ഗ്ലാസ്ഗോ വിടചൊല്ലി; ഇനി ഗോള്‍ഡ് കോസ്റ്റില്‍

17 കായിക ഇനങ്ങളിലായി 71 രാജ്യങ്ങളില്‍നിന്നായി 11 ദിവസം 4500ഓളം കായികതാരങ്ങള്‍ മാറ്റുരച്ച ഇരുപതാമത് കോമണ്‍വെല്‍ത്ത് ഗെയിംസിന് കൊടിയിറങ്ങി. വര്‍ണാഭമായ സമാപനച്ചടങ്ങോടെയാണ് സ്കോട്ട്‌ലാന്‍ഡിലെ ഗ്ലാസ്ഗോയില്‍ ഗെയിംസിന് കൊടിയിറങ്ങിയത്. ഇംഗ്ലണ്ടാണ് ഇരുപതാമത് കോമണ്‍വെല്‍ത്ത് ഗെയിംസ് ജേതാക്കള്‍‍. 58 സ്വര്‍ണ്ണവും 59 വെള്ളിയും 57 വെങ്കലവുമായാണ് ഇംഗ്ലണ്ടിന്റെ കിരീടധാരണം. ഓസ്‌ട്രേലിയ രണ്ടാമതും കാനഡ മൂന്നാം സ്ഥാനത്തുമാണ്. 15 സ്വര്‍ണ്ണവും 30 വെള്ളിയും 19  വെങ്കലവുമുള്ള ഇന്ത്യ അഞ്ചാം സ്ഥാനത്താണ്. 2018ല്‍ ഓസ്‌ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റിലാണ് അടുത്ത ഗെയിംസ് നടക്കുന്നത്.

ഗ്ലാസ്‌കോയില്‍ ഇന്ത്യക്ക് മെഡല്‍ കുറയുമെന്ന കാര്യം ഉറപ്പായിരുന്നു. ദില്ലിയില്‍ ഇന്ത്യ മെഡല്‍ വാരിക്കൂട്ടിയ ഇനങ്ങളില്‍ അധികവും ഇക്കുറി ഇല്ലായിരുന്നു. ദില്ലിയില്‍ ഷൂട്ടിംഗ്, ഗുസ്തി, അമ്പെയ്ത്ത് എന്നിവയില്‍ നിന്നായിരുന്നു ഇന്ത്യയുടെ മെഡല്‍ വേട്ട. 101 മെഡലുകളില്‍ 27 സ്വര്‍ണമടക്കം 57 എണ്ണവും ഈ ഇനങ്ങളില്‍ നിന്നായിരുന്നു. എന്നാല്‍ ഇത്തവണ ഷൂട്ടിംഗില്‍ ഇന്ത്യക്ക് കിട്ടിയത് നാല് സ്വര്‍ണവും 9 വെള്ളിയുമടക്കം 17 മെഡല്‍ മാത്രമാണ്. ദില്ലിയില്‍ ഇത് 14 സ്വര്‍ണവും 11 വെള്ളിയുമടക്കം 30 എണ്ണമായിരുന്നു.

ഗുസ്തിയില്‍ നിന്നും ദില്ലിയില്‍ ഇന്ത്യ കണ്ടെത്തിയത് 10 സ്വര്‍ണവും 5 വെള്ളിയുമടക്കം 19 മെഡലായിരുന്നു. എന്നാല്‍ ഗ്ലാസ്‌കോയില്‍ ഇത് 5 സ്വര്‍ണവും 6 വെള്ളിയുമടക്കം 13ല്‍ ഒതുങ്ങി. 3 സ്വര്‍ണമടക്കം 8 മെഡല്‍ നേടിയ അമ്പെയ്ത്തും 1 സ്വര്‍ണവും ഒരു വെള്ളിയും മടക്കം 4 മെഡല്‍ നേടിയ ടെന്നീസും ഗ്ലാസ്‌കോയില്‍ ഇല്ലായിരുന്നു. ദില്ലിയില്‍ 12 മെഡല്‍ നേടിയ ഇന്ത്യന്‍ അത് ലറ്റിക് ടീം ഗ്ലാസ്‌കോയില്‍ 3ല്‍ ഒതുങ്ങി. കഴിഞ്ഞ തവണ സ്വര്‍ണം നേടിയ ഇന്തയന്‍ വനിതാ റിലേ ടീം ഫൈനലില്‍ ബാറ്റണ്‍ നിലത്ത് വീഴ്ത്തി നാണം കെടുത്തുകയും ചെയ്തു.

ഡിസ്‌കസ് ത്രോയില്‍ കഴിഞ്ഞ തവണ സ്വര്‍ണം നേടിയ കൃഷ്ണ പൂനിയ നിരാശപ്പെടുത്തി. കഴിഞ്ഞ തവണ 3 സ്വര്‍ണവും 4 വെങ്കലവും  നേടിയ ബോക്‌സിംഗില്‍ ഇത്തവണ 4 വെള്ളിയും ഒരു വെങ്കലവും മാത്രം. ഇതില്‍ നിന്നും വ്യത്യസ്തരായത് ഭാരോദ്യോഹകര്‍ മാത്രം. കഴിഞ്ഞ തവണ നേടിയ 2 സ്വര്‍ണവും 2 വെള്ളിയും 4 വെങ്കലവുമെന്നത്  3 സ്വര്‍ണവും 5 വെള്ളിയും 6 വെങ്കലവുമായി ഉയര്‍ത്തി. ബാഡ്മിന്റണിലും ടോബിള്‍ടെന്നീസിലും ജിംനാസ്റ്റികിലുമായി ഉണ്ടായിരുന്ന 11 മെഡല്‍ 6 ആയി ചുരുങ്ങി. ഹോക്കിയില്‍ 2010 ആവര്‍ത്തിച്ചു. ഒരു വെള്ളി മാത്രം. ദില്ലിയില്‍ മെഡല്‍ നേടാത്ത ജൂഡോയില്‍ 2 വെള്ളിയും 2 വെങ്കലവും കണ്ടെത്തുവാനും ഇന്ത്യന്‍ താരങ്ങള്‍ക്കായി. ഇന്ത്യ ഇന്ന് വരേ മെഡല്‍ നേടാത്ത സ്‌ക്വാഷില്‍ സ്വര്‍ണം നേടിയത് മാത്രമാണ് എടുത്ത് പറയത്തക്ക നേട്ടം.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close