ഗാസ: വീണ്ടും ഇസ്രായേല്‍ ആക്രമണം

ഗാസയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കകം ഇസ്രായേല്‍ വ്യോമാക്രമണം പുനരാരംഭിച്ചു. പുതിയ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ഇതോടെ, എട്ടാംദിവസത്തിലേക്കുനീണ്ട ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 193 ആയി. വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിനുശേഷം ഹമാസ് 50 റോക്കറ്റുകള്‍ വിക്ഷേപിച്ചതിനെത്തുടര്‍ന്നാണ് വീണ്ടും ആക്രമണം തുടങ്ങിയതെന്ന് ഇസ്രായേല്‍ വ്യക്തമാക്കി

നേരത്തേ, ഈജിപ്ത് നടത്തിയ മധ്യസ്ഥ ശ്രമങ്ങള്‍ക്കൊടുവില്‍ ഗാസയില്‍ വെടിനിര്‍ത്താമെന്ന് ഇസ്രായേല്‍ പ്രഖ്യാപിച്ചിരുന്നു. ഗാസയില്‍നിന്ന് വീണ്ടും ആക്രമണമുണ്ടായാല്‍ വെടിനിര്‍ത്തല്‍കരാര്‍ ഉപേക്ഷിക്കുമെന്ന് ഇസ്രായേല്‍ അറിയിക്കുകയും ചെയ്തിരുന്നു.
പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന സുരക്ഷാമന്ത്രിതലയോഗത്തില്‍ രണ്ടിനെതിരെ ആറ് വോട്ടിനാണ് വെടിനിര്‍ത്തല്‍ നിര്‍ദേശം ഇസ്രായേല്‍ അംഗീകരിച്ചത്. 12 മണിക്കൂറിനുള്ളില്‍ വെടിനിര്‍ത്തല്‍ പൂര്‍ണമായും നടപ്പാക്കാനും 48 മണിക്കൂറിനുള്ളില്‍ ഇസ്രായേല്‍-പലസ്തീന്‍ ഉന്നതതലപ്രതിനിധികളുടെ ചര്‍ച്ച കയ്‌റോയില്‍ നടത്താനും ധാരണയായിരുന്നു. എന്നാല്‍, പുതിയ ആക്രമണത്തോടെ ഇതെല്ലാം അപ്രസക്തമായി.

വെടിനിര്‍ത്തലിനായി തങ്ങളെ ആരും ബന്ധപ്പെട്ടിട്ടില്ലെന്ന് പലസ്തീന്‍സംഘടനയായ ഹമാസ് പ്രതികരിച്ചിരുന്നു. പൂര്‍വാധികം ശക്തിയോടെ ആക്രമണം തുടരുമെന്ന് ഹമാസിന്റെ സായുധവിഭാഗമായ അല്‍ ഖസ്സം ബ്രിഗേഡ്‌സ് അറിയിച്ചു. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചശേഷമേ ആയുധം താഴെവെക്കൂ എന്നും അവര്‍ പറഞ്ഞു.

ഗാസയില്‍ ഇടപെടുന്നത് ഇസ്രായേല്‍ അവസാനിപ്പിക്കണമെന്നാണ് ഹമാസിന്റെ പ്രധാന ആവശ്യം.
കൊല്ലപ്പെട്ടവരിലധികവും സാധാരണക്കാരാണ്. തിങ്കളാഴ്ചത്തെ ആക്രമണങ്ങളില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടിരുന്നു. ഇസ്രായേലിന്റെ ഭാഗത്ത് ഇതുവരെ ആള്‍നാശം ഉണ്ടായിട്ടില്ല. മിസൈലുകളെ പ്രതിരോധിക്കുന്ന ആയുധങ്ങളാണ് ഹമാസ് ആക്രമണങ്ങളെ ചെറുക്കാന്‍ ഇസ്രായേലിനെ സഹായിച്ചത്.

ഇതിനിടെ, ഈജിപ്തില്‍നിന്ന് ഇസ്രായേലിനു നേരേ റോക്കറ്റാക്രമണമുണ്ടായി. നാലുപേര്‍ക്ക് പരിക്കേറ്റു. ഈജിപ്തിലെ സിനായില്‍നിന്ന് ഇസ്ലാമികഭീകരരാണ് ആക്രമണം നടത്തിയതെന്ന് ഇസ്രായേല്‍ അറിയിച്ചു. ഈജിപ്തിന്റെ മധ്യസ്ഥശ്രമങ്ങള്‍ പരാജയപ്പെടുത്തുകയായിരുന്നു ആക്രമണ ലക്ഷ്യമെന്നും അവര്‍ പറഞ്ഞു. ഗൊലാന്‍ കുന്നുകളിലെ സിറിയന്‍ സൈനിക കേന്ദ്രത്തിനുനേരേ ഇസ്രായേല്‍ വ്യോമാക്രമണം നടത്തിയതായി റിപ്പോര്‍ട്ടുണ്ട്. ഇതില്‍ നാലുപേര്‍ കൊല്ലപ്പെട്ടു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close