ജഡ്ജി നിയമനം: സര്‍ക്കാരിനെതിരെ ചീഫ് ജസ്റ്റിസ്

rm lodha

മുതിര്‍ന്ന അഭിഭാഷകന്‍ ഗോപാല്‍ സുബ്രഹ്മണ്യത്തെ സുപ്രീം കോടതിയില്‍ ജഡ്ജിയാക്കാനുള്ള ശുപാര്‍ശ തള്ളിയ മോദി സര്‍ക്കാരിന്റെ നടപടിയെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പരസ്യമായി വിമര്‍ശിച്ചു. സര്‍ക്കാരിന്റെ നടപടി ഏകപക്ഷീയവും അനുചിതവുമായിരുന്നെന്നും ജുഡീഷ്യറിയുടെ സ്വതന്ത്ര സ്വഭാവം അടിയറവയ്ക്കില്ലെന്നും ചീഫ് ജസ്റ്റിസ് രാജേന്ദ്ര മാല്‍ ലോധ പറഞ്ഞു.

ജഡ്ജി നിയമനമെന്ന രഹസ്യ സ്വഭാവമുള്ള നടപടിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ സര്‍ക്കാരിനെതിരെ ചീഫ് ജസ്റ്റിസ് തന്നെ പരസ്യവിമര്‍ശനമുന്നയിക്കുന്നത് അത്യപൂര്‍വ നടപടിയാണ്. ജുഡീഷ്യറിയുടെ സ്വതന്ത്രസ്വഭാവം എടുത്തു പറഞ്ഞ് ചീഫ് ജസ്റ്റിസ് തന്നെ രംഗത്തുവന്നത് ഭരണത്തില്‍ ഒരു മാസം മാത്രം പിന്നിട്ട മോദി സര്‍ക്കാരിന് കനത്ത പ്രഹരമായി.

കല്‍ക്കട്ട ഹൈക്കോടതി ചീഫ് ജസ്റ്റിസ് അരുണ്‍ മിശ്ര, ഒഡീഷ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആദര്‍ശ് കുമാര്‍ ഗോയല്‍, യുപിഎ സര്‍ക്കാരിന്റെ കാലത്ത് സോളിസിറ്റര്‍ ജനറല്‍മാരായിരുന്ന ഗോപാല്‍ സുബ്രഹ്മണ്യം, റോഹിന്റന്‍ നരിമാന്‍ എന്നിവരെ സുപ്രീം കോടതിയില്‍ ജഡ്ജിമാരാക്കാമെന്നാണ് ചീഫ് ജസ്റ്റിസ് ലോധ അധ്യക്ഷനായ സുപ്രീം കോടതി കൊളീജിയം സര്‍ക്കാരിനോടു ശുപാര്‍ശ ചെയ്തത്.

എന്നാല്‍ ഗോപാലിന്റെ പേര് ഒഴിവാക്കി ജഡ്ജി നിയമന നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോയി . ഗോപാലിനെതിരെ ഇന്റലിജന്‍സ് ബ്യൂറോയുടെയും സിബിഐയുടെയും റിപ്പോര്‍ട്ടുകളുണ്ടെന്ന കാരണം പറഞ്ഞാണ് അദ്ദേഹത്തിന്റെ പേര് ഒഴിവാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

സര്‍ക്കാരിന്റെ വിമര്‍ശനത്തിനെതിരെ നിലപാടെടുക്കാന്‍ ചീഫ് ജസ്റ്റിസ് തയാറായില്ലെന്ന് ഗോപാല്‍ പിന്നീട് വിമര്‍ശിച്ചു. ജഡ്ജിയാകാനുള്ള സമ്മതം പിന്‍വലിക്കുകയാണെന്ന് വ്യക്തമാക്കി ഗോപാല്‍, ചീഫ് ജസ്റ്റിസിന് ഒന്‍പതു പേജുള്ള കത്തെഴുതി . ചീഫ് ജസ്റ്റിസിനു ലഭിക്കുന്നതിനു മുമ്പുതന്നെ കത്ത് മാധ്യമങ്ങളിലൂടെ പരസ്യമായിരുന്നു. ചീഫ് ജസ്റ്റിസ് ലോധ വിരമിക്കുന്നതുവരെ താന്‍ സുപ്രീം കോടതിയില്‍ കേസുകള്‍ വാദിക്കില്ലെന്നും ഗോപാല്‍ പിന്നീടു വ്യക്തമാക്കി .

സെപ്റ്റംബര്‍ 27നാണ് ചീഫ് ജസ്റ്റിസ് ലോധ വിരമിക്കുന്നത്. ഇന്നലെ, സുപ്രീം കോടതിയിലെ ജസ്റ്റിസ് ബി.എസ്.ചൌഹാന്റെ യാത്രയയപ്പു സമ്മേളനത്തില്‍ സര്‍ക്കാരിനെ മാത്രമല്ല, ഗോപാലിന്റെ നടപടിയെയും ചീഫ് ജസ്റ്റിസ് വിമര്‍ശിച്ചു. സുപ്രീം കോടതി തനിക്കായി നിലകൊണ്ടില്ലെന്ന ഗോപാലിന്റെ ആരോപണം നടുക്കമുണ്ടാക്കി . ഗോപാലിന്റെ പേര് ഒഴിവാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് ഏകപക്ഷീയമായും എന്റെ അറിവും സമ്മതവുമില്ലാതെയുമാണ്. ജുഡീഷ്യറിയുടെ സ്വതന്ത്ര സ്വഭാവം അടിയറ വയ്ക്കില്ലെന്ന് രാജ്യത്തെ 120 കോടി ജനങ്ങള്‍ക്കു ഞാന്‍ ഉറപ്പു നല്‍കുന്നു. ജുഡീഷ്യറിയുടെ സ്വാതന്ത്യ്രം അടിയറവയ്ക്കേണ്ടിവന്നാല്‍ സ്ഥാനമൊഴിയുന്ന ആദ്യ വ്യക്തി ഞാനാവും – ചീഫ് ജസ്റ്റിസ് പറഞ്ഞു.

താന്‍ വിദേശത്താണെന്നും മടങ്ങിവരുന്നതുവരെ കാത്തിരിക്കണമെന്നും ഗോപാലിനോടു ചീഫ് ജസ്റ്റിസ് അഭ്യര്‍ഥിച്ചിരുന്നു. ജഡ്ജിയാകാനുള്ള സമ്മതം പിന്‍വലിക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്നും ഗോപാലിനോട് ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടു. എന്നാല്‍, നിലപാടില്‍ മാറ്റമില്ലെന്നു വ്യക്തമാക്കുന്ന ആറു വരി കത്താണ് ഗോപാലില്‍നിന്നു തനിക്കു ലഭിച്ചതെന്നും അതിനാലാണ് അദ്ദേഹത്തിന്റെ പേര് വീണ്ടും നിര്‍ദേശിക്കാതിരുന്നതെന്നും ചീഫ് ജസ്റ്റിസ് വെളിപ്പെടുത്തി.

സുപ്രീം കോടതി കൊളീജിയം ശുപാര്‍ശ ചെയ്യുന്ന പേര് സര്‍ക്കാര്‍ തള്ളിക്കളഞ്ഞാല്‍ വീണ്ടും അതേ പേരു തന്നെ നിര്‍ദേശിക്കാനാവും. കൊളീജിയം അങ്ങനെ ചെയ്താല്‍ നിര്‍ദേശം അംഗീകരിക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണ്. എന്നാല്‍, തന്റെ പേരിലുണ്ടായ വിവാദം കണക്കിലെടുത്താണ് ഗോപാല്‍ സുബ്രഹ്മണ്യം പിന്മാറിയതെന്നാണ് സൂചന. ജഡ്ജിയാകുള്ള സമ്മതം ഗോപാല്‍ പിന്‍വലിച്ചില്ലായിരുന്നെങ്കില്‍ അദ്ദേഹത്തിന്റെ പേര് വീണ്ടും നിര്‍ദേശിക്കാനാണ് കൊളീജീയം ആലോചിച്ചതെന്ന് സുപ്രീം കോടതി വൃത്തങ്ങള്‍ പറഞ്ഞു.

യുപിഎ സര്‍ക്കാരിന്റെ കാലത്താണ് ഗോപാല്‍ ഉള്‍പ്പെടെ നാലു പേരെ ജഡ്ജിമാരാക്കാന്‍ കൊളീജിയം ശുപാര്‍ശ ചെയ്തത്. പൊതു തിരഞ്ഞെടുപ്പു വന്നതിനാല്‍ യുപിഎ സര്‍ക്കാര്‍ തീരുമാനമെടുത്തില്ല.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close