ചീഫ് ജസ്റ്റിസിന്റെ വിരമിക്കലിന് പിന്നാലെ ലോക്പാല്‍ നിയമന യോഗം: അഭ്യൂഹങ്ങളേറെ

supreme court india

ലോക്പാലിനെ തിരഞ്ഞെടുക്കുന്നതിനുള്ള സമിതിയുടെ യോഗവും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പി. സദാശിവത്തിന്റെ വിരമിക്കലും അടുത്തയാഴ്ച വരുന്നത് രാഷ്ട്രീയ-നിയമകാര്യ വൃത്തങ്ങളില്‍ ചര്‍ച്ചയായി.

യു. പി. എ. സര്‍ക്കാറിന്റെ കാലാവധി അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ ലോക്പാലിനെ തിരഞ്ഞെടുക്കാനുള്ള തീരുമാനത്തില്‍ മാറ്റമില്ലാതെ സര്‍ക്കാര്‍ മുന്നോട്ടു പോവുകയാണ്. ഇതിനിടയിലാണ് ലോക്പാല്‍ തിരഞ്ഞെടുപ്പുസമിതിയോഗം ചേരുന്നതിലെയും ചീഫ് ജസ്റ്റിസ് വിരമിക്കുന്നതിലെയും യാദൃച്ഛികത പുറത്തുവരുന്നത്.

ഏപ്രില്‍ 26-നാണ് ചീഫ് ജസ്റ്റിസ് സദാശിവം വിരമിക്കുന്നത്. ഈ സാഹചര്യത്തില്‍ സമിതിയോഗം തൊട്ടടുത്ത ദിവസങ്ങളില്‍ ചേരുന്നത് അദ്ദേഹത്തെ പരിഗണിക്കുന്നതിന് വേണ്ടിയാണെന്ന അഭ്യൂഹം നിയമ-രാഷ്ട്രീയ വൃത്തങ്ങളില്‍ ശക്തമായി.

ലോക്പാല്‍ തിരഞ്ഞെടുപ്പ് സമിതി വിളിച്ച നടപടി പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് ആരോപിച്ച് ബി.ജെ.പി. തിരഞ്ഞെടുപ്പ് കമ്മീഷനെയും രാഷ്ട്രപതിയെയും സമീപിച്ചു. രാഷ്ട്രീയ മര്യാദകേടാണ് സര്‍ക്കാറിന്റേതെന്ന് പാര്‍ട്ടി നേതാവ് അരുണ്‍ ജെയ്റ്റ്‌ലി കുറ്റപ്പെടുത്തി.
ലോക്പാല്‍ നിയമത്തിലെ വ്യവസ്ഥകള്‍ ചോദ്യം ചെയ്തുള്ള ഹര്‍ജി സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെയാണ് സര്‍ക്കാറിന്റെ നീക്കം. ഏപ്രില്‍ അവസാനയാഴ്ച വിളിച്ചിട്ടുള്ള യോഗം ചോദ്യം ചെയ്ത് മറ്റൊരപേക്ഷയും ഹര്‍ജിക്കാരായ സന്നദ്ധസംഘടന സുപ്രീം കോടതിയില്‍ നല്‍കിയിട്ടുണ്ട്.

ഏപ്രില്‍ 27-നോ 28-നോ തിരഞ്ഞെടുപ്പ് യോഗം ചേരാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഈ ദിവസങ്ങളില്‍ യോഗം ചേരുന്നതിനുള്ള സൗകര്യം അറിയിക്കണമെന്ന് സമിതി അധ്യക്ഷനായ പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് അംഗങ്ങള്‍ക്ക് 11-ാം തീയതി കത്തയച്ചിരുന്നു. സമിതിയിലെ ഒരംഗമായ പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ് മത്സരിക്കുന്ന മധ്യപ്രദേശിലെ വിദിഷയിലെ തിരഞ്ഞെടുപ്പ് 24-ന് വ്യാഴാഴ്ചയാണ്.

അഞ്ചോളം ജഡ്ജിമാര്‍ ലോക്പാലിലേക്ക് പരിഗണിക്കുന്നതിന് അപേക്ഷ നല്‍കിയിട്ടുണ്ട്. സമിതിയുടെ മുന്നില്‍ വരുന്ന പേരുകള്‍ മാത്രമേ പരിഗണിക്കാവൂവെന്ന് ലോക്പാല്‍ നിയമത്തില്‍ പറയുന്നില്ല. ലോക്പാല്‍ പദവിക്ക് യോഗ്യനാണെന്ന് കണ്ടാല്‍ ആരെ വേണമെങ്കിലും സമിതിക്ക് നിര്‍ദേശിക്കാം. ഇതാണ് ആദ്യത്തെ ലോക്പാല്‍ ആയി സദാശിവം വന്നേക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് വഴിവെച്ചത്.

തിരഞ്ഞെടുപ്പ് സമിതിക്ക് പരിഗണിക്കേണ്ട പേരുകള്‍ നിര്‍ദേശിക്കുന്നതിന് രൂപവത്കരിച്ച അന്വേഷണസമിതിയുടെ ചെയര്‍മാന്‍ പദവി റിട്ട.ജസ്റ്റിസ് കെ. ടി. തോമസും അംഗത്വം മുതിര്‍ന്ന അഭിഭാഷകന്‍ ഫാലി എസ്. നരിമാനും നിഷേധിച്ചിരുന്നു. തുടര്‍ന്ന് സമിതിക്ക് പുതിയ അധ്യക്ഷനെ കണ്ടെത്തിയിട്ടില്ല. അതിനിടയിലാണ് തിരഞ്ഞെടുപ്പ് സമിതിയോഗം തന്നെ വിളിച്ചു കൂട്ടുന്നത്.

അടുത്തയാഴ്ചത്തെ യോഗം ചോദ്യം ചെയ്ത്, ‘കോമണ്‍ കോസ്’ എന്ന സന്നദ്ധ സംഘടനയാണ് വീണ്ടും സുപ്രീം കോടതിയെ സമീപിച്ചത്. ലോക്പാല്‍ നിയമത്തിലെ വ്യവസ്ഥയ്‌ക്കെതിരെ നേരത്തെ ഇവര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ സര്‍ക്കാറിന് നോട്ടീസയച്ചിരുന്നു. ഇതിനിടയില്‍ വിളിച്ച യോഗം സ്റ്റേ ചെയ്യണമെന്നാണ് സംഘടന പുതിയ അപേക്ഷയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

സുഷമസ്വരാജ് പങ്കെടുക്കാന്‍ വിസമ്മതിച്ചാല്‍ യോഗം നടക്കാനിടയില്ല. ജഡ്ജിമാര്‍ ലോക്പാലിലേക്ക് പരിഗണിക്കുന്നതിന് സര്‍ക്കാറിന് അപേക്ഷയയച്ചതും നിയമവൃത്തങ്ങളില്‍ ചര്‍ച്ചയായിട്ടുണ്ട്. നിയമപരമായി ഇങ്ങനെ അപേക്ഷിക്കുന്നതിന് തടസ്സമില്ലെങ്കിലും ധാര്‍മികമായ പ്രശ്‌നമാണ് പലരും ഉന്നയിക്കുന്നത്.

പ്രധാനമന്ത്രിക്കും പ്രതിപക്ഷ നേതാവിനും പുറമെ, ലോക്‌സഭാ സ്പീക്കര്‍, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് നാമനിര്‍ദേശം ചെയ്ത ജഡ്ജി ജസ്റ്റിസ് എച്ച്. എല്‍. ദത്തു, മുതിര്‍ന്ന അഭിഭാഷകന്‍ പി. പി. റാവു എന്നിവരാണ് ലോക്പാല്‍ തിരഞ്ഞെടുപ്പ് സമിതിയിലുള്ളത്. പി. പി. റാവുവിനെ സമിതിയില്‍ അംഗമാക്കുന്നതിനെ സുഷമാ സ്വരാജ് എതിര്‍ത്തിരുന്നു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close