ചൈനയില്‍ നിന്നുള്ള പാല്‍ ഉത്പന്നങ്ങള്‍ക്ക് നിരോധനം

ചൈനയില്‍ നിന്നുള്ള പാലിനും പാല്‍ ഉത്പന്നങ്ങള്‍ക്കും രാജ്യത്ത് വീണ്ടും നിരോധനം ഏര്‍പ്പെടുത്തി. വൃക്കകളെ സാരമായി ബാധിക്കുന്ന മെലാമിന്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് 2008ല്‍ ആണ് ആദ്യമായി ചൈനയില്‍ നിന്നുള്ള ഇത്തരം ഉത്പന്നങ്ങള്‍ നിരോധിച്ചത്. ലോകത്ത് മറ്റിടങ്ങളിലും നിരോധിച്ചതിന്റെ ഭാഗമായിട്ടായിരുന്നു ഇന്ത്യയിലും നിരോധനം . തുടര്‍ന്ന് വിവിധ വര്‍ഷങ്ങളില്‍ വീണ്ടും നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. മെലാമിന്‍ ഇല്ലെന്നുള്ള വിശ്വസനീയ റിപ്പോര്‍ട്ടുകള്‍ ലഭ്യമല്ലാത്തതിനാലാണ് ഇക്കഴിഞ്ഞ 23 മുതല്‍ ഒരു വര്‍ഷത്തേക്ക് കൂടി നിരോധനം നീട്ടിയത്.

ചൈനയില്‍ നിന്ന് പാല്‍, പാല്‍ ഉത്പന്നങ്ങള്‍, പാല്‍ ഘടകമായി വരുന്ന ചോക്ക്‌ളേറ്റുകള്‍ തുടങ്ങിയവ ഇറക്കുമതി ചെയ്യുന്നതിന് നിരോധമേര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും മറ്റ് ചൈനീസ് ഉത്പന്നങ്ങള്‍ എത്തുന്നതുപോലെ ചോക്ക്‌ളേറ്റ് ഉള്‍പ്പടെയുള്ളവയും സംസ്ഥാനത്ത് എത്തുന്നതായാണ് സൂചന. മറ്റ് രാജ്യങ്ങള്‍ വഴി കടത്തിക്കൊണ്ടുവരുന്ന വിവിധതരം ചൈനീസ് ചോക്ക്‌ലേറ്റുകളാണ് വിവിധ വില്‍പ്പനകേന്ദ്രങ്ങളിലൂടെ വിറ്റഴിക്കപ്പെടുന്നത്. എന്നാല്‍ ചൈനീസ് ചോക്ക്‌ളേറ്റുകളും മറ്റ് പാലുത്പന്നങ്ങള്‍ക്കും നിരോധനമുണ്ടെന്നറിയാതെ തന്നെയാണ് ഇവ ഇന്ത്യയിലേക്ക് എത്തുന്നതെന്നും അധികൃതര്‍ സൂചിപ്പിക്കുന്നു.

മെലാമിന്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് ലോകത്ത് ഇരുപതോളം രാജ്യങ്ങളാണ് ചോക്ക്‌ളേറ്റ് ഉള്‍പ്പടെയുള്ള ചൈനീസ്‌ െഡയറി ഉത്പന്നങ്ങള്‍ക്ക് 2008ല്‍ നിരോധനമേര്‍പ്പെടുത്തിയത്. ചൈനയില്‍ ഒരു പ്രവിശ്യയിലെ കുട്ടികളില്‍ വൃക്കരോഗം കൂടുതലായി കണ്ടെത്തിയതിനെത്തുടര്‍ന്നുള്ള പരിശോധയായിരുന്നു പാലിലും പാല്‍ ഉത്പന്നങ്ങളിലും മെലാമിന്‍ കണ്ടെത്താന്‍ ഇടയാക്കിയത്. പ്ലാസ്റ്റിക്കിന്റെ മറ്റൊരു രൂപം ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന മെലാമിന്‍ എന്ന രാസവസ്തുവിന്റെ സാന്നിധ്യം ഉത്പന്നത്തിലെ കൊഴുപ്പിന്റെ സാന്നിധ്യം വര്‍ധിപ്പിച്ചിരുന്നു. ഇതാണ് മെലാമിന്‍ പാലിലും പാല്‍ ഉത്പന്നങ്ങളിലും ഉപയോഗിക്കാന്‍ കാരണമായത്. ചൈനയില്‍ വലിയ ചലനമുണ്ടാക്കിയ ഭക്ഷ്യ സുരക്ഷാ പ്രശ്‌നമായിരുന്നു ഇത്.

കേന്ദ്ര സര്‍ക്കാര്‍ ഇത്തരം ഉത്പന്നങ്ങളുടെ നിരോധനം നീട്ടിയത് സംബന്ധിച്ച് ഫുഡ് ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിട്ടി ഒഫ് ഇന്ത്യ വിവിധ സംസ്ഥാനങ്ങളിലെ ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close