ചരിത്രം കുറിയ്ക്കാന്‍ മെസിയും സംഘവും

arg semi

ചരിത്രം ആവര്‍ത്തിക്കുക ആയിരുന്നു സാവോപോളോയില്‍. 1990 ല്‍ സെമി ഫൈനലില്‍ ഇറ്റലിയെ മറികടന്ന് അര്‍ജന്റീനയെ ഫൈനലില്‍ എത്തിച്ചത് രണ്ട് സേവുകള്‍. 24 വര്‍ഷങ്ങള്‍ക്കിപ്പുറം ബ്രസീലിലും കിരീടപ്പോരാട്ടത്തിന് അവസരം ലഭിച്ചത് രണ്ട് സേവുകളിലൂടെ. അന്ന് ക്രോസ് ബാറിന് കീഴില്‍ രക്ഷകനായത് ഗോയ്ക്കോഷ്യയായിരുന്നെങ്കില്‍ ഇത്തവണ സെര്‍ജിയോ റൊമീറോ എന്ന ഇരുപത്തിയേഴുകാരന്‍. രണ്ട് തവണയും കലാശപ്പോരാട്ടത്തില്‍ ജര്‍മനിയും. അധിക സമയവും കടന്ന് ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തില്‍ ഹോളണ്ടിനെ 4-2 ന് തോല്‍പ്പിച്ചാണ് അര്‍ജന്റീനയുടെ മുന്നേറ്റം. വ്ലാറിന്റെയും സ്നൈഡറുടെയും കിക്കുകളാണ് റൊമീറോ തടഞ്ഞിട്ടത്. ആദ്യ നാല് കിക്കുകളും ലക്ഷ്യത്തിലെത്തിയതിനാല്‍ അവസാന കിക്ക് എടുക്കേണ്ടി വന്നില്ല.

ജര്‍മനിയില്‍ നിന്നും ബ്രസീല്‍ നേരിട്ട ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കരുതലോടെയാണ് ഹോളണ്ടും അര്‍ജന്റീനയും കളിച്ചത്. ഗോള്‍ നേടുക എന്നതിനേക്കാള്‍ ഗോള്‍ വഴങ്ങാതിരിക്കുക എന്നതായിരുന്നു ഇരുവരുടെയും തന്ത്രം. അതോടെ മത്സരത്തിന്റെ ഒഴുക്ക് തടസപ്പെട്ടു. ആദ്യ പകുതിയില്‍ മെസിയും സംഘവുമാണ് ആധിപത്യം പുലര്‍ത്തിയത്. എന്നാല്‍ 7 പ്രതിരോധ നിരക്കാരെ അണി നിരത്തി ഹോളണ്ടൊരുക്കിയ കെണിയില്‍ നിന്നും രക്ഷപ്പെടാന്‍ അര്‍ജന്റീനയുടെ മുന്നേറ്റത്തിനായില്ല. 17ാം മിനുട്ടിലും 44ാം മിനുട്ടിലും മെസിയെടുത്ത ഫ്രീ കിക്കുകള്‍ ഹോളണ്ട് ഗോളി സിയെസര്‍ കയ്യിലൊതുക്കുകയും ചെയ്തു.

രണ്ടാം പകുതിയില്‍ ഹോളണ്ട് ഉണര്‍ന്ന് കളിച്ചു. എന്നാല്‍ ശക്തമായിരുന്നു അര്‍ജന്റീനയുടെയും പ്രതിരോധം. റോബനെയും വാന്‍പേഴ്സിയെയും സ്വതന്ത്രമായി മുന്നേറാന്‍ അവര്‍ സമ്മതിച്ചില്ല. ലോംഗ് പാസിലൂടെയുള്ള മുന്നേറ്റങ്ങള്‍ തുടക്കത്തിലേ പാളിയതോടെ ഓറഞ്ച് ആക്രമണങ്ങളുടെ തീക്ഷണത കുറഞ്ഞു. 90 ാം മിനുട്ടില്‍ ലഭിച്ച സുവര്‍ണാവസരം കളഞ്ഞ് കുളിച്ച് റോബന്‍ ദുരന്ത നായകനാവുകയും ചെയ്തു. അധിക സമയത്ത് ഷൂട്ടൗട്ട് ലക്ഷ്യമാക്കിയായിരുന്നു ഇരു ടീമുകളുടെയും കളി. അവസാന നിമിഷങ്ങളില്‍ ലഭിച്ച രണ്ട് ഗോളവസരങ്ങള്‍ മുതലാക്കാന്‍ അര്‍ജന്റീനയ്ക്ക് സാധിച്ചതുമില്ല. എന്നാല്‍ കോസ്റ്റാറിക്കയ്ക്കെതിര‌ായ പെനാല്‍റ്റി ഷൂട്ടൗട്ടിന്റെ ഓര്‍മയില്‍ ഇറങ്ങിയ ഹോളണ്ടിന് തുടക്കത്തിലെ പിഴച്ചു. വ്ലാറിന്റെ ആദ്യ കിക്ക് റൊമീറോ തടഞ്ഞു. മറുപടിയായി ലിയൊണല്‍ മെസിയെ കൊണ്ട് തന്നെ കിക്കെടുപ്പിച്ച് നീലപ്പട മാനസിക മുന്‍ തൂക്കം നേടി. തുടര്‍ന്നുള്ള നാല് കിക്കുകളും ലക്ഷ്യത്തിലെത്തിയതോടെ ജര്‍മനിയെ നേരിടാന്‍ അര്‍ജന്റീന മാരക്കാനയിലേക്ക് ടിക്കെറ്റെടുത്തു. ഒപ്പം അവസാന നമിഷം കലമുടയ്ക്കുന്ന പതിവ് തുടര്‍ന്ന ഹോളണ്ടിന് മൂന്നാം സ്ഥാനത്തിനായി ബ്രസീലിനെതിരെ മത്സരിക്കാം.

Show More

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close