ചെങ്കോട്ട പൊളിക്കാന്‍ മെസിയും സംഘവും

ലോകകപ്പ് ഫുട്ബോളില്‍ ഇന്ന് നടക്കുന്ന ആദ്യ ക്വാര്‍ട്ടര്‍ ഫൈനലില്‍ അര്‍ജന്റീന ബെല്‍ജിയത്തെ നേരിടും. രാത്രി 9.30 ന് ബ്രസീലിയയിലാണ് മത്സരം. ബദ്ധവൈരികളായ ബ്രസീലിന്റെ മണ്ണില്‍ ലോകകിരീടം ലക്ഷ്യമിട്ടെത്തിയ നിലപ്പടയ്ക്ക് കിരീടപ്പോരാട്ടത്തിന് അവകാശവാദം ഉന്നയിക്കാന്‍ തക്ക പ്രകടനം ഇതുവരെ പുറത്തെടുക്കാനായിട്ടില്ല. പ്രീ ക്വാര്‍ട്ടറില്‍ സ്വിറ്റ്സര്‍ലാന്റിനോട് എക്സ്ട്രാ ടൈമിന്റെ അവസാന മിനുട്ടില്‍ എയ്ഞ്ചല്‍ ഡി മരിയ നേടിയ ഗോളിലാണ് അര്‍ജന്റീന രക്ഷപ്പെട്ടത്. മെസിയൊഴികെയുള്ള മുന്‍നിര താരങ്ങള്‍ക്ക് ഗോള്‍ കണ്ടെത്താനാവാത്തതാണ് പ്രധാന പ്രതിസന്ധി.

മെസിയെ കൂടാതെ അര്‍ജന്റീനന്‍ മുന്നേറ്റ നിര നേടിയ ഏക ഗോളായിരുന്നു മരിയയുടേത്. ഹിഗ്വെയ്നും ലവേസിക്കും ഇതുവരെ അക്കൗണ്ട് തുറക്കാനായിട്ടില്ല. പരിക്കേറ്റ അഗ്യൂറോയ്ക്ക് പകരം ലവേസിയ്ക്ക് കോച്ച് സബേല ഒരവസരം കൂടി നല്‍കിയേക്കും. മറുവശത്ത് പുത്തനുണര്‍വോടെയാണ് ബെല്‍ജിയം ഇറങ്ങുന്നത്.പ്രതിരോധത്തില്‍ നായകന്‍ കൊംപാനിക്കൊപ്പം പരിക്ക് മാറി തോമസ് വെന്‍മലയിന്‍ കൂടി ചേരുന്നതോടെ ചെങ്കോട്ട സുരക്ഷിതമാകും. മധ്യ നിരയില്‍ ഹസാര്‍ഡ്-വിറ്റ്സന്‍- ഫെലെയ്നി കൂട്ട് പ്രീ ക്വാര്‍ട്ടറില്‍ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. ആക്രമണനിരയില്‍ ഒറിഗിയ്ക്കൊപ്പം റൊമേലു ലുകാകുവിന് ആദ്യ ഇലവനില്‍ ഇടം ലഭിക്കും. അമേരിക്കയ്ക്കെതിരായ പ്രീ ക്വാര്‍ട്ടറില്‍ പകരക്കാരനായി ഇറങ്ങിയ ലുകാകുവായിരുന്നു ടീമിന്റെ വിജയ ശില്‍പി. പ്രതിരോധമാണ് അര്‍ജന്റീനയ്ക്ക് ആശങ്ക സൃഷ്ടിക്കുന്നത് ഫോമിലുള്ള റോയോ സസ്പെന്‍ഷന്‍ കാരണം പുറത്തിരിക്കുന്നതോടെ പിന്‍ നിരയില്‍ കാര്യങ്ങള്‍  സങ്കീര്‍ണമാകും. വിംഗുകളിലൂടെ മുന്നേറാന്‍ മിടുക്കരായ ലുകാകുവിനെയും ഫെലെയ്നിയെയും അര്‍ജന്റീന എങ്ങനെ നേരിടുമെന്ന് കണ്ടറിയണം. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ പന്തില്‍ ആധിപത്യം സ്ഥാപിച്ച് കളിച്ച ടീമാണ് അര്‍ജന്റീന, ബെല്‍ജിയമാകട്ടെ ഇക്കാര്യത്തില്‍ ഏറ്റവും പിന്നിലുമാണ്. ശരാശരി 65 ശതമാനത്തിന് മുകളില്‍ എല്ലാ മത്സരങ്ങളിലും അര്‍ജന്റീന പന്ത് കൈവശം വച്ചപ്പോള്‍ 40 ശതമാനത്തില്‍ താഴെ മാത്രമാണ് ബെല്‍ജിയത്തിന്റെ കൈവശം പന്ത് നിന്നത്. ഉറച്ച പ്രതിരോധവും പൊടുന്നനെയുള്ള ആക്രമണവുമാണ് അവരുടെ ശൈലി. 82 ല്‍ അര്‍ജന്റീനയെ അട്ടിമറിച്ച പെരുമയും ബെല്‍ജിയത്തിനുണ്ട്. എന്നാല്‍ ലിയൊണല്‍ മെസിയെന്ന ഇന്ദ്രജാലക്കാരന്റെ മികവില്‍ വെല്ലുവിളികള്‍ അതിജീവിക്കാനാകുമെന്നാണ് ആരാധകരുടെ കണക്ക് കൂട്ടല്‍

Show More

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close