ഗാസയില്‍ മരണം 500 കവിഞ്ഞു

 

ഗാസയില്‍ ഉടന്‍ വെടിനിര്‍ത്തണമെന്ന് ഐക്യരാഷ്ട്ര രക്ഷാസമിതിയും അമേരിക്കയും ഇസ്രായേലിനോടും ഹമാസിനോടും ആവശ്യപ്പെട്ടു. എന്നാല്‍, ആക്രമണം തുടരുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കി.

തിങ്കളാഴ്ചയും ഇസ്രായേല്‍ ശക്തമായ ആക്രമണം തുടര്‍ന്നു. ആക്രമണങ്ങളില്‍ 10 ഹമാസ് പ്രവര്‍ത്തകരടക്കം 30 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. ഇതോടെ കൊല്ലപ്പെട്ട പലസ്തീന്‍കാരുടെ എണ്ണം 509 ആയി. ഗാസയിലെ അല്‍അഖ്‌സ ആസ്പത്രിക്ക് നേരെയും ഷെല്ലാക്രമണം ഉണ്ടായി. ആക്രമണത്തില്‍ അഞ്ചുപേര്‍ മരിച്ചു. എഴുപതോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ജൂലായ് എട്ടിന് ആക്രമണം ആരംഭിച്ചശേഷം ഇസ്രായേല്‍ ആക്രമണത്തിനിരയാകുന്ന മൂന്നാമത്തെ ആസ്പത്രിയാണിത്. ഹമാസിന്റെ പ്രത്യാക്രമണങ്ങളില്‍ 20 ഇസ്രായേലികളും കൊല്ലപ്പെട്ടിട്ടുണ്ട്. ഇതില്‍ പതിനെട്ടും സൈനികരാണ്.

ഞായറാഴ്ച ഷെജൈയ്യ പട്ടണത്തില്‍ നടന്നത് കൂട്ടക്കൊലതന്നെയാണെന്ന് പലസ്തീന്‍ പ്രസിഡന്റ് മഹമൂദ് അബ്ബാസ് പറഞ്ഞു. നൂറിലധികം പലസ്തീന്‍കാരാണ് ഇവിടെ കൊല്ലപ്പെട്ടത്. 13 ഇസ്രായേല്‍ ഭടന്മാരും കൊല്ലപ്പെട്ടിരുന്നു. ഇതുവരെ 120 ഭീകരരെ കൊന്നെന്നാണ് ഇസ്രായേലിന്റെ അവകാശവാദം. 84,000 പേര്‍ അഭയാര്‍ഥിക്യാമ്പുകളില്‍ അഭയം തേടിയതായി യു.എന്‍. അറിയിച്ചു.

ഇസ്രായേല്‍ ആക്രമണത്തെ അതിനിഷ്ഠുരമെന്നാണ് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ വിശേഷിപ്പിച്ചത്. ജോര്‍ദാന്റെ അഭ്യര്‍ഥന മാനിച്ച് ഞായറാഴ്ച രാത്രി വിളിച്ചുചേര്‍ത്ത രക്ഷാസമിതി യോഗം ഗാസയില്‍ ഉടന്‍ വെടിനിര്‍ത്താന്‍ ആവശ്യപ്പെടുന്ന പത്രക്കുറിപ്പ് പുറത്തിറക്കി. ഇസ്രായേല്‍ സൈനിക നടപടിയെക്കുറിച്ച് ശക്തമായ ഭാഷയിലുള്ള പ്രമേയത്തിനാണ് ജോര്‍ദാന്‍ രക്ഷാസമിതിയില്‍ ശ്രമിച്ചത്.

ഉടന്‍ വെടിനിര്‍ത്തണമെന്ന് യു.എസ്. പ്രസിഡന്റ് ബരാക് ഒബാമയും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായുള്ള ഫോണ്‍ സംഭാഷണത്തിനിടെ ആവശ്യപ്പെട്ടു. സമാധാനശ്രമങ്ങളുടെ ഭാഗമായുള്ള ചര്‍ച്ചകള്‍ക്കായി യു.എസ്. വിദേശ സെക്രട്ടറി ജോണ്‍ കെറി കയ്‌റോയിലേക്ക് തിരിച്ചു. ഇസ്രായേല്‍ ആക്രമണം നിര്‍ത്താന്‍ യു.എന്‍. ഇടപെടണമെന്ന് കുവൈത്ത് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണിനോട് ആവശ്യപ്പെട്ടു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close