ചരിത്രത്തിലെ ചോരവീണ മത്സരം

1982

ഫ്രഞ്ച് താരം പാട്രിക് ബാറ്റിസ്റ്റണെ ഫുട്ബോള്‍ ലോകം മറന്നിട്ടുണ്ടാവില്ല. കളിയിലെ സമ്മര്‍ദം മനുഷ്യത്വം മറന്നപ്പോള്‍ അതിന്റെ ദുരന്തം ഏറ്റുവാങ്ങുകയായിരുന്നു ബാറ്റിസ്റ്റണ്‍. 1982 സ്പെയിന്‍ ലോകകപ്പിന്റെ സെമി ഫൈനലില്‍ ജര്‍മനിയും ഫ്രാന്‍സും തമ്മില്‍ ഏറ്റമുട്ടുന്നു. ജര്‍മന്‍ നിരയെ നയിച്ച് റുമനിഗെയും ഫ്രഞ്ച് പടക്കോപ്പൊരുക്കി സാക്ഷാല്‍ മിഷേല്‍ പ്ലാറ്റിനിയും. ഫ്രാന്‍സും ജര്‍മനിയും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. ടീമുകളും ഓരോ ഗോള്‍ വീതമടിച്ച് സമനില പാലിച്ച ആദ്യ പകുതിക്ക് ശേഷം പകരക്കാരനായി ബാറ്റിസ്റ്റണെ ഫ്രാന്‍സ് രംഗത്തിറക്കുന്നു. എന്നാല്‍ പത്ത് മിനുട്ടിനകം ജര്‍മന്‍ ഗോള്‍ മുഖത്ത് ഇരച്ചെത്തിയ ബാറ്റിസ്റ്റണ്‍ ഗോളി ഷുമാക്കറുടെ ഷോള്‍ഡര്‍ കൊണ്ടുള്ള ഇടിയേറ്റ് ബോധ രഹിതനായി നിലത്ത് വീണു. സഹായത്തിനായി പിടഞ്ഞു കൊണ്ടിരുന്ന ഫ്രഞ്ച് താരത്തെ തിരിഞ്ഞു നോക്കാന്‍ ജര്‍മന്‍കാര്‍ തയ്യാറായില്ല. ബാറ്റിസ്റ്റന്റെ മൂന്ന് വാരിയെല്ലും രണ്ടു പല്ലുമാണ് ആ ഇടിയില്‍ തകര്‍ന്നത്. ചോര പൊടിഞ്ഞ മത്സരം അതോടെ തീപാറി. ബാറ്റിസ്റ്റന്റെ പല്ലിന് പകരം ചോദിക്കാന്‍ പ്ലാറ്റിനിയും സംഘവും ഇരമ്പിയാര്‍ത്തതോടെ ഇരു ഗോള്‍മുഖവും വിറച്ചു. നിശ്ചിത സമയത്ത് ഗോള്‍ അകന്ന് നിന്നതോടെ മത്സരം അധിക സമയത്തേക്ക്. എക്സ്ട്ര ടൈമിന്റെ രണ്ടാം മിനുട്ടില്‍ തന്നെ ട്രേസര്‍ ജര്‍മന്‍ വലകുലുക്കി. അതോടെ പരിക്ക് മൂലം പുറത്തിരിക്കുകയായിരുന്ന ജര്‍മന്‍ ക്യാപ്റ്റന്‍ റുമനിഗെ ബൂട്ട്കെട്ടി. പക്ഷെ റുമനിഗെയ‌െയും ജര്‍മന്‍ ആരാധകരെയും ‍ഞെട്ടിച്ച് അലെയ്ന്‍ ജിറെസെയിലൂടെ ഫ്രാന്‍സ് ലീഡുയര്‍ത്തി സ്കോര്‍ 3-1,

പിന്നീട് നടന്നതെല്ലാം ചരിത്രം. സെവില്ലയിലെ 70000ത്തിലേറെ വരുന്ന കാണികള്‍ ശ്വാസം അടക്കിപ്പിടിച്ച നിമിഷങ്ങള്‍, നാല് മിനുട്ടിനകം റുമനിഗെ ഫ്രാന്‍സിന്റെ ലീഡ് ഒന്നായി കുറച്ചു. ഫൈനല്‍ സ്വപ്നം കണ്ട പ്ലാറ്റിനിയെയും സംഘത്തെയും അമ്പരപ്പിച്ച് ഫെച്ചര്‍ തന്റെ രണ്ടാം ഗോളിലൂടെ ജര്‍മനിയെ ഒപ്പമെത്തിച്ചു. അധിക സമയം പിന്നിടുമ്പോള്‍ മത്സരം 3-3 അതോടെ പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക്. ജര്‍മനിയുടെയും ഫ്രാന്‍സിന്റെയും ആദ്യ രണ്ട് കിക്കുകളും വലയില്‍. എന്നാല്‍ ജര്‍മനിയുടെ മൂന്നാം കിക്കെടുത്ത സ്റ്റീലികിന് പിഴച്ചു അതോടെ ഫ്രാന്‍സ് 3 ജര്‍മനി 2, എന്നാല്‍ നാലാം കിക്കില്‍ ദിദിയന്‍ സിക്സിന് പിഴച്ചതോടെ വീണ്ടും തുല്യത. ആകാംക്ഷയുടെയും ഉദ്വേഗത്തിന്റെയും നിമിഷങ്ങള്‍ അഞ്ചാം കിക്ക് ജര്‍മനിക്കായി റുമനിഗെയും ഫ്രാന്‍സിനായി പ്ലാറ്റിനിയും ലക്ഷ്യത്തിലെത്തിച്ചതോടെ മത്സരം സഡന്‍ഡെത്തിലേക്ക് . എന്നാല്‍ ആ സമ്മര്‍ദം താങ്ങാന്‍ ഫ്രഞ്ച് താരം മാക്സിം ബോസിനായില്ല.

മത്സരം ഫ്രാന്‍സ് തോറ്റു. ലോകകപ്പില്‍ എക്കാലത്തെയും മികച്ച പോരാട്ടങ്ങളിലൊന്നായിരുന്നു ഇത്. എന്നാല്‍ കളിയ്ക്ക് ശേഷം ബാറ്റിസ്റ്റനെ വീഴ്ത്തിയതില്‍ സങ്കടമില്ലെന്ന ജര്‍മന്‍ ഗോളി ഷുമാക്കറുടെ പ്രസ്താവന ഫ്രഞ്ച് ആരാധകരെ ചൊടിപ്പിച്ചു. ഫ്രാന്‍സിന്റെയും ജര്‍മനിയുടെയും ആരാധകര്‍ തെരുവില്‍ ഏറ്റമുമുട്ടുന്നത് വരെയെത്തി കാര്യങ്ങള്‍. ജര്‍മന്‍ ചാന്‍സലര്‍ ഹെല്‍മ്യൂറ്റ് ഷ്മിത്തും ഫ്രഞ്ച് പ്രസിഡന്റ് ഫ്രാഷ്വ മിറ്റെരാള്‍ഡും സംയുക്ത പ്രസ്താവന ഇറക്കിയാണ് പ്രശ്നം പരിഹരിച്ചത്. അതിന് ശേഷം 1986 ല്‍ ജര്‍മനിയോട് തോറ്റെങ്കിലും 82 ലെ തോല്‍വി ഇന്നും ഫ്രഞ്ചുകാരുടെ നെഞ്ചില്‍ കനലായി നീറുന്നുണ്ട്. ആ പരാജയത്തിന് കണക്ക് തീര്‍ക്കാനുള്ള അവസരം കൂടിയാണ് മാരക്കാന അവര്‍ക്ക് സമ്മാനിക്കുന്നത്.

Show More

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close