ഗാസയില്‍ വെടിനിര്‍ത്തലിനു ശേഷം വീണ്ടും ആക്രമണം

അഞ്ച് മണിക്കൂര്‍ വെടിനിര്‍ത്തലിനു ശേഷം ഗാസയില്‍ ഇസ്രായേല്‍ വീണ്ടും ആക്രമണം തുടങ്ങി. ഗാസയിലെ ബെയ്ത്ത് ലാഹിയ പ്രദേശത്താണ് അവര്‍ വ്യോമാക്രമണം നടത്തിയത്. ആളപായമുണ്ടായതായി റിപ്പോര്‍ട്ടില്ല.

പത്തുദിവസം നീണ്ട രൂക്ഷമായ ഏറ്റുമുട്ടലിന്റെ കെടുതികളില്‍പ്പെട്ടവര്‍ക്ക് ഭക്ഷണവും വെള്ളവും ഉള്‍പ്പടെയുള്ള സഹായം നല്‍കാന്‍ വെടിനിര്‍ത്തണമെന്ന് ഐക്യരാഷ്ട്രസഭ അഭ്യര്‍ഥിച്ചിരുന്നു. രാവിലെ പത്തുമുതല്‍ ഉച്ചയ്ക്ക് മൂന്നുവരെ ആക്രമണം നിര്‍ത്തിവെക്കാനായിരുന്നു ഇസ്രായേലും ഹമാസും ധാരണയിലെത്തിയത്.

എന്നാല്‍ ഇതിനിടെയും ഒറ്റപ്പെട്ട ആക്രമണങ്ങളുണ്ടായി. എഷ്‌കോല്‍ മേഖലയിലേക്ക് ഹമാസ് ഷെല്ലാക്രമണം നടത്തിയെന്ന് ഇസ്രായേലും തെക്കന്‍ ഗാസയിലെ റാഫയിലേക്ക് ഇസ്രായേല്‍ റോക്കറ്റാക്രമണം നടത്തിയെന്ന് ഹമാസും ആരോപിച്ചു. അതിനിടെ, ഈജിപ്തിന്റെ മധ്യസ്ഥതയില്‍ വെടിനിര്‍ത്തല്‍ നീട്ടാന്‍ ഇരുകൂട്ടരും സമ്മതിച്ചെന്ന വാര്‍ത്തകള്‍ പുറത്തുവന്നെങ്കിലും ഉടന്‍ തന്നെ ഇസ്രായേല്‍ നിഷേധിച്ചു.

ഈജിപ്തിന്റെ മധ്യസ്ഥതയില്‍ ബുധനാഴ്ച മുതല്‍ വെടിനിര്‍ത്തല്‍ശ്രമം തുടങ്ങിയിരുന്നു. എന്നാല്‍ ധാരണയിലെത്താന്‍ ഹമാസ് വിസമ്മതിച്ചു. ഗാസയില്‍നിന്നുള്ള റോക്കറ്റാക്രമണം നിര്‍ത്തുംവരെ തിരിച്ചടി തുടരുമെന്ന് ഇസ്രായേലും വ്യക്തമാക്കി.

മണിക്കൂറുകള്‍മാത്രം നീണ്ട വെടിനിര്‍ത്തല്‍ പ്രയോജനപ്പെടുത്തി ഗാസാ മുനമ്പിലെ പലസ്തീന്‍കാര്‍ അവശ്യസാധനങ്ങള്‍ സമാഹരിച്ചു. തകര്‍ന്നുപോയ കുടിവെള്ള പൈപ്പുകളും വൈദ്യുതിബന്ധവും പുനഃസ്ഥാപിക്കാനും വെടിനിര്‍ത്തല്‍സമയം സഹായകമായി.

ജൂലായ് എട്ടിന് തുടങ്ങി വ്യാഴാഴ്ചവരെ നീണ്ട ഏറ്റുമുട്ടലില്‍ 227 പേര്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു. മേഖലയെ യുദ്ധഭീതിയിലാക്കിയ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട 77 ശതമാനം പേരും സാധാരണക്കാരാണെന്നാണ് യു.എന്‍. കണക്കുകള്‍. ഗാസയ്ക്കു നേരെ 1960 ആക്രമണങ്ങള്‍ ഇസ്രായേല്‍ നടത്തി. ഇസ്രായേലിനുനേരെ 1380 റോക്കറ്റുകള്‍ ഹമാസ് അയച്ചു. ഗാസയില്‍ 1370 വീടുകള്‍ തകര്‍ന്നെന്നും 18000 പേര്‍ക്ക് കിടപ്പാടം നഷ്ടമായെന്നും ഐക്യരാഷ്ട്രസഭ പറയുന്നു.

ഇതിനിടെ, പലസ്തീനില്‍നിന്നുള്ള 19-കാരന്‍ മുഹമ്മദ് അബുഖാദറിനെ തട്ടിക്കൊണ്ടുപോയി ചുട്ടുകൊന്ന കേസില്‍ മൂന്ന് ജൂതന്‍മാര്‍ക്കെതിരെ ഇസ്രായേല്‍ കുറ്റംചുമത്തി. ഇവരുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞമാസം മൂന്ന് ഇസ്രായേല്‍ പൗരന്‍മാരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതിന്റെ പ്രതികാരമായാണ് ജൂലായ് രണ്ടിന് ഖാദറിനെ തട്ടിക്കൊണ്ടുപോയി വധിച്ചത്. ഇസ്രായേലും ഹമാസും രണ്ട് സംഭവങ്ങളിലും പരസ്പരം ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് മേഖലയില്‍ വീണ്ടും സംഘര്‍ഷം തുടങ്ങിയത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close