ചരിത്രം കുറിക്കാന്‍ ബ്രസീല്‍; തടയിടാന്‍ കൊളംബിയ

ചിലിക്കെതിരെ ഭാഗ്യ പരീക്ഷണത്തിനൊടുവില്‍ നീട്ടിക്കിട്ടിയ ആയുസുമായാണ് ബ്രസീല്‍ കൊളംബിയയെ നേരിടുന്നത്. ആറാം ലോകകിരീടം ലക്ഷ്യമിടുന്ന ആതിഥേയര്‍ ഇതുവരെ സ്വതസിദ്ധമായ ശൈലിയില്‍ പന്ത് തട്ടിത്തുടങ്ങിയിട്ടില്ല. മുന്നേറ്റ നിരയില്‍ ഫോം കണ്ടെത്താന്‍ വിഷമിക്കുന്ന ഫ്രെഡിന് പകരക്കാരനെ കണ്ടെത്താനാവാത്തതാണ് കോച്ച് സ്കൊളാരിയുടെ പ്രധാന തലവേദന. ചിലിക്കെതിരായ മത്സരത്തില്‍ പരിക്കേറ്റെങ്കിലും കൊളംബിയക്കെതിരെ കളിയ്ക്കുമെന്ന് സൂപ്പര്‍ താരം നെയ്മര്‍ ‌വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ പരിശീലനത്തിനിടെ രണ്ട് തവണ ഗ്രൗണ്ട് വിടേണ്ടി വന്നത് നെയ്മറുടെ ആരോഗ്യ സ്ഥിതിയെ കുറിച്ച് ആശങ്ക ഉയര്‍ത്തുന്നു. ക്വാര്‍ട്ടര്‍ ഫൈനല്‍ വരെയുള്ള ബ്രസീലിന്റെ മുന്നേറ്റത്തില്‍ നെയ്മറുടെ പ്രകടനം നിര്‍ണായകമായിരുന്നു.

ആദ്യ മത്സരത്തിന് ശേഷം ഫോം കണ്ടെത്താന്‍ വിഷമിക്കുന്ന ഓസ്കറാണ് ബ്രസീല്‍ ഉറ്റുനോക്കുന്ന മറ്റൊരു താരം. ഓസ്കര്‍ ഫോം വീണ്ടെടുത്താന്‍ നെയ്മര്‍ -ഓസ്കര്‍ കൂട്ടുകെട്ടിലൂടെ കളി നിയന്ത്രണത്തിലാക്കാമെന്നാണ് സ്കൊളാരിയുടെ കണക്ക് കൂട്ടല്‍. എന്നാല്‍ ലോകകപ്പില്‍ ബ്രസീല്‍ നേരിടുന്ന ഏറ്റവും ശക്തരായ എതിരാളികളാണ് കൊളംബിയ. ഗ്രൂപ്പ് ഘട്ടത്തിലെ എല്ലാ മത്സരങ്ങളും ജയിച്ച അവര്‍ പ്രീ ക്വാര്‍ട്ടറിലും ആധികാരിക ജയം നേടിയിരുന്നു. പ്രമുഖ ടീമുകളായ ബ്രസീലും അര്‍ജന്റീനയും ജര്‍മനിയും ഉള്‍പ്പെടെയുള്ളവര്‍ മുടന്തി നീങ്ങിയിടത്തായിരുന്നു കൊളംബിയയുടെ മാസ്മരിക പ്രകടനം. ടൂര്‍ണമെന്റിന്റെ താരമായി മാറിക്കഴിഞ്ഞ ഹേമസ് റോഡ്രിഗസാണ് കോച്ച് പെക്കര്‍മാന്റെ തുറുപ്പ് ചീട്ട്. ഒപ്പം ക്വാഡ്രാഡോയും ക്വിന്റേറോയും മാര്‍ട്ടിന്‍സും ചേരുമ്പോള്‍ ബ്രസീല്‍ പ്രതിരോധത്തിന് പണി കൂടും. കൊളംബിയക്കെതിരെ 1991 ന് ശേഷം തോറ്റിട്ടില്ല എന്നതാണ് ബ്രസീലിന്റെ ആത്മ വിശ്വാസം ഉയര്‍ത്തുന്നത്. എന്നാല്‍ കഴിഞ്ഞ നാല് മത്സരങ്ങളിലും ഇരുവരും ഏറ്റമുട്ടിയപ്പോള്‍ സമനിലയായിരുന്നു ഫലം. അവസാനം ഏറ്റുമുട്ടിയ മത്സരത്തില്‍ കൊളംബിയക്കായി ക്വാഡ്രാഡോയും ബ്രസീലിനായി നെയ്മറുമായി ഗോള്‍ നേടിയത്. ലോകകപ്പില്‍ ആദ്യമായാണ് ലാറ്റിനമേരിക്കന്‍ ശക്തികള്‍ പോരിനിറങ്ങുന്നത്.

കൊളംബിയന്‍ ഫുട്ബോളിന്റെ സുവര്‍ണ കാലഘട്ടത്തില്‍ പോലും സാധ്യമാകാത്ത നേട്ടമാണ് റോഡ്രിഗസും സംഘവും സ്വന്തമാക്കിയിരിക്കുന്നത്. ചരിത്രത്തില്‍ ആദ്യമായി ക്വാര്‍ട്ടര്‍ ഫൈനലില്‍ കളിയ്ക്കുന്നതിന്റെ ആവേശത്തില്‍ കൊളംബിയയും ആറാം കിരീടം സ്വപ്നം കണ്ട് ബ്രസീലും പന്ത് തട്ടുമ്പോള്‍ മത്സരം തീപാറും.

Show More

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close