ഗാസ; കുരുതിയില്‍ മരണം 434

ഗാസയില്‍ കുരുതിയുടെ ദിനമായി മാറിയ ഇന്നലെ 99 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. ഇതോടെ, ഹമാസ് കേന്ദ്രങ്ങളെ ലക്ഷ്യമാക്കി ഇസ്രയേല്‍ നടത്തുന്ന കര-വ്യോമ ആക്രമണങ്ങളില്‍ ഇതുവരെ കൊല്ലപ്പെട്ട പലസ്തീന്‍കാരുടെ എണ്ണം 434 ആയി. ഗാസയ്ക്കടുത്ത ഷെജയ്യയില്‍ ഇസ്രയേല്‍ നടത്തിയ ഷെല്‍ ആക്രമണത്തില്‍ മാത്രം 62 പലസ്തീന്‍കാരാണ് മരിച്ചത്. ഹമാസ് ആക്രമണത്തില്‍ 13 ഇസ്രയേലി സൈനികരും രണ്ടു നാട്ടുകാരും കൊല്ലപ്പെട്ടു. ഗാസയില്‍ മറ്റിടങ്ങളില്‍ 37 പലസ്തീന്‍കാരും കൊല്ലപ്പെട്ടിട്ടുണ്ട്. 380 പേര്‍ക്കു പരുക്കേറ്റു. രണ്ടാഴ്ചയായി തുടരുന്ന ആക്രമണത്തില്‍ ഇരുപക്ഷത്തും ഏറ്റവും രൂക്ഷമായ ആള്‍നാശമുണ്ടായത് ഇന്നലെയാണ്.

കൊല്ലപ്പെട്ടവരില്‍ ഹമാസ് നേതാവ് ഒസാമ അല്‍ ഹയയുടെ മകന്‍ ഖലില്‍ അല്‍ ഹയയും പെടുന്നു. താമസിച്ചിരുന്ന വീടിനുനേരെ നടന്ന ബോംബാക്രമണത്തിലാണു ഹയ കൊല്ലപ്പെട്ടത്. 13 ദിവസം പിന്നിട്ട പോരാട്ടത്തില്‍ ഇതുവരെ പരുക്കേറ്റവരുടെ എണ്ണം 2500 കവിഞ്ഞു. ഷെജയ്യയില്‍ തമ്പടിച്ച് റോക്കറ്റ് ആക്രമണം നടത്തിയ ഹമാസ് സംഘത്തെ ലക്ഷ്യമാക്കിയാണ് ബോംബാക്രമണം നടത്തിയതെന്നും ഇവിടെനിന്ന് ഒഴിഞ്ഞുപോകാന്‍ നാട്ടുകാര്‍ക്ക് മൂന്നുദിവസം മുന്‍പ് മുന്നറിയിപ്പു നല്‍കിയിരുന്നെന്നും ഇസ്രയേല്‍ സൈനിക വക്താവ് പറഞ്ഞു.

ഇതേസമയം, ഇസ്രയേലും ഹമാസും സംഘര്‍ഷം ഉപേക്ഷിക്കണമെന്നും രാജ്യാന്തര നിയമങ്ങള്‍ പാലിക്കണമെന്നും യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ ദോഹയില്‍ ആവശ്യപ്പെട്ടു. ഗാസ പ്രശ്‌നം പരിഹരിക്കാന്‍ മധ്യസ്ഥതയുമായി രംഗത്തുള്ള ഖത്തറില്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയുമായി ചര്‍ച്ചയ്ക്കു ശേഷം മാധ്യമപ്രവര്‍ത്തകരെ കാണുകയായിരുന്നു അദ്ദേഹം. ‘രാജ്യാന്തര മനുഷ്യാവകാശ നിയമങ്ങളെല്ലാം ലംഘിക്കപ്പെടുകയാണ്. അത് അനുവദിച്ചു കൂടാ. നിരപരാധികളുടെ ജീവനാണു പൊലിയുന്നതെന്നോര്‍ക്കണം, അദ്ദേഹം പറഞ്ഞു. ഖത്തറിന്റെ ഇടപെടലിനെ അദ്ദേഹം അനുമോദിക്കുകയും ചെയ്തു. ഇസ്രയേലിന്റെ ക്രൂരതയ്‌ക്കെതിരെ രാജ്യാന്തര സമൂഹം അണിനിരക്കണമെന്നു വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത ഖത്തര്‍ വിദേശകാര്യമന്ത്രി ഡോ. അല്‍ അത്തിയ പറഞ്ഞു. യുഎസ് പ്രസിഡന്റ് ബറാക് ഒബാമ ഇന്നലെ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ ഫോണില്‍ വിളിച്ച് സംഘര്‍ഷം രൂക്ഷമാകുന്നതില്‍ ആശങ്ക അറിയിച്ചു.

പോരാട്ടം ഒഴിവാക്കുന്നതിനുള്ള ഈജിപ്തിന്റെ നിര്‍ദേശം ചര്‍ച്ചചെയ്യുന്നതിന് ബാന്‍ കി മൂണ്‍ ഇന്നു കയ്‌റോയില്‍ എത്തും. ഇസ്രയേല്‍ – ഹമാസ് പോരാട്ടങ്ങളില്‍ മുന്‍പും മധ്യസ്ഥത വഹിച്ചിട്ടുള്ള ഈജിപ്ത് ഇക്കുറി വച്ച നിര്‍ദേശം ഹമാസ് തള്ളിയിരുന്നു. ഈജിപ്ത് തങ്ങളോട് ആലോചിച്ചില്ല എന്നായിരുന്നു ഹമാസിന്റെ നിലപാട്.

ഈജിപ്ത്, ഖത്തര്‍, ഫ്രാന്‍സ്, യുഎസ് തുടങ്ങി ഒട്ടേറെ രാജ്യങ്ങള്‍ പൂര്‍ണവെടിനിര്‍ത്തലിനു ശ്രമം നടത്തുന്നുണ്ടെങ്കിലും പുരോഗതിയുണ്ടായിട്ടില്ല. ഹമാസിന്റെ റോക്കറ്റ് ആക്രമണം ഇന്നലെയും ഇസ്രയേലിനുനേരെ ഉണ്ടായെങ്കിലും ആളപായമില്ല. ഇന്നലത്തെ ഇസ്രയേല്‍ ആക്രമണത്തെയും ആള്‍നാശത്തെയും ‘യുദ്ധക്കുറ്റം എന്ന് അറബ് ലീഗ് തലവന്‍ നെബില്‍ എല്‍ അറബി വിശേഷിപ്പിച്ചു. ഗാസയിലെ ഷിജെയ്യ നഗരത്തിന്റെ തെരുവുകള്‍ ആളുകളെക്കൊണ്ടു നിറഞ്ഞിരിക്കുകയാണ്. അഭയസ്ഥാനം തേടിയുള്ള നെട്ടോട്ടത്തിലാണ് അവര്‍. യുഎന്‍ 49 ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നിട്ടുണ്ട്. ഇവിടങ്ങളില്‍ 61,000 പേര്‍ അഭയം തേടി.

കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ നീക്കംചെയ്യുന്നതിനും പരുക്കേറ്റവരെ ആശുപത്രിയിലാക്കുന്നതിനും താല്‍ക്കാലിക വെടിനിര്‍ത്തലിന് ഇരുപക്ഷത്തെയും റെഡ് ക്രോസിന്റെ രാജ്യാന്തര കമ്മിറ്റി ഇന്നലെ പ്രേരിപ്പിച്ചിരുന്നു. എന്നാല്‍, ആ ദൗത്യം പൂര്‍ണമായി വിജയിച്ചില്ല. ഹമാസ് വെടിനിര്‍ത്തല്‍ ലംഘിച്ചുവെന്നാരോപിച്ച് ഇസ്രയേല്‍ ആക്രമണം തുടങ്ങി. തങ്ങളും അതേ രൂപത്തില്‍ തിരിച്ചടിച്ചു എന്നാണ് ഇതു സംബന്ധിച്ച് ഇസ്രയേലിന്റെ പ്രതികരണം.

 

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close