ഗാസയില്‍ വീണ്ടും ഏറ്റുമുട്ടല്‍: സമാധാന ചര്‍ച്ചയില്‍ നിന്ന് ഇസ്രായേല്‍ പിന്‍വാങ്ങി

മൂന്ന് ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഗാസയില്‍ ഇസ്രായേലും ഹമാസും തമ്മില്‍ വീണ്ടും ഏറ്റുമുട്ടല്‍. ഹമാസ് റോക്കറ്റ് ആക്രമണം പുനരാരംഭിച്ചതോടെ തെക്കന്‍ ഗാസസിറ്റിയില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ പത്തുവയസ്സുകാരന്‍ കൊല്ലപ്പെട്ടു. സ്ത്രീ ഉള്‍പ്പെടെ ആറ് പേര്‍ക്ക് പരിക്കേറ്റു. ഏറ്റുമുട്ടല്‍ രൂക്ഷമായതിനെത്തുടര്‍ന്ന് നൂറുകണക്കിന് ഗാസനിവാസികള്‍ ഐക്യരാഷ്ട്രസഭാ അഭയാര്‍ഥി ക്യാമ്പുകളിലേക്ക് മടങ്ങി.

സമാധാനശ്രമങ്ങള്‍ക്ക് ഹമാസ് തുരങ്കംവെക്കുകയാണെന്ന് ആരോപിച്ച് കയ്‌റോയില്‍ ഈജിപ്തിന്റെ മധ്യസ്ഥതയില്‍ നടക്കുന്ന ചര്‍ച്ചയില്‍ നിന്നും ഇസ്രായേല്‍ പ്രതിനിധികളെ പിന്‍വലിച്ചു. ഇതോടെ ദീര്‍ഘകാല കരാറില്‍ ഇരുകൂട്ടരേയും എത്തിക്കാനുള്ള ശ്രമം അനിശ്ചിതത്വത്തിലായി. ഉപാധികള്‍ അംഗീകരിക്കാത്തതിനാല്‍ ദീര്‍ഘയുദ്ധത്തിന് തയ്യാറെടുക്കുകയാണെന്ന് ഹമാസ് നേതാക്കള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

72 മണിക്കൂര്‍ വെടിനിര്‍ത്തലിന്റെ കലാവധി വെള്ളിയാഴ്ച രാവിലെ എട്ടുമണിക്ക് അവസാനിച്ചതിന് പിന്നാലെയാണ് ഹമാസ് ആക്രമണം തുടങ്ങിയത്. എന്നാല്‍ കരാര്‍ നിലവിലുള്ളപ്പോഴും ഹമാസ് രണ്ട് റോക്കറ്റുകള്‍ അയച്ചതായി ഇസ്രായേല്‍ ആരോപിച്ചു. ഇതേത്തുടര്‍ന്ന് ശക്തമായി തിരിച്ചടിക്കാന്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു സൈന്യത്തിന് നിര്‍ദേശം നല്‍കി. 35 റോക്കറ്റുകളാണ് ഇസ്രായേല്‍ നഗരങ്ങള്‍ ലക്ഷ്യമിട്ട് ഹമാസ് അയച്ചത്. ഇതില്‍ മൂന്നെണ്ണം മിസൈല്‍ പ്രതിരോധ സംവിധാനം തകര്‍ത്തതായി ഇസ്രായേല്‍ പ്രതിരോധ വൃത്തങ്ങള്‍ അവകാശപ്പെട്ടു.

ആക്രമണം ശക്തമായതോടെ ഗാസയില്‍ നിന്ന് കഴിഞ്ഞ ദിവസം സൈന്യത്തെ പിന്‍വലിച്ച ഇസ്രായേല്‍, വീണ്ടും വ്യോമാക്രമണം തുടങ്ങി. ടാങ്കുകളും പീരങ്കിയും ഉപയോഗിച്ച് കരസേനയും ആക്രമണം ആരംഭിച്ചിട്ടുണ്ട്.

ഉപാധികള്‍ അംഗീകരിക്കാതെ വെടിനിര്‍ത്തല്‍ നീട്ടാന്‍ താത്പര്യമില്ലെന്ന് ഹമാസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഗാസയ്ക്കുമേലുള്ള ഉപരോധം പിന്‍വലിക്കുക, ഇസ്രായേലിന്റെ തടവിലുള്ള പലസ്തീന്‍കാരെ വിട്ടയയ്ക്കുക എന്നീ ഉപാധികളാണ് പ്രധാനമായും അവര്‍ മുന്നോട്ടുവെച്ചത്. ഇതിനോട് ഇസ്രായേല്‍ അനുകൂലമായി പ്രതികരിക്കാത്തതിനെത്തുടര്‍ന്നാണ് ആക്രമണം പുനരാരംഭിക്കുന്നതെന്ന് ഹമാസ് വൃത്തങ്ങള്‍ വ്യക്തമാക്കി.

ഏറ്റുമുട്ടല്‍ തുടരുന്നതിനിടെ ചര്‍ച്ച നടത്തിയിട്ട് കാര്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കയ്‌റോയില്‍ നിന്ന് ഇസ്രായേല്‍ പ്രതിനിധികളെ പിന്‍വലിച്ചത്. അതേസമയം പലസ്തീന്‍ സംഘടനകളായ ഹമാസ്, ഇസ്ലാമിക് ജിഹാദ്, പലസ്തീന്‍ അതോറിറ്റി എന്നിവയുടെ പ്രതിനിധികള്‍ മധ്യസ്ഥരുമായി ചര്‍ച്ച തുടരുകയാണ്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close