ഗാസയില്‍ വെടിനിര്‍ത്തലിന് ഇസ്രയേല്‍ തീരുമാനം

 

ഗാസയില്‍ താല്‍ക്കാലിക വെടിനിര്‍ത്തലിന് ഇസ്രയേല്‍ തീരുമാനം. ഇൌജിപ്തിന്റെ നിര്‍ദേശം അനുസരിച്ചാണു തീരുമാനം. ഇൌജിപ്തിന്റെ മധ്യസ്ഥത സ്വീകാര്യമാണെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു പറഞ്ഞു. എന്നാല്‍ ഇൌ തീരുമാനം ഹമാസ് തള്ളി. ഒരു കരാറില്‍ എത്താതെ വെടിനിര്‍ത്തല്‍ സാധ്യമല്ലെന്നാണു ഹമാസ് നിലപാട്.

രാജ്യാന്തര സമ്മര്‍ദത്തെത്തുടര്‍ന്ന് കരയാക്രമണം മാറ്റിവച്ച ഇസ്രയേല്‍ ഗാസയില്‍ കഴിഞ്ഞദിവസം വ്യാപകമായി വ്യോമാക്രണം നടത്തിയിരുന്നു. പോരാട്ടം എഴാംദിവസത്തിലേക്ക് കടന്നപ്പോള്‍ ഗാസയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 180 ആയി. 1280 പേര്‍ക്ക് പരുക്കേറ്റു. ഹമാസ് പോരാളികളെയാണു ലക്ഷ്യമെന്ന് ഇസ്രയേല്‍ അവകാശപ്പെടുന്നുണ്ടെങ്കിലും, കൊല്ലപ്പെട്ടവരില്‍ ഏറിയ പങ്കും സാധാരണക്കാരാണ്.

മുപ്പതിലേറെ കുട്ടികളും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടും. അതിനിടെ തെക്കന്‍ ഇസ്രയേലില്‍ ഹമാസിന്റെ പൈലറ്റില്ലാത്ത നിരീക്ഷണവിമാനം ഇസ്രയേല്‍ വീഴ്ത്തി. മിസൈലുകള്‍ ഉപയോഗിച്ചാണ് വിമാനം ഇസ്രയേല്‍ തകര്‍ത്തത്. വ്യോമാക്രമണം നടത്തുമെന്ന മുന്നറിയിപ്പിനെത്തുടര്‍ന്ന് ഗാസയിലെ ബെയ്റ്റ് ലഹിയാ മേഖലയില്‍ നിന്ന് 17,000 ഓളം പേര്‍ യു.എന്‍ കേന്ദ്രങ്ങളിലേക്ക് പലായനം ചെയ്തു. സമാധാനനീക്കങ്ങളും ഇതിനോടൊപ്പം ആരംഭിച്ചിട്ടുണ്ട്. ഫ്രഞ്ച്, ജര്‍മന്‍ വിദേശകാര്യമന്ത്രിമാര്‍ പശ്ചിമേഷ്യയിലേക്ക് തിരിച്ചിട്ടുണ്ട്.

അതേസമയം, ഇസ്രയേല്‍ വ്യോമാക്രമണം അവസാനിപ്പിക്കാന്‍ രാജ്യാന്തര സമൂഹം ഇടപെടണമെന്നും പലസ്തീന്‍ ജനതയെ സംരക്ഷിക്കണമെന്നും ഈജിപ്തിലെ കെയ്റോയില്‍ ചേര്‍ന്ന അറബ് ലീഗ് വിദേശകാര്യ മന്ത്രിമാരുടെ സമ്മേളനം ആവശ്യപ്പെട്ടിരുന്നു.

അഷ്ദോദ് നഗരത്തിന്റെ തീരപ്രദേശത്തു കൂടി ഇസ്രയേലിലേക്കു പറക്കവേയാണ് പൈലറ്റില്ലാ വിമാനം വെടിവച്ചിട്ടതെന്ന് ഇസ്രയേല്‍ സൈനിക കേന്ദ്രങ്ങള്‍ വെളിപ്പെടുത്തി. ഇസ്രയേലിനുള്ളില്‍ രഹസ്യ ദൌത്യങ്ങള്‍ക്കായി പ്രാദേശിക നിര്‍മിതമായ കൂടുതല്‍ പൈലറ്റില്ലാ വിമാനങ്ങള്‍ തങ്ങള്‍ അയച്ചിട്ടുണ്ടെന്നും വിശദാംശങ്ങള്‍ പിന്നീട് വെളിപ്പെടുത്തുമെന്നും ഹമാസ് അറിയിച്ചു. ഗാസയിലെ ബെയ്ത് ലഹിയയില്‍നിന്ന് ഒഴിഞ്ഞുപോകാന്‍ ഇസ്രയേല്‍ സൈന്യം നിര്‍ദേശിച്ചതിനെത്തുടര്‍ന്ന് ഏതാണ്ട് 17,000 പേര്‍ ഐക്യരാഷ്ട്ര സംഘടനയുടെ കേന്ദ്രങ്ങളില്‍ അഭയം തേടിയിരിക്കുകയാണ്.

ഇങ്ങനെ ആളുകള്‍ ഒഴിഞ്ഞുപോയ പ്രദേശങ്ങളില്‍ ഇസ്രയേല്‍ വ്യോമാക്രമണം നടത്തി. ഹമാസ് പ്രവര്‍ത്തകരുടെ ഒളിത്താവളങ്ങള്‍, റോക്കറ്റ് വിക്ഷേപിണികള്‍ ഒളിപ്പിച്ചിരിക്കുന്ന രഹസ്യ കേന്ദ്രങ്ങള്‍ എന്നിവയാണ് ആക്രമിച്ചതെന്നാണ് ഇസ്രയേല്‍ നല്‍കുന്ന വിശദീകരണം. ഇസ്രയേല്‍ നാവികസേനയും ഇവിടെ ഷെല്‍ ആക്രമണം നടത്തി.

ഹമാസും ഇസ്രയേലിലേക്കു റോക്കറ്റുകള്‍ തൊടുത്തുവിടുന്നുണ്ട്. അഷ്കെലോണില്‍ റോക്കറ്റ് പതിച്ച് ഒരു ഇസ്രയേല്‍ യുവാവിനു പരുക്കേറ്റു. കൊല്ലപ്പെട്ടവരില്‍ 70 ശതമാനവും സാധാരണ ജനങ്ങളാണെന്നും ഇതില്‍ 30ലേറെ കുട്ടികളുണ്ടെന്നും യുഎന്‍ വെളിപ്പെടുത്തി. കരയുദ്ധത്തിനും തയാറെടുത്ത ഇസ്രയേല്‍, അതിര്‍ത്തിയില്‍ ആയിരക്കണക്കിന് ഭടന്മാരെയാണ് വിന്യസിച്ചത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close