ചെങ്കോട്ട പിളര്‍ത്തി അര്‍ജന്റീന സെമിയില്‍

higwayne

സെമി ഫൈനല്‍ ലക്ഷ്യമിട്ടെത്തിയ റെഡ്‌ഡെവിള്‍സിനെ ഏക പക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ച് മെസിയും സംഘവും ലോകകപ്പിന്റെ സെമി ഫൈനലില്‍ ഇടം നേടി. ഗോണ്‍സാലോ ഹിഗ്വെയ്ന്‍ നേടിയ ഗോളാണ് അര്‍ജന്റീനയെ അവസാന നാലിലെത്തിച്ചത്. 24 വര്‍ഷത്തിന് ശേഷമാണ് അര്‍ജന്റീന ലോകകപ്പിന്റെ സെമി ഫൈനലിലെത്തുന്നത്. ബുധനാഴ്ച ഹോളണ്ടുമായാണ് അര്‍ജന്റീനയുെട മത്സരം. എട്ടാം മിനുട്ടിലാണ് കളിയുടെ വിധി കുറിച്ച ഗോള്‍ പിറന്നത്. ഗോള്‍ കണ്ടെത്താത്ത 4 മത്സരങ്ങള്‍ക്ക് ശേഷം ഗോണ്‍സോല ഹിഗ്വെയ്ന്റെ ബൂട്ടില്‍ നിന്നും അര്‍ജന്റീനയ്ക്കായി സുവര്‍ണ ഗോള്‍. മധ്യ നിരയില്‍ നിന്നും മെസി നല്‍കിയ പാസില്‍ നിന്നാണ് ഗോളിന്റെ തുടക്കം. പാസ് സ്വീകരിച്ച എയ്ഞ്ചല്‍ ഡി മരിയ സബേലയെ ലക്ഷ്യം വച്ച് മുന്നോട്ട് നല്‍കിയെങ്കിലും വെര്‍ട്ടോംഗന്റെ കാലില്‍ തട്ടിയ പന്ത് എത്തിച്ചേര്‍ന്നത് തക്കം പാര്‍ത്തിരുന്ന ഹിഗ്വെയ്ന്റെ കാലില്‍. ഞൊടിയിടല്‍ ബെല്‍ജിയം പോസ്റ്റിലേക്ക് ഉന്നംവെച്ച ഹിഗ്വെയ്ന്റെ കണക്കു കൂട്ടല്‍ തെറ്റിയില്ല. സ്കോര്‍ അര്‍ജന്റീന 1 ബെല്‍ജിയം 0

ആദ്യ പകുതിയില്‍ അര്‍ജന്റീനയ്ക്കായിരുന്നു മേധാവിത്വം. കളിയുടെ ഭൂരിഭാഗവും നിയന്ത്രിച്ചെങ്കിലും കൊംപാനിയുടെ നേതൃത്വത്തിലുള്ള ബെല്‍ജിയം പ്രതിരോധം ഇളയ്ക്കാന്‍ കരുത്തുള്ള നീക്കങ്ങള്‍ കുറവായിരുന്നു. പേശീ വലിവിനെ തുടര്‍ന്ന് കളം വിട്ട മരിയയുടെ അഭാവം അര്‍ജന്റീനയുടെ മുന്നേറ്റങ്ങലെ ബാധിച്ചു. മെസിയെ കൊംപാനിയും വെര്‍ട്ടംഗനും വാന്‍ബുയ്റ്റനും വളഞ്ഞതോടെ മരിയയുടെ അഭാവത്തില്‍ ഹിഗ്വെയ്നായിരുന്നു അര്‍ജന്റീനയുടെ കുന്തമുന.

രണ്ടാം പകുതിയില്‍ ബെല്‍ജിയം ഉണര്‍ന്ന് കളിച്ചപ്പോള്‍ മെല്ലെപ്പോക്ക് നയത്തിലായിരുന്നു അര്‍ജന്റീന. പഴുതുകളില്ലാതെ ടൂര്‍ണമെന്റില്‍ ആദ്യമായി അര്‍ജന്റീനയുടെ പ്രതിരോധം ശക്തമായപ്പോള്‍ ഹസാര്‍ഡും ഒറിഗിയും ഫെലെയ്നിയും മിറാലസും നടത്തിയ നീക്കങ്ങളുടെ മുനയൊടിഞ്ഞു. അര്‍ജന്റീനന്‍ ബോക്സ് വരെയേ ബെല്‍ജിയന്‍ മുന്നേറ്റങ്ങള്‍ നീണ്ടുള്ളൂ. അതിനപ്പുറം കടന്ന് ഗോളി റൊമീറോയെ പരീക്ഷിക്കാന്‍ ബെല്‍ജിയത്തിനായില്ല. അവസാന പത്ത് മിനുട്ടുകളില്‍ സമനിലയ്ക്കായി ബെല്‍ജിയം നടത്തിയ കടന്നാക്രമണങ്ങളും ഫലം കണ്ടില്ല. ഇതിനിടെ 55ാം മിനുട്ടില്‍ ലീഡുയര്‍ത്താന്‍ ഹിഗ്വെയ്ന് സുവര്‍ണാവസരം ലഭിച്ചു. മധ്യ വരയ്ക്ക് സമീപത്തുനിന്നും പന്തുമായി കുതിച്ച ഹിഗ്വെയ്ന്‍ ഗോളി മാത്രം മുന്നില്‍ നില്‍ക്കെ തൊടുത്ത ഷോട്ട് ക്രോസ് ബാറില്‍ തട്ടി പുറത്തേക്ക് തെറിച്ചു. ഇഞ്ചുറി ടൈമിന്റെ അവസാന മിനുട്ടിലാണ് ഇതിന് ശേഷം അര്‍ജന്റീനയ്ക്ക് ഒരു നല്ല ഗോളവസരം ലഭിച്ചത്. ഒരു പ്രത്യാക്രമണത്തില്‍ നിന്നും ലഭിച്ച പന്തുമായി കുതിച്ച മെസി ഗോള്‍ നേടുമെന്ന് ഉറപ്പിച്ചതായിരുന്നു. എന്നാല്‍ അഡ്വാന്‍സ് ചെയ്തുവന്ന ബെല്‍ജിയന്‍ ഗോളി കുര്‍ട്ട്വെയെ മറികടക്കാന്‍ മെസിക്കായില്ല.

Show More

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close