ഗാസ: കയ്‌റോയില്‍ സമാധാന ചര്‍ച്ച പുനരാരംഭിച്ചു

ഗാസയില്‍ 72 മണിക്കൂര്‍ വെടിനിര്‍ത്തല്‍ ആരംഭിച്ചതിനിടെ, ഇസ്രായേല്‍ കൂടി ഉള്‍പ്പെട്ട സമാധാന ചര്‍ച്ച കയ്‌റോയില്‍ ആരംഭിച്ചു. മധ്യസ്ഥത വഹിക്കുന്ന ഈജിപ്തിന്റെ പ്രതിനിധികള്‍ ഇരുകൂട്ടരുമായും വെവ്വേറെ ചര്‍ച്ച നടത്തി. ഗാസയ്ക്കുമേല്‍ എട്ടുവര്‍ഷമായി തുടരുന്ന ഉപരോധം അവസാനിപ്പിച്ചുകൊണ്ടുള്ള കരാര്‍ മാത്രമേ അംഗീകരിക്കുകയുള്ളൂവെന്ന് ഹമാസ് വ്യക്തമാക്കി. ദീര്‍ഘകാല കരാറിലേക്കുള്ള അവസാന അവസരമാണിതെന്നും ഹമാസ് വക്താവ് സമി അബു സുഹ്രി മുന്നറിയിപ്പ് നല്‍കി.

വെടിനിര്‍ത്തല്‍ നിലവില്‍ വന്നതോടെ മൂന്ന് ദിവസത്തിനുശേഷം ഗാസ വീണ്ടും ശാന്തമായി. ഇതേത്തുടര്‍ന്ന് യു.എന്‍. അഭയാര്‍ഥികേന്ദ്രങ്ങളില്‍ കഴിഞ്ഞിരുന്ന അഭയാര്‍ഥികള്‍ വീടുകളിലേക്ക് മടങ്ങി. ഞായറാഴ്ച അര്‍ധരാത്രി വെടിനിര്‍ത്തല്‍ നിലവില്‍ വരുന്നതിന് തൊട്ടുമുന്‍പുവരെ ഇസ്രായേലും ഹമാസും റോക്കറ്റ് ആക്രമണം നടത്തി. എന്നാല്‍, കരാര്‍ നിലവില്‍ വന്നതിനുശേഷം ആക്രമണങ്ങളുണ്ടായില്ല.
ചര്‍ച്ചയ്ക്കായി ഇസ്രായേല്‍ പ്രതിനിധിസംഘം തിങ്കളാഴ്ച രാവിലെയാണ് കയ്‌റോയിലെത്തിയത്. ഹമാസിന് പുറമേ ഇസ്ലാമിക് ജിഹാദ്, പലസ്തീന്‍ അതോറിറ്റി എന്നീ സംഘടനകളും പലസ്തീനെ പ്രതിനിധീകരിച്ച് ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്. ഹമാസ് ആക്രമണം പുനരാരംഭിച്ചെന്ന് ആരോപിച്ച് വെള്ളിയാഴ്ച പ്രതിനിധികളെ ഇസ്രായേല്‍ പിന്‍വലിച്ചിരുന്നു. ഇതിനുശേഷമുണ്ടായ ആക്രമണങ്ങളില്‍ 19 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. ഞായറാഴ്ച രാത്രി ഹമാസ് വെടിനിര്‍ത്തലിന് സമ്മതിച്ചതോടെയാണ് ചര്‍ച്ചയ്ക്ക് വീണ്ടും കളമൊരുങ്ങിയത്.
ഗാസ പ്രശ്‌നം അവസാനിപ്പിക്കുന്നതിന് സൈനിക നടപടിയേക്കാള്‍ നയതന്ത്ര ചര്‍ച്ചയാണ് നല്ലതെന്ന് ഇസ്രായേല്‍ മന്ത്രി യുവാല്‍ സ്റ്റെയിനിറ്റ്‌സ് അഭിപ്രായപ്പെട്ടു. ഇസ്രായേല്‍ റേഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ അഭിപ്രായം പ്രകടിപ്പിച്ചത്. മികച്ച അവസരമാണ് ഇരുകൂട്ടര്‍ക്കും വീണ്ടും ലഭിച്ചിരിക്കുന്നതെന്നും ചര്‍ച്ചയിലൂടെ ദീര്‍ഘകാല കരാറില്‍ എത്തണമെന്നും യു.എന്‍. സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണും ആവശ്യപ്പെട്ടു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close