഗുരുതര പരിക്കേറ്റു.

വടക്കന്‍ ഗാസ സിറ്റിയില്‍ നടത്തിയ ആക്രമണങ്ങളില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. ജബലിയ അഭയാര്‍ഥിക്യാമ്പിലേക്ക് നടത്തിയ വ്യോമാക്രമണത്തില്‍ ഒരു ഇസ്ലാമിക തീവ്രവാദി ഉള്‍പ്പെടെ മൂന്നുപേര്‍ കൊല്ലപ്പെട്ടു.

മധ്യ ഗാസയിലെ ഒരു പള്ളി ബോംബാക്രമണത്തില്‍ തകര്‍ന്നു. ആയുധങ്ങള്‍ സംഭരിച്ചുവെച്ചിരുന്ന കെട്ടിടമാണ് തകര്‍ത്തതെന്നാണ് ഇസ്രായേലിന്റെ വാദം. തങ്ങള്‍ക്കുനേരേ ശനിയാഴ്ച എട്ട് റോക്കറ്റാക്രമണങ്ങളുണ്ടായതായി ഇസ്രായേല്‍ പറഞ്ഞു. ഇസ്രായേലിലെ അഷ്‌ദോദ് നഗരത്തിലേക്ക് നാല് റോക്കറ്റാക്രമണം നടത്തിയെന്നാണ് പലസ്തീന്‍ പറയുന്നത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close