ഗാസയില്‍ മരണം 600 കവിഞ്ഞു

ഇസ്രയേല്‍ നടത്തുന്ന കര, വ്യോമ യുദ്ധത്തെത്തുടര്‍ന്നു പലസ്തീനില്‍ അഭയാര്‍ഥികളായവരുടെ എണ്ണം ഒരുലക്ഷം കവിഞ്ഞു. പതിനഞ്ചുദിവസം പിന്നിട്ട ആക്രമണങ്ങളില്‍ ഇതിനകം കൊല്ലപ്പെട്ട പലസ്തീന്‍കാരുടെ എണ്ണം 604 ആയി. ഇതില്‍ 120 പേര്‍ കുട്ടികളാണ്. ഇസ്രയേലില്‍ 27 സൈനികരുള്‍പ്പെടെ മൊത്തം 29 പേര്‍ കൊല്ലപ്പെട്ടു. വെടിനിര്‍ത്തലിനുള്ള സാധ്യതകള്‍ ഇനിയും തെളിഞ്ഞിട്ടില്ല.

പലസ്തീന്‍ അഭയാര്‍ഥികള്‍ക്കുവേണ്ടി ഐക്യരാഷ്ട്ര സംഘടനയുടെ കീഴില്‍ വിവിധ സ്‌കൂളുകളിലായി 70 അഭയാര്‍ഥികേന്ദ്രങ്ങളാണു തുറന്നിട്ടുള്ളത്. ഇവിടെ എത്തിയവരുടെ എണ്ണം ഒരുലക്ഷം കവിഞ്ഞതായി യുഎന്‍ ഇന്നലെ അറിയിച്ചു. കൊല്ലപ്പെട്ട 604 പലസ്തീന്‍കാരില്‍ നാനൂറിലേറെപ്പേര്‍ സാധാരണക്കാരാണ്. ഹമാസുമായി ബന്ധമുള്ള 180 പേര്‍ കൊല്ലപ്പെട്ടുവെന്നാണു കണക്ക്. യുദ്ധത്തില്‍ മുറിവേറ്റവര്‍ 3700 കവിഞ്ഞതായും യുഎന്‍ അറിയിച്ചു.

ഗാസയിലെ രക്തച്ചൊരിച്ചില്‍ നിര്‍ത്താനും വെടിനിര്‍ത്തലിനുള്ള സാധ്യതകള്‍ ആരായാനും രാജ്യാന്തരതലത്തില്‍ ശ്രമം ഉണ്ടാകണമെന്നു യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍കി മൂണ്‍ അഭ്യര്‍ഥിച്ചു. ബാന്‍കി മൂണ്‍, യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി എന്നിവര്‍ വിവിധ തലങ്ങളില്‍ ചര്‍ച്ചകള്‍ നടത്തി വെടിനിര്‍ത്തല്‍ ശ്രമം തുടരുന്നുണ്ട്. തുടര്‍ ചര്‍ച്ചകള്‍ക്കായി കെറി ഖത്തര്‍ സന്ദര്‍ശിക്കാനും സാധ്യതയുണ്ട്. കഴിഞ്ഞ ദിവസം ഖത്തറില്‍ ഹമാസ് മേധാവി ഖാലിദ് മിഷാലും പലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസും തമ്മില്‍ ചര്‍ച്ച നടത്തിയിരുന്നു. ഇതിനുശേഷം മിഷാല്‍ ഈജിപ്ത് തലസ്ഥാനമായ കയ്‌റോയിലേക്കു തിരിച്ചു. സമാധാനത്തിനായി യുഎന്‍ രക്ഷാസമിതിയും ആഹ്വാനം ചെയ്തു. ആക്രമണങ്ങളില്‍ നാട്ടുകാരും സാധാരണക്കാരും കൊല്ലപ്പെടുന്നതില്‍ യുഎസ് പ്രസിഡന്റ് ബറാക് ഒബാമ ഉത്കണ്ഠ അറിയിച്ചു.

ഇസ്രയേല്‍ ഇന്നലെ നടത്തിയ വ്യോമാക്രമണത്തില്‍ ഗാസയില്‍ ആശുപത്രി തകര്‍ന്നതായി പലസ്തീന്‍ ആരോഗ്യമന്ത്രാലയം വക്താവ് അറിയിച്ചു. ആക്രമണത്തില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. 70 പേര്‍ക്കു പരുക്കേറ്റു. പരുക്കേറ്റവരില്‍ ഡോക്ടര്‍മാരും ഉള്‍പ്പെടുന്നു. ആശുപത്രിക്കടുത്തുള്ള മിസൈല്‍ കേന്ദ്രത്തിനെതിരെയായിരുന്നു ആക്രമണമെന്നാണ് ഇസ്രയേല്‍ വിശദീകരണം. മറ്റൊരു ആക്രമണത്തില്‍ രണ്ടു പലസ്തീന്‍ കുടുംബങ്ങളിലെ 30 അംഗങ്ങള്‍ കൊല്ലപ്പെട്ടു.

അഭയാര്‍ഥികള്‍ക്കുവേണ്ടി മാനുഷിക പരിഗണനവച്ച് അടിയന്തരമായി സഹായവും ഫണ്ടും നല്‍കാന്‍ യുഎന്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്. ദുബായിലെ രാജ്യാന്തര ഹ്യൂമാനിറ്റേറിയന്‍ സിറ്റിയുടെ (ഐഎച്ച്‌സി) നേതൃത്വത്തില്‍ 115 ടണ്‍ പുതപ്പുകള്‍, കമ്പിളികള്‍ തുടങ്ങിയവ പലസ്തീന്‍ അഭയാര്‍ഥികള്‍ക്ക് എത്തിച്ചുകൊടുത്തു. വിമാനം വഴി ജോര്‍ദാനില്‍ എത്തിക്കുന്ന സാധനങ്ങള്‍ അവിടെ നിന്നു യുഎന്‍ റിലീഫ് ആന്‍ഡ് വര്‍ക്‌സ് ഏജന്‍സി ഫോര്‍ റെഫ്യൂജീസ് (യുഎന്‍ ആര്‍ഡബ്ലിയുഎ) ട്രക്കുകളില്‍ ഗാസയില്‍ എത്തിച്ചു വിതരണം ചെയ്യുകയാണ്.

 

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close